2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തെ കുറ്റപ്പെടുത്തി പ്രഫുല്‍ പട്ടേല്‍

ജലീല്‍ അരൂക്കുറ്റി

കവരത്തി: ലക്ഷദ്വീപ് വിഷയത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി അഡ്മിനിസ്‌ട്രേറ്റര്‍. ലക്ഷദ്വീപിന്റെ കാര്യത്തില്‍ ഇടപെടാന്‍ കേരളത്തിന് യാതൊരു അധികാരവുമില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ സുപ്രഭാതത്തോട് പറഞ്ഞു. ലക്ഷദ്വീപ് സ്വതന്ത്ര പരാമാധികാരമുള്ള കേന്ദ്ര ഭരണ പ്രദേശമാണ്. സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ മറ്റാരുടെയും സഹായം ആവശ്യമില്ല. ഏതെങ്കിലും വിഷയത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെങ്കില്‍ അത് കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് നല്‍കേണ്ടത്. കേരള സര്‍ക്കാരിന് ദ്വീപിലെ വിഷയങ്ങളില്‍ ഇടപെടാന്‍ എന്താണ് താല്‍പര്യമെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പട്ടേല്‍ പ്രതികരിച്ചു.

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ വിവാദമാകുകയും ഇതിനെതിരേ വലിയ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആദ്യമായിട്ടാണ് പ്രതികരിക്കുന്നത്. സ്ഥാപിത താല്‍പര്യക്കാര്‍ നിരവധി വ്യാജപ്രചരണങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് പട്ടേല്‍ പറഞ്ഞു. ദ്വീപിലെ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പ്രശ്‌നങ്ങളുള്ളതായി തോന്നുന്നില്ല.

ദ്വീപുകളില്‍ കട്മത്ത്, ചെത്ത് ലത്ത്, അമിനി, കില്‍ത്താന്‍, ബിത്ര എന്നിവിടങ്ങള്‍ കേരളത്തേക്കാള്‍ കൂടുതല്‍ അടുത്ത് കിടക്കുന്നത് മംഗളൂരു തുറമുഖത്തോടാണ്. 75 നോട്ടിക്കല്‍ മൈല്‍ വരെ കുറവുണ്ട്. ഇവിടേക്കുള്ള ഗതാഗത ചെലവും കുറവാണ്. രണ്ടാം ബദല്‍ സംവിധാനമായി മംഗളൂരുവിനെ വികസിപ്പിച്ചെടുക്കുന്നതില്‍ എന്താണ് തെറ്റ്. സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത് സാധാരണ കാര്യമാണ്.

   

ലക്ഷദ്വീപിന്റെ വികസനം മാത്രമാണ് തന്റെ അജന്‍ഡ. മൂന്ന് വര്‍ഷത്തിനുള്ളില്‍ മാലദ്വീപ് പോലെ വികസിത പ്രദേശമായി ലക്ഷദ്വീപിനെ മാറ്റുകയാണ് ലക്ഷൃം. വികസനത്തിന് കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ഇതിനായുള്ള പരിഷ്‌കാരങ്ങള്‍ മൂന്ന് തരത്തിലുള്ളതാണ്. ഒന്നാമത്തേത് തദ്ദേശീയമായ അടിസ്ഥാന വികസനമാണ്. എയര്‍പോര്‍ട്ട് വികസനം, തേങ്ങയില്‍നിന്നും മത്സ്യത്തില്‍നിന്നും കടല്‍ പായലില്‍നിന്നുമുള്ള മൂല്യാധിഷ്ഠിത ഉല്‍പന്നങ്ങളുടെ വികസനം, ടൂറിസം വികസനം എന്നിവയാണത്.രണ്ടാമത് ദ്വീപ് ഭരണത്തില്‍നിന്ന് അഴിമതി തുടച്ചുമാറ്റുന്നതിനുള്ള പരിഷ്‌കാരങ്ങളാണ്. മൂന്നാമത് ഇതിനാവശ്യമായ നിയമം കൊണ്ടുവരികയാണ്. അതിനാണ് നാല് റെഗുലേഷന്‍ ആക്ടുകള്‍ക്ക് രൂപം നല്‍കിയത്. ഇവയുടെ കരട് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് നടക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ മാത്രമാണ് ലക്ഷദ്വീപിലും ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. അഭ്യന്തര സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ് പ്രിസര്‍വേഷന്‍സ് ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റി റെഗുലേഷന്‍ 2021. മോഷണം ഇല്ലാത്ത പ്രദേശത്തും മുറി പൂട്ടി പോകുന്നത് പോലെ ഒരു മുന്‍കരുതല്‍ മാത്രമാണത്. നഗര- ഗ്രാമ വികസനം തന്നെയാണ് വികസന അതോറിറ്റി നിയമത്തിന്റെ ലക്ഷ്യം. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം വികസന അതോറിറ്റികളുള്ളതുപോലെയാണ് ലക്ഷദ്വീപ് അതോറിറ്റിയും. നിയമം ഉള്ളതുകൊണ്ട് ജനം പേടിക്കേണ്ടതില്ല. നിയമം ലംഘിക്കുന്നവര്‍ പേടിച്ചാല്‍ മതി. രാജ്യത്തെ നിയമങ്ങള്‍ പിന്തുടരാന്‍ തയാറാകേണ്ടതുണ്ട്. മറ്റ് പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും പട്ടേല്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.