2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലോക കോടീശ്വരന്റെ കഥ; അഥവാ നാം തിരഞ്ഞെടുക്കുന്ന ജീവിതം

 

എം.വി സക്കറിയ

നിങ്ങളില്ലാതെ എനിക്കെന്താഘോഷം? മലയാളികള്‍ക്കെല്ലാം നല്ല പരിചയമുള്ള ഡയലോഗ്, അല്ലേ? മലയാള പശ്ചാത്തലം മാറ്റി ആഗോളപശ്ചാത്തലത്തില്‍ ഇതേ ചോദ്യം ഏതെങ്കിലും സ്ഥാപനത്തെക്കുറിച്ചാണ് ചോദിക്കുന്നതെങ്കിലോ? ഏതായിരിക്കും ആ സ്ഥാപനം?
ലോകത്തെ വലിയ സ്ഥാപനത്തെക്കുറിച്ചാണെങ്കില്‍ തീര്‍ച്ചയായും നമ്മില്‍ പലരും അതിനെ വിളിക്കുന്ന പേര് ആമസോണ്‍ എന്നാകും!! ഓണ്‍ലൈന്‍ പര്‍ച്ചേസ് വെബ്‌സൈറ്റ്. ആ ആമസോണിന്റെ ഉടമയെ അറിയാമോ? ആഗോള കോടീശ്വരന്മാരില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ജെഫ് ബെസോസ് ആണ് ആ മനുഷ്യന്‍! കോടാനുകോടി ആസ്തിയുടെ അധിപതി!! സാക്ഷാല്‍ ജെഫ് ബെസോസിന്റെ ബാല്യകാല ജീവിതത്തിലെ ഒരു ഏടിലേക്കാണ് ഇന്നത്തെ യാത്ര. അദ്ദേഹം പഠിച്ച വലിയ ജീവിതപാഠത്തിലേക്ക്.

അന്ന് പത്തു വയസാണ് ജെഫിന്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് വേനലവധിക്കാലം ചെലവഴിക്കുന്നത്. ടെക്‌സാസിലുള്ള ഫാമില്‍ ആനന്ദകരമായ ദിനങ്ങള്‍. കാറ്റാടിയന്ത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ സഹായിച്ചും കന്നുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നടത്തിയും ഉച്ചകഴിഞ്ഞ് ടി.വി സീരിയലുകള്‍ കണ്ടുമൊക്കെ ആഹ്ലാദകരമായി അവന്‍ സമയം ചെലവഴിക്കും. അമേരിക്കയിലും കാനഡയിലുമൊക്കെ യാത്രക്കിറങ്ങുന്ന പതിവുമുണ്ടായിരുന്നു ആ മുത്തശ്ശനും മുത്തശ്ശിക്കും. ഒപ്പം ജെഫും കൂടും.

അങ്ങനെ ഒരു യാത്രയ്ക്കിടയില്‍ കാറിലിരിക്കുകയായിരുന്നു പത്തുവയസുകാരന്‍ ജെഫ് ബെസോസ്. മുത്തശ്ശന്‍ കാറോടിക്കുകയാണ്. മുത്തശ്ശിയാവട്ടെ, കാഴ്ചകള്‍ കാണുന്നതിനിടയില്‍ നിര്‍ത്താതെ പുകവലിക്കുകയും ചെയ്യുന്നു. ആ പത്തു വയസ് പ്രായത്തിലും കണക്കുകൂട്ടുന്നതില്‍ ബഹുമിടുക്കനാണ് ജെഫ്. പലചരക്കു സാധനങ്ങള്‍ വാങ്ങിയ സംഖ്യ പോലുള്ള പ്രത്യേക പ്രാധാന്യമൊന്നുമില്ലാത്ത കണക്കുകള്‍ പോലും അവന്‍ ശ്രദ്ധിച്ചുവയ്ക്കും. മനക്കണക്ക് ചെയ്യുകയാണ് രീതി.

ആയിടെയൊരിക്കല്‍ അവന്‍ പുകവലിയെക്കുറിച്ചുള്ള ഒരു അറിയിപ്പ് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. ഓര്‍മയില്‍ ആ പരസ്യവാചകം തങ്ങിനിന്നു. ഓരോ തവണ സിഗരറ്റ് പുകയ്ക്കുമ്പോഴും ആയുസില്‍നിന്ന് രണ്ടു മിനുട്ട് വീതം നഷ്ടപ്പെടും.

അതായിരുന്നു ആ കുട്ടിയുടെ മനസില്‍ തറച്ച സന്ദേശം. അന്നു കാറിലിരിക്കുമ്പോള്‍ ആ വാക്യം മനസിലേക്ക് കയറിവന്നു. അവനു തോന്നി, ഇപ്പോള്‍ മുത്തശ്ശിയുടെ ആയുസിന്റെ കണക്കെടുത്താലോ!! പുകവലി അവരുടെ ആയുസിന്റെ എത്ര ഭാഗം കുറച്ചെന്ന് നോക്കാമല്ലോ! അവന്‍ കണക്ക് കൂട്ടിത്തുടങ്ങി. ഓരോ ദിവസവും എത്ര സിഗരറ്റ് വലിക്കുന്നുണ്ട്? പ്രതിദിന കണക്ക് ആദ്യം മനസിലെടുത്തു. ഒരു സിഗരറ്റ് എത്ര തവണ ആഞ്ഞുവലിക്കുന്നുണ്ട്? അതിന്റെ കണക്ക് അപ്പോള്‍ത്തന്നെ മുന്‍സീറ്റില്‍ ലഭ്യമാണല്ലോ! അതു ശ്രദ്ധിച്ചു. അങ്ങനെ കൂട്ടിയും കിഴിച്ചും ആ സുപ്രധാന സംഖ്യ അവന്‍ കണ്ടെത്തി!!
മുത്തശ്ശിയുടെ നഷ്ടമായ ആയുസിന്റെ സംഖ്യ!! എന്നിട്ടവന്‍ മുന്‍സീറ്റിലിരിക്കുന്ന മുത്തശ്ശിയുടെ ചുമലില്‍ തട്ടി വിളിച്ച് ആ കണ്ടെത്തല്‍ ഉറക്കെ പ്രഖ്യാപിച്ചു; ‘മുത്തശ്ശീ, മുത്തശ്ശിയുടെ ജീവിതത്തിലെ നഷ്ടമായ ആയുസിന്റെ കണക്ക് ഞാന്‍ കണ്ടെത്തി! ഓരോ പുകയ്ക്കും രണ്ടു മിനുട്ട് വച്ച് കണക്കാക്കിയാല്‍ മുത്തശ്ശിയുടെ ജീവിതത്തിലെ ഒന്‍പതു വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു! ഒന്‍പതു വര്‍ഷത്തെ ആയുസ് കുറഞ്ഞിരിക്കുന്നു!!’ തന്റെ സാമര്‍ഥ്യം പ്രകടിപ്പിച്ച് അവന്‍ അഭിമാനത്തോടെ ചാരിയിരുന്നു. മനക്കണക്ക് കൂട്ടാനുള്ള തന്റെ മിടുക്കിന് മുത്തശ്ശിയുടെ അഭിനന്ദനം കിട്ടും!! അവര്‍ പറയും; ‘മിടുക്കന്‍! മനക്കണക്ക് കൂട്ടാനുള്ള നിന്റെ മിടുക്ക് അപാരം തന്നെ!!’

അങ്ങനെയൊക്കെയായിരുന്നു ആ പത്തു വയസുകാരന്റെ പ്രതീക്ഷ!
പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. അവന്‍ ഒട്ടും പ്രതീക്ഷിക്കാത്തത്!
കുഞ്ഞുമകന്റെ വാക്കുകേട്ട് ആ മുത്തശ്ശി പൊട്ടിപ്പൊട്ടിക്കരയാന്‍ തുടങ്ങി. കണ്ണുനീര്‍ കവിളിലൂടെ ഒഴുകി!
ജെഫ് എന്ന മിടുക്കന്‍, സമര്‍ഥന്‍ സ്തബ്ധനായി സീറ്റിലിരുന്നു!! ‘എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു; മുത്തശ്ശന്‍ വാഹനം വഴിയോരം ചേര്‍ത്തുനിര്‍ത്തി. ഡോര്‍ തുറന്ന് പുറത്തിറങ്ങി. എന്നിട്ട് പുറകിലേക്കു വന്ന് എന്റെ ഡോര്‍ തുറന്നു. ഞാന്‍ കൂടെ ചെല്ലാനായി കാത്തുനിന്നു. ഞങ്ങളൊന്നിച്ച് അല്‍പ്പം മുന്നോട്ടു നടന്നു.

ബുദ്ധിമാനും ശാന്തനുമായ ഒരു ജെന്റില്‍മാനായിരുന്നു മുത്തശ്ശന്‍. എന്നോട് പരുഷമായ വാക്കുകളൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഒരുപക്ഷേ, ഇന്നായിരിക്കാം ആ ദിവസം; ഞാന്‍ വിചാരിച്ചു’. ഒരുപക്ഷേ, മുത്തശ്ശിയോട് മാപ്പുചോദിക്കാനാവുമോ അദ്ദേഹം പറയുക?
അങ്ങനെയൊക്കെ ആലോചിച്ചുകൊണ്ടിരിക്കെ മുത്തശ്ശന്‍ ശാന്തതയോടെ പറയുകയായി; ‘ജെഫ് ഒരുനാള്‍ നിനക്ക് തിരിച്ചറിയാന്‍ സാധിക്കും. സമര്‍ഥനായിരിക്കുന്നതിനേക്കാള്‍ പ്രയാസമാണ് മനസില്‍ കാരുണ്യമുള്ളവനായിരിക്കുന്നത്’.
വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം കോളജിലെ തിങ്ങിനിറഞ്ഞ സദസില്‍ നടത്തിയ പ്രഭാഷണത്തില്‍ ഈ സംഭവം വിവരിച്ച് ആ ലോക കോടീശ്വരന്‍ പറഞ്ഞുതരുന്നു. സാമര്‍ഥ്യം എന്നത് നിങ്ങള്‍ക്ക് ലഭിച്ച ഒരു സമ്മാനമാണ്. അത് നിങ്ങള്‍ക്കൊപ്പമുണ്ട്. പക്ഷേ, കാരുണ്യം എന്നത് നിങ്ങള്‍ നടത്തുന്ന ഒരു തിരഞ്ഞെടുപ്പാണ്. കരുണയുള്ളവനായി ജീവിക്കണോ എന്ന തിരഞ്ഞെടുപ്പ് ബോധപൂര്‍വം ഓരോരുത്തരും നടത്തേണ്ടതുണ്ട്. ‘ഗശിറില ൈശ െമ രവീശരല’ – ജെഫ് ബെസോസ് പറയുന്നു.

ശരിയാണ്. നന്മയുള്ളവനാവുക, സ്‌നേഹസമ്പന്നനാവുക, കരുണ പ്രകടിപ്പിക്കാന്‍ കഴിയുക എന്നതെല്ലാം നമ്മുടെ തിരഞ്ഞെടുപ്പ് തന്നെയാണ്. നമ്മുടെ തീരുമാനമാണത്. അത്തരം ഒരു ജീവിതം തിരഞ്ഞെടുക്കുന്നവരും അല്ലാത്തവരുമുണ്ടല്ലോ ലോകത്ത്.
ഇനി ജെഫ് ബെസോസ് എന്ന വ്യക്തി കോടീശ്വരനായിത്തീര്‍ന്നതിനെക്കുറിച്ചും അതിനായി അദ്ദേഹം നടത്തിയ തിരഞ്ഞെടുപ്പിനെക്കുറിച്ചും പറയാം, അടുത്തയാഴ്ച.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News