2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യുവാവ് കാമുകിയെ വീട്ടിലൊളിപ്പിച്ച സംഭവം മുറി പൂട്ടാനുപയോഗിച്ചത് സ്വന്തമായി വികസിപ്പിച്ച ഓടാമ്പല്‍ ലോക്ക്

 

പാലക്കാട്: ശുചിമുറി പോലുമില്ലാത്ത, രണ്ടാള്‍ക്ക് മാത്രം കിടക്കാന്‍ കഴിയുന്ന കൊച്ചുമുറിയില്‍ വീട്ടുകാര്‍പോലുമറിയാതെ പത്തു വര്‍ഷക്കാലം പ്രണയിനിയെ ഒളിപ്പിച്ച യുവാവ് മുറി പൂട്ടാനുപയോഗിച്ചത് സ്വന്തമായി വികസിപ്പിച്ച ഓടാമ്പല്‍ ലോക്ക്.

നെന്മാറ അയിലൂര്‍ കാരക്കാട്ടുപറമ്പിലാണ് പത്തു വര്‍ഷക്കാലം യുവാവ് പ്രണയിനിയെ ഒറ്റമുറിയില്‍ പൂട്ടിയിട്ട് സംരക്ഷിച്ചത്. യുവാവും യുവതിയുമായുള്ള സൗഹൃദം തുടങ്ങുന്നത് 2010ലാണ്. ഈ സൗഹൃദം വളര്‍ന്ന് പ്രണയമായപ്പോള്‍ യുവാവിനൊപ്പം കഴിയുന്നതിനായി 18 വയസുകാരിയായ യുവതി വീടുവിട്ടിറങ്ങി. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്ന യുവാവിനോടൊപ്പം ഇറങ്ങിത്തിരിച്ച യുവതിയെ അയാള്‍ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ചു. കഷ്ടിച്ച് രണ്ടാള്‍ക്ക് മാത്രം കിടക്കാന്‍ കഴിയുന്ന ചെറുമുറിയില്‍ വീട്ടുകാര്‍ പോലും അറിയാതെ ഇരുവരും ജീവിതം ആരംഭിക്കുകയും ചെയ്തു. കൊച്ചുമുറിയില്‍ കഴിഞ്ഞ യുവതിയെ വീട്ടുകാര്‍ പോലും കാണാതെ സംരക്ഷിക്കാന്‍ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയില്‍ അടയ്ക്കാന്‍ കഴിയുന്ന ഓടാമ്പലും ഉണ്ടാക്കിയിരുന്നു. മുറിയുടെ അകത്തെ ഓടാമ്പല്‍ പൂട്ടുന്നതിനും തുറക്കുന്നതിനുമായി ചെറു മോട്ടോര്‍ ഉപയോഗിച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രമാണുണ്ടാക്കിയത്. രണ്ട് ചെറിയ വയറുകള്‍ ചേര്‍ത്ത് പിടിച്ചാല്‍ ഓടാമ്പല്‍ നീങ്ങി അടക്കാനും തുറക്കാനും കഴിയുന്ന രീതിയിലായിരുന്നു ഇത്. അനാവശ്യമായി മുറി തുറക്കാന്‍ ശ്രമിച്ചാല്‍ ഈ രണ്ട് വയറുകളില്‍നിന്ന് ഷോക്കേല്‍ക്കുമെന്ന് യുവാവ് പറഞ്ഞതോടെ വീട്ടുകാരും ഈ മുറിയെ സമീപിക്കാതായി. ഇങ്ങനെ പത്തുവര്‍ഷക്കാലം യുവാവ് പ്രണയിനിയെ സംരക്ഷിച്ചുവരികയായിരുന്നു.
യുവതി വീട്ടിലുള്ള വിവരം പുറത്തറിയുമോയെന്ന പേടി യുവാവിനെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു. ഇതോടെ മറ്റൊരു വീട്ടിലേക്ക് താമസം മാറാന്‍ ഇരുവരും തീരുമാനിച്ചു. വീട്ടില്‍നിന്ന് മാറി ഏഴ് കിലോമീറ്റര്‍ അകലെ കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് യുവാവും യുവതിയും രഹസ്യമായി താമസം ആരംഭിച്ചത്. യുവാവിനെ കാണാതായതോടെ വീട്ടുകാര്‍ നെന്മാറ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ മൂന്നു മാസത്തെ അന്വേഷണത്തില്‍ യാതൊരു വിവരവും കിട്ടിയില്ല.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം സഹോദരന്‍ യുവാവിനെ യാദൃശ്ചികമായി കാണുന്നത്. തുടര്‍ന്ന് പൊലിസിനെ വിവരമറിയിക്കുകയും ചെയ്തു. പൊലിസിന്റെ ചോദ്യം ചെയ്യലിലാണ് പത്ത് വര്‍ഷംനീണ്ട പ്രണയകഥ പുറംലോകമറിഞ്ഞത്. മറ്റു പരാതികളൊന്നും ഇല്ലാത്തതിനാല്‍ ഇരുവരെയും കോടതിയില്‍ ഹാജരാക്കി വിട്ടയച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.