2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പട്ടികജാതി, പട്ടികവര്‍ഗ വികസനം: കിഫ്ബി വിഹിതം തുച്ഛമെന്ന് പ്രതിപക്ഷം

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വികസത്തിനുള്ള കിഫ്ബി വിഹിതം തുലോം തുച്ഛമെന്ന് പ്രതിപക്ഷം. ഇക്കണോമിക് റിവ്യൂ പരാമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് വിഷയം നിയമസഭയുടെ ശ്രദ്ധയില്‍പെടുത്തിയത്.

ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ട് പ്രകാരം 25 കോടി രൂപയാണ് കിഫ്ബിയില്‍നിന്ന് ഈ വിഭാഗങ്ങള്‍ക്കായി ചെലവഴിച്ചത്. പ്ലാനില്‍ വകയിരുത്തിയതിന് ആനുപാതികമായ വകയിരുത്തല്‍ കിഫ്ബി പദ്ധതികളില്‍ കാണാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ 25 കോടിയല്ല, 182 കോടിയാണ് കിഫ്ബിയില്‍നിന്ന് പട്ടികവിഭാഗ വികസനത്തിന് ലഭിച്ചതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയ കുറവ് പരിഹരിക്കാന്‍ ഇടപെടല്‍ നടത്താമെന്നും അദ്ദേഹം പറഞ്ഞു.

50,000 കോടിയുടെ വികസന പദ്ധതികളില്‍ 182 കോടി മാത്രമാണ് ഈ വിഭാഗങ്ങള്‍ക്ക് ലഭിച്ചതെന്നത് വിഭവ വിതരണത്തിലെ അസന്തുലിതാവസ്ഥ വ്യക്തമാക്കുന്നതാണെന്ന് എ.പി അനില്‍കുമാര്‍ പറഞ്ഞു.

പദ്ധതികള്‍ക്കായി നീക്കിവയ്ക്കുന്നതിലെ ആത്മാര്‍ത്ഥത അത് ചെലവഴിക്കുന്നതില്‍ കാണുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 95 ശതമാനം വരെ ഫണ്ട് ചെലവഴിച്ചിട്ടുണ്ടെന്നും എന്നാല്‍ ചില പദ്ധതികളില്‍ അതു കുറയാന്‍ കാരണം ഭൂമി വാങ്ങി നല്‍കേണ്ട പദ്ധതികളായിരുന്നതിലാണെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.