2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഉവൈസിയുടെ വാഹനത്തിന് നേരെ ആക്രമണം ആസൂത്രണം ചെയ്തതാര്? ഉത്തരം തരുമോ യു.പി തെരഞ്ഞെടുപ്പ്

ന്യൂഡൽഹി
ഉത്തർപ്രദേശിലെ ഹാപ്പൂരിൽ വാഹനത്തിന് നേരെയുണ്ടായ വെടിവയ്‌പോടെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ചർച്ചകളിൽ പൊടുന്നനെ ഉയർന്നു വന്നിരിക്കുകയാണ് അസദുദ്ദീൻ ഉവൈസിയും അദ്ദേഹത്തിന്റെ പാർട്ടിയായ ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ് ലിമീനും. ഉവൈസിയുടെ പാർട്ടി യു.പിയിൽ 100 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

നിലവിൽ 66 സീറ്റുകളിലാണ് ഉവൈസി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതെല്ലാം മുസ് ലിം വോട്ടുകൾ നിർണായകമായ മണ്ഡലങ്ങളിലാണ്. ഇതാകട്ടെ ഇത്തവണ എസ്.പിക്കൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്ന മുസ് ലിം വോട്ടുകൾ വിഭജിക്കുകയാണ് ചെയ്യുക.
പുതിയ നീക്കത്തോടെ ഉവൈസിയുടെ പാർട്ടി ബി.ജെ.പിയുടെ ബി ടീമാണെന്ന ആക്ഷേപം കൂടുതൽ ശക്തമാകുകയാണ് .

ഉവൈസിക്കെതിരായ ആക്രമണം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വർഗീയ വിഭജനത്തിനായി ബി.ജെ.പി ക്യാംപിൽ നിന്ന് തന്നെ ആസൂത്രണം ചെയ്തതാണെന്ന സംശയമുയർന്നിട്ടുണ്ട്. കേസിൽ അറസ്റ്റിലായ സച്ചിൻ ശർമ്മയ്ക്ക് ബി.ജെ.പി നേതൃത്വവുമായുള്ള ബന്ധമാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. ശർമ്മയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ അയാൾ ബി.ജെ.പി അംഗമാണെന്ന് പറയുന്നുണ്ട്. അതോടൊപ്പം മുതിർന്ന ബി.ജെ.പി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഫേസ്ബുക്കിലുണ്ട്.
ആക്രമണത്തിന് പിന്നാലെ ഉവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ വിഷയം ഏറ്റെടുത്തിരുന്നു. എന്നാൽ സുരക്ഷാ വാഗ്ദാനം ഉവൈസി തള്ളി. 2020ലെ ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ഉവൈസിയുടെ പാർട്ടി യു.പിയിൽ അടിത്തറയുണ്ടാക്കാനുള്ള കടുന്ന പരിശ്രമത്തിലാണ്. ഇതിനായി ഉവൈസി നിരന്തരം പാർട്ടി യോഗങ്ങൾ നടത്തി വരുന്നുണ്ട്.

10 സീറ്റുകളിലെങ്കിലും ഫലത്തെ സ്വാധീനിക്കാൻ ഉവൈസിയുടെ പാർട്ടിക്ക് നിലവിൽ യു.പിയിൽ കഴിയും. മത്സരിക്കുന്ന മണ്ഡലങ്ങളിൽ പതിനായിരം വോട്ടുകൾ ഉവൈസിയുടെ പാർട്ടിക്ക് നേടാനായാൽ അത് എസ്.പി വോട്ടിൽ നിന്നാണ് കുറയുക. അങ്ങനെ വന്നാൽ ഈ സീറ്റുകളിൽ ബി.ജെ.പിക്കാകും നേട്ടം.

2017ലെ തെരഞ്ഞെടുപ്പിൽ 38 സീറ്റുകളിൽ മത്സരിച്ച ഉവൈസിയുടെ പാർട്ടി എല്ലാ സീറ്റുകളിലും തോറ്റെങ്കിലും സാംബലിൽ അരലക്ഷത്തിലധികം വോട്ടുകൾ നേടി. പൗരത്വവിരുദ്ധ സമരം യു.പിയിൽ ഉവൈസിക്ക് ഗുണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ് ലിമീന്റെ 23 സ്ഥാനാർഥികൾ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചിരുന്നു. എന്തിന്റെ പേരിലായാലും യു.പിയിൽ വർഗീയ വിഭജനമുണ്ടാക്കുന്നത് ബി.ജെ.പിക്കാണ് ഗുണം ചെയ്യുക.
ഉവൈസിക്കെതിരായ വെടിവയ്പ്പിന് പിന്നിൽ ആരെന്നതിനുത്തരം യു.പി തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News