2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി; മന്ത്രിക്കെതിരേ വിമർശനവുമായി സി.ഐ.ടി.യു

സ്വന്തം ലേഖകൻ
തിരുവനന്തപുരം
കെ.എസ്.ആർ.ടി.സിയിൽ തുടരുന്ന ശമ്പള പ്രതിസന്ധിയിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരേ രൂക്ഷ വിമർശനവുമായി സി.ഐ.ടി.യു. ആനപ്പുറത്ത് കയറിയാൽ പട്ടിയെ പേടിക്കണ്ട എന്ന നിലയിലാണ് മന്ത്രിയുടെ പ്രവർത്തനമെന്നും എല്ലാ കാലത്തും മന്ത്രിയായിരിക്കാം എന്നാണ് ആൻ്റണി രാജു കരുതുന്നതെന്നും കെ.എസ്.ആർ.ടി.എ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി ശാന്തകുമാർ പറഞ്ഞു. അധികാരം കിട്ടിയപ്പോൾ മന്ത്രി ജീവനക്കാർക്ക് എതിരെ രംഗത്തു വരികയാണ്. തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായത്. അധികാരം എന്നുമുണ്ടാകില്ല. ശമ്പളം നൽകാൻ കഴിവില്ലെങ്കിൽ സി.എം.ഡി ബിജു പ്രഭാകർ രാജിവയ്ക്കണമെന്നും സി.ഐ.ടി.യുവിൻ്റെ കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിനു മുന്നിലെ സമരവേദിയിൽ ശാന്തകുമാർ പറഞ്ഞു.

മാർച്ച് മാസത്തെ ശമ്പളം ഏപ്രിൽ പകുതി പിന്നിട്ടിട്ടും നൽകാൻ കഴിയാത്ത സ്ഥിതിയുണ്ടായപ്പോഴാണ് ഇതുവരെ മാനേജ്മെന്റിനെതിരേ വിമർശനമുന്നയിച്ചിരുന്ന സി.ഐ.ടി.യു, മന്ത്രിക്കെതിരേ തുറന്നടിച്ച് രംഗത്തെത്തിയത്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ചീഫ് ഓഫിസിനു മുന്നിൽ മൂന്നു ദിവസമായി സമരം തുടരുകയാണ്. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി,ഐ.എൻ.ടി.യു.സി, ബി.എം.എസ് ആഭിമുഖ്യത്തിലുള്ള സംഘടനകളും സമരം തുടങ്ങിയിട്ടുണ്ട്.

അതിനിടെ അടുത്ത ദിവസങ്ങളിൽ തന്നെ ശമ്പളവിതരണം നടത്താനുള്ള ശ്രമത്തിലാണ് കെ.എസ്. ആർ.ടി.സി. പ്രതിസന്ധി പരിഹരിക്കാൻ വീണ്ടും സർക്കാർ സഹായം തേടാൻ മാനേജ്‌മെൻ്റ് തീരുമാനിച്ചിട്ടുണ്ട്.ശമ്പള വിതരണത്തിന് അനുവദിച്ച 30 കോടിക്ക് പുറമേ 45 കോടി കൂടി ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നൽകാനാണ് തീരുമാനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.