2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

Editorial

ന്യൂനപക്ഷ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിഷേധിക്കരുത്


ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിലെ നിശ്ചിത വരുമാന പരിധിയിലുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കു ലഭിച്ചിരുന്ന പ്രീമെട്രിക് സ്‌കോളർഷിപ്പ് കേന്ദ്രസർക്കാർ നിർത്തലാക്കിയിരിക്കുകയാണ്. ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ നടന്നുവന്നിരുന്ന സ്‌കോളർഷിപ്പ് നടപ്പ് അധ്യയന വർഷം മുതലാണ് നിർത്തലാക്കിയത്. ഒമ്പത്, പത്ത് ക്ലാസുകളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ ദരിദ്ര കുട്ടികളുടെ പ്രാഥമികവിദ്യാഭ്യാസം മുടങ്ങിപ്പോകാതിരിക്കാനും വിദ്യാലയങ്ങളിലേക്ക് ആകർഷിക്കാനും മറ്റുള്ളവർക്കൊപ്പം ഉയർത്തിക്കൊണ്ടുവരാനും വേണ്ടിയായിരുന്നു ഭരണഘടനാ ശിൽപികൾ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഏർപ്പെടുത്തിയത്.

സംവരണത്തെ തുടക്കം മുതൽ അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമം ആരംഭിച്ചിരുന്നു. ഇപ്പോൾ സവർണ വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഭരണകൂടം പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം അട്ടിമറിക്കുകയും വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഒരോന്നായി നിഷേധിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. സ്‌കോളർഷിപ്പ് നിർത്തലാക്കാനുള്ള കാരണമായി സർക്കാർ പറയുന്നത് എല്ലാ സർക്കാർ വിദ്യാലയങ്ങളിലും പ്രീ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാണെന്നും അതിനാൽ സ്‌കോളർഷിപ്പിന്റെ ആവശ്യമില്ലെന്നുമാണ്. അംഗീകരിക്കാനാവാത്ത നിഗമനമാണിത്. ബിരുദ ബിരുദാനന്തര കോഴ്‌സുകളിലുള്ള വിദ്യാർഥികൾക്ക് നൽകിയിരുന്ന പോസ്റ്റ് മെട്രിക് തുകയും വെട്ടിക്കുറച്ചിട്ടുണ്ട്. ആ കോഴ്‌സുകൾ സൗജന്യമായല്ലല്ലോ പഠിപ്പിക്കുന്നത്.
സ്‌കോളർഷിപ്പ് പദ്ധതി നിലവിൽവന്നതിന് ശേഷം പ്രാഥമിക ഘട്ടത്തിൽ സ്‌കൂൾ പഠനത്തിൽനിന്ന് കുട്ടികൾ കൊഴിഞ്ഞുപോകുന്നതിൽ വലിയ തോതിൽ കുറവുണ്ടായിരുന്നു. ദാരിദ്ര്യത്താലും പട്ടിണിയാലും പ്രയാസമനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിപ്പോകാതിരിക്കാൻ ആ വിഷ്‌ക്കരിക്കപ്പെട്ട പദ്ധതി നിർത്തലാക്കുന്നതിലൂടെ നിരക്ഷരരായ വലിയ വിഭാഗം കുട്ടികൾ വളർന്നുവരാനുള്ള സാധ്യത ഏറെയാണ്. തുച്ഛമായ തുകയാണ് സ്‌കോളർഷിപ്പെങ്കിലും മാസംതോറും കിട്ടിയിരുന്ന ഈ ചെറിയ തുകയായിരുന്നു ദരിദ്ര കുട്ടികളുടെ വിദ്യാഭ്യാസത്തിന് താങ്ങായിരുന്നത്. അത് നിർത്തലാക്കുന്നതോടെ ഈ കുട്ടികൾ വീണ്ടും വിദ്യാലയങ്ങളിൽ നിന്നകലും. സമൂഹത്തിനും രാഷ്ട്രത്തിനും ഭാരമായിത്തീരുകയും ചെയ്യും.

കേരളത്തിലെ മുസ്‌ലിം കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഗുണകരമായ മാറ്റം സൃഷ്ടിക്കാൻ കേന്ദ്ര ന്യൂനപക്ഷമന്ത്രാലയത്തിന് കീഴിലുള്ള ഈ സ്‌കോളർഷിപ്പ് പദ്ധതികൊണ്ട് കഴിഞ്ഞിരുന്നു. പദ്ധതി നിർത്തലാക്കുന്നതോടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിലെ ദരിദ്ര മുസ്‌ലിം കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസമായിരിക്കും മുടങ്ങുക. 9, 10 ക്ലാസുകളിൽ മാത്രമായി സ്‌കോളർഷിപ് പരിമിതപ്പെടുത്തുന്നത് വലിയ ഗുണം ചെയ്യില്ല. പ്രാഥമികഘട്ടത്തിൽ പഠനം തുടരാൻ കഴിയാതെ കൊഴിഞ്ഞുപോക്കു സംഭവിക്കുമ്പോൾ എങ്ങനെയാണവർ ഒമ്പതും പത്തും ക്ലാസുകളിൽ എത്തുക. മാത്രമല്ല, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് നൽകിയിരുന്ന കേന്ദ്രവിഹിതം 50 ശതമാനത്തിൽ നിന്ന് 40 ശതമാനമായി വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്.
സ്‌കോളർഷിപ്പ് കേന്ദ്രം നിർത്തലാക്കിയെങ്കിലും വിദ്യാഥികളെ സംസ്ഥാന സർക്കാർ കൈവിടില്ലെന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. മുഖ്യമന്ത്രിയുമായി ആലോചിച്ചതിന് ശേഷം തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

2014-15 വർഷം മുതൽ 2021-22 വരെയുള്ള വർഷത്തിനിടയിൽ കേന്ദ്ര സർക്കാരിന് ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ് കൊടുക്കാൻ ചെലവായത് 9057.08 കോടി രൂപയാണ്. കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച രേഖയിലാണ് ഈ വിവരമുള്ളത്. 5.20 കോടി വിദ്യാർഥികൾക്ക് ഈ സംഖ്യ ചെലവാക്കൽ കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് ഭീമ ചെലവല്ല. എത്രയോ കോർപറേറ്റുകളുടെ ശതകോടികളുടെ ബാധ്യതകളാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് എഴുതിത്തള്ളിയത്. നിർധന വിദ്യാർഥികളുടെ അവകാശമായ തുച്ഛ സംഖ്യ ലാഭിച്ച് എത്ര കോടികളാണ് സർക്കാരിനു സമ്പാദിക്കാനാവുക.

ബി.ജെ.പിയുടെ സമുന്നത നേതാവ് എൽ.കെ അദ്വാനി വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ സത്യത്തെ കേന്ദ്ര സർക്കാർ ഇപ്പോൾ നിഷേധിക്കുകയാണ്. ‘വിദ്യാഭ്യാസം നേടിയാൽ മാത്രമേ മുസ്‌ലിംകളുടെ സ്ഥിതിയിൽ മാറ്റം വരൂ’ എന്ന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. പഴയരേഖകൾ പരിശോധിച്ചാൽ ഈ പ്രസ്താവന കാണാൻ കഴിയും. സച്ചാർ കമ്മിറ്റി കണ്ടെത്തിയ ‘രാജ്യത്തെ ദലിത് വിഭാഗങ്ങളെക്കാളും ദയനീയമാണ് മുസ്‌ലിംകളുടെ അവസ്ഥ’ എന്ന യാഥാർഥ്യത്തെ അതിനും മുമ്പെ അംഗീകരിക്കുകയായിരുന്നു എൽ.കെ അദ്വാനി. സച്ചാർ കമ്മിറ്റി മുസ്‌ലിംകൾക്ക് ശുപാർശ ചെയ്ത നൂറ് ശതമാനം വിദ്യാഭ്യാസ സ്‌കോളർഷിപ്പ് കേരളത്തിൽ പോലും അട്ടിമറിക്കപ്പെട്ടു. പിന്നോക്ക വിഭാഗങ്ങളുടെ സ്‌കോളർഷിപ്പ് ഇല്ലാതാക്കിയതിന് പിന്നാലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രീമെട്രിക് സ്‌കോളർഷിപ്പും നിഷേധിക്കപ്പെട്ടിരിക്കുന്നു. കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം നിർത്തലാക്കാൻ പാടില്ലെന്ന പ്രാഥമിക തത്വമാണിവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.

വളരെ ബുദ്ധിമുട്ടിയാണ് രക്ഷിതാക്കൾ സ്‌കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിച്ചത്. അപേക്ഷകളെല്ലാം സ്വീകരിച്ചതിനുശേഷം സ്‌കോളർഷിപ്പ് നിർത്തലാക്കിയത് ക്രൂരതയാണ്. കേരളത്തിൽ മാത്രം 1.25 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. ബൗദ്ധികതലത്തിൽ ഇന്ത്യക്ക് ഉയരാൻ മിടുക്കരായ പ്രതിഭകളെ സംഭാവന ചെയ്യാനുള്ള അവസരവും കൂടിയാണ് സ്‌കോളർഷിപ്പ് നിഷേധത്തിലൂടെ കേന്ദ്ര സർക്കാർ ഇല്ലാതാക്കുന്നത്. പ്രതിഭാധനരായ വിദ്യാർഥികൾക്ക് പഠിച്ചുയരാനും അവരുടെ കഴിവും സാമർഥ്യവും രാജ്യത്തിന് ഉപയോഗപ്പെടുത്താനും കൊടുത്തുകൊണ്ടിരുന്ന സ്‌കോളർഷിപ്പ് പോലുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അല്ലാതെ മുളയിലേ നുള്ളിക്കളയുകയല്ല. സർക്കാർ തീരുമാനം പുനഃപരിശോധിച്ച് നിർത്തലാക്കിയ പ്രീമെട്രിക് സ്‌കോളർഷിപ്പ് പുനഃസ്ഥാപിക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.