കല്‍പ്പറ്റ: കോളജുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പുതിയ കോഴ്‌സുകളുടെ കണക്കിലും വിദ്യാഭ്യാസ രംഗത്തും മലബാറിന് അര്‍ഹിച്ച പരിഗണനയില്ലെന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതായി.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം 27 കോളജുകളില്‍ പുതിയ ഡിഗ്രി, പി.ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതിയുണ്ട്. ഇതില്‍ എട്ടെണ്ണം മാത്രമാണ് മലബാറില്‍ നിന്നുള്ളത്. ബാക്കി 19 ഉം തെക്കന്‍ ജില്ലകളിലേതാണ്. ഈ വേര്‍തിരിവ് ചൂണ്ടിക്കാട്ടുന്നത് മലബാര്‍ മേഖലയോട് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ വിവേചനം കാട്ടുന്നുവെന്നാണ്.
ഇന്നലെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ സര്‍ക്കാര്‍, എയിഡഡ് കോളജുകളില്‍ 2020-21 വര്‍ഷം പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി. മലബാറില്‍ എട്ട് കോളജുകള്‍ക്ക് കോഴ്‌സുകള്‍ ലഭിച്ചപ്പോള്‍ കേരളയിലെ ഒന്‍പത് കോളജുകള്‍ക്കും എം.ജിയിലെ 10 കോളജുകള്‍ക്കും പുതിയ കോഴ്‌സുകള്‍ അനുവദിച്ചു. കാലിക്കറ്റിനു കീഴിലെ ഏഴ് കോളജുകളില്‍ കോഴ്‌സുകള്‍ നല്‍കിയപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ ഒരു കോളജിന് മാത്രമാണ് കോഴ്‌സ് ലഭിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉന്നതവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 197 കോഴ്‌സുകളില്‍ 74 എണ്ണം മാത്രമാണ് മലബാറിന് നല്‍കിയത്. ബാക്കി 123 ഉം തെക്കന്‍ മേഖലയിലെ കോളജുകള്‍ക്കായിരുന്നു. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് മലബാറിനോടുള്ള സര്‍ക്കാരുകളുടെ വിവേചനം സാമൂഹിക പ്രവര്‍ത്തകര്‍ തുറന്നുകാട്ടുന്നത്. എയ്ഡഡ്, സര്‍ക്കാര്‍ മേഖലകളില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളും കുറവ്.
കേരളത്തിലെ നാല് സര്‍വകലാശാലകളിലായി അഫിലിയേറ്റ് ചെയ്ത 190 സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 60 എണ്ണമാണ് മലബാറില്‍. ബാക്കി 130 ഉം തെക്കന്‍ കേരളത്തിലാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മലബാറില്‍ വിദ്യാഭ്യാസ ജില്ലകളുടെയും ഉപജില്ലകളുടെയും എണ്ണവും തെക്കന്‍മേഖലയെ അപേക്ഷിച്ച് കുറവാണ്. മേല്‍നോട്ടം വഹിക്കേണ്ട സ്‌കൂളുകളുടെ അമിതമായ എണ്ണം വിദ്യാഭ്യാസ പ്രവര്‍ത്തനത്തെയും പദ്ധതി നടത്തിപ്പിനെയും വിശകലനങ്ങളെയും ബാധിക്കുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ സ്ഥാപനങ്ങളുടെ എണ്ണത്തിലും ഏറെ പിന്നിലാണ് മലബാര്‍. ഇതെല്ലാം ചൂണ്ടിക്കാട്ടി മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റ് എന്ന പേരില്‍ പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍.
Comments are closed for this post.