2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മൂന്നാം കണ്ണ്

മാനുഷിക മുഖങ്ങളെ തേടിയുള്ള യാത്രയായിരുന്നു ജൂലൈ 16ന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ സംഘര്‍ഷഭൂമിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദാനിഷ് സിദ്ദീഖിന്റേത്. റോയിറ്റേര്‍സിന്റെ മള്‍ട്ടിമീഡിയ ചീഫായിരുന്ന സിദ്ദീഖി, നാല്‍പത്തൊന്നു വയസിനിടെ ബാക്കിവച്ചത്കനപ്പെട്ട ഫ്രെയിമുകള്‍

റസാഖ് എം. അബ്ദുല്ല

ദാനിഷ് സിദ്ദീഖിയുടെ ജീവിതത്തിന്റെ അവസാനഫ്രെയിമുകളിലേക്ക് ഷട്ടറുകളേക്കാള്‍ വേഗമായിരുന്നു. കുറച്ചുദിവസങ്ങളായി, കലുഷിതമായ അഫ്ഗാന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ ചിത്രങ്ങള്‍ക്കു പിന്നാലെയായിരുന്നു സിദ്ദീഖി. ’15 മണിക്കൂറുകളായി തുടരെത്തുടരെയുള്ള മിഷനുകള്‍ക്കൊടുവില്‍ 15 മിനിറ്റ് ഇടവേള കിട്ടിയിരിക്കുന്നു’- ദാനിഷ് സിദ്ദീഖിയുടെ അവസാന ട്വീറ്റുകളിലൊന്നില്‍ പറയുന്നു. സിദ്ദീഖിയിപ്പോള്‍ പൂര്‍ണവിശ്രമമെടുത്തിരിക്കുന്നു, നിരവധി മാനുഷിക മുഖങ്ങളെ ലോകത്തിനു മുന്നില്‍ തെളിച്ചത്തോടെ കാട്ടിയ ഫ്രെയിമുകള്‍ ബാക്കിയാക്കി…

   

വേദനിക്കുന്ന മുഖങ്ങളില്‍
മിന്നിയ ഷട്ടറുകള്‍

കായികം, രാഷ്ട്രീയം, സാമ്പത്തികം, തുടങ്ങി മനോഹര ചിത്രങ്ങളും സിദ്ദീഖിയുടെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. പക്ഷേ, സിദ്ദീഖി അതിലൊന്നുമായിരുന്നില്ല തൃപ്തന്‍. ‘സംഘര്‍ഷങ്ങളില്‍ പെട്ടുലയുന്ന മനുഷ്യമുഖങ്ങളെ പകര്‍ത്താനാണ് എനിക്കാഗ്രഹം’- തന്റെ നിലപാട് സിദ്ദീഖി ഒരിക്കല്‍ വ്യക്തമാക്കി. അത്തരം ചിത്രങ്ങള്‍ തന്നെയാണ് സിദ്ദീഖിയിലൂടെ ലോകം കണ്ടത്.
‘ഒരാള്‍ക്ക് എത്തിപ്പെടാനാവാത്ത സ്ഥലത്ത്, അയാളുണ്ടായിരുന്നുവെന്ന തോന്നലോടെ കാണാന്‍ പറ്റുന്നതാകണം ചിത്രം’- ചിത്രങ്ങള്‍ ആളുകളുടെ ജീവിതത്തോട് ഒട്ടിനില്‍ക്കുന്നതെങ്ങനെയെന്ന് സിദ്ദീഖി വിശദീകരിക്കുന്നു.
2015 നേപ്പാള്‍ ഭൂകമ്പം, 2017 മൊസൂള്‍ യുദ്ധം, മ്യാന്മറിലെ റോഹിംഗ്യന്‍ കൂട്ടക്കൊല, സ്വിറ്റ്‌സര്‍ലാന്റിലെ അഭയാര്‍ഥി പ്രശ്‌നം തുടങ്ങി മനുഷ്യന്റെ ദയനീയ മുഖം പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം ദാനിഷിന്റെ ക്യാമറക്കണ്ണും മിന്നി. റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ദയനീയ സ്ഥിതി വിളിച്ചറിയിക്കുന്ന ചിത്രത്തിനാണ് സിദ്ദീഖിക്ക് 2018ലെ പുലിറ്റ്‌സര്‍ പുരസ്‌കാരമെത്തുന്നത്.

ഒരായിരം കഥപറയുന്ന
ഒരൊറ്റ ചിത്രം

‘ഒച്ചപ്പാടുണ്ടാക്കാതെ, ആളുകളോട് എല്ലാ കഥയും പറയുന്നതാവണം ചിത്രം’ എന്നാണ് ഫോട്ടോഗ്രഫിയെപ്പറ്റി സിദ്ദീഖി പറയുന്നത്. ശരിയാണ്. സിദ്ദീഖി നിശബ്ദനായി ചിത്രമെടുത്തുനടന്നു. മനുഷ്യത്വം മരവിക്കുന്ന ദിക്കുകളില്‍ പാഞ്ഞെത്തി, മികച്ച ഫ്രെയിമുകളില്‍ ലോകത്തോട് കാര്യം പറഞ്ഞു. സി.എ.എ സമരക്കാര്‍ക്കെതിരെ തോക്കേന്തി ഭീഷണിപ്പെടുത്തുന്നയാളെ ഒന്ന് പിന്തിരിപ്പിക്കുക പോലും ചെയ്യാതെ, നോക്കിനില്‍ക്കുന്ന ഡല്‍ഹി പൊലിസിനെ സിദ്ദീഖി പകര്‍ത്തിയിരുന്നില്ലെങ്കില്‍ അങ്ങനെയൊന്ന് നടന്നെന്ന് ലോകത്തോട് പറയാന്‍ ആയിരം ലേഖനങ്ങള്‍ക്കും ആവില്ലായിരുന്നു. ഡല്‍ഹിയില്‍ കത്തിയെരിഞ്ഞ കൂട്ടച്ചിതകളുടെ ചിത്രം സിദ്ദീഖിയുടെ ക്യാമറ കണ്ടിരുന്നില്ലെങ്കില്‍, കൊവിഡിന്റെ മരണക്കണക്കെല്ലാം വ്യാജമായേനെ. ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ളതാവണം ഓരോ ചിത്രങ്ങളുമെന്ന വാക്കുകള്‍ സിദ്ദീഖിയുടെ കാര്യത്തില്‍ എത്ര അന്വര്‍ഥം!

ചിത്രങ്ങളെത്ര
ശബ്ദിച്ചിരുന്നു?

സിദ്ദീഖിയുടെ ചിത്രം സംഘ്പരിവാര്‍ നിര്‍മിതികളെ എത്രമാത്രം അലോസരപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണത്തോടെ വെളിച്ചത്തായി. മറ്റൊരു രാജ്യത്ത്, ആക്രമണത്തില്‍പ്പെട്ട് മരിക്കുന്ന ഒരു സാധാരണ പൗരന് ലഭിക്കുന്ന പരിഗണന പോലും മരണാനന്തരം അവര്‍ വകവച്ചുകൊടുത്തില്ല. അവര്‍ സിദ്ദീഖിയുടെ മരണം ആഘോഷിച്ചു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ സിദ്ദീഖി പകര്‍ത്തിയ നാലോ അഞ്ചോ ചിത്രങ്ങള്‍ മതി, അദ്ദേഹം സംഘ്പരിവാരിന് എന്തുകൊണ്ട് വെറുക്കപ്പെട്ടയാളായി എന്നറിയാന്‍. ആള്‍ക്കൂട്ട മര്‍ദനം, സി.എ.എ കാലത്തെ ഡല്‍ഹി വംശഹത്യ, ലോക്ക്ഡൗണിനിടെയുണ്ടായ തൊഴിലാളി പലായനം, കൊവിഡ് മരണത്തിന്റെ കൂട്ടസംസ്‌കാരങ്ങള്‍… തുടങ്ങി ചുരുങ്ങിയ ചില ചിത്രങ്ങളിലൂടെ തന്നെ ഇന്ത്യയിലെ സംഭവവികാസങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ആറുമണിക്കും ഒന്‍പതുമണിക്കുമുള്ള പ്രസംഗത്തിലൂടെ മറികടക്കാവുന്നതിലും അപ്പുറമായിരുന്നു സിദ്ദീഖിയുടെ ചിത്രങ്ങള്‍ ശബ്ദിച്ചിരുന്നത്.

എപ്പോഴും നോവുകളിലേക്ക് തുറന്നിട്ട ആ മൂന്നാംകണ്ണ് അടഞ്ഞുപോകുന്നതും ചോരപ്പാടുകളുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയിലാണ്. ‘ഭാഗ്യമുണ്ടെങ്കില്‍ മാത്രം ജീവിച്ചിരിക്കും’ എന്നാണ് അവസാന ട്വീറ്റുകളിലൊന്നില്‍ സംഘര്‍ഷാവസ്ഥയെപ്പറ്റി പറഞ്ഞത്. ഭാഗ്യമുണ്ടായില്ല. സിദ്ദീഖിക്കല്ല, അദ്ദേഹത്തിലൂടെ ലോകശ്രദ്ധയാഗ്രഹിച്ചിരുന്ന ചവിട്ടിമെതിക്കപ്പെടുന്നവര്‍ക്ക്, വെടിയുണ്ടപ്രഹമേല്‍ക്കുന്നവര്‍ക്ക്, അനന്തസാഗരത്തില്‍ അഭയംതേടി അലയുന്നവര്‍ക്ക്…

മാനുഷിക മുഖങ്ങളെ തേടിയുള്ള യാത്രയായിരുന്നു ജൂലൈ 16ന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ സംഘര്‍ഷഭൂമിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദാനിഷ് സിദ്ദീഖിന്റേത്. റോയിറ്റേര്‍സിന്റെ മള്‍ട്ടിമീഡിയ ചീഫായിരുന്ന സിദ്ദീഖി, നാല്‍പത്തൊന്നു വയസിനിടെ ബാക്കിവച്ചത്
കനപ്പെട്ട ഫ്രെയിമുകള്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.