2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അ​ട്ട​പ്പാ​ടി​ മധു കൊലക്കേസ് ; കേസ് നടത്താന്‍ മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തെന്ന് കുടുംബം

പാ​ല​ക്കാ​ട്​
അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി യു​വാ​വ് മ​ധു ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് കൊ​ല്ല​പ്പെ​ട്ട സംഭവത്തില്‍ കുടുംബത്തിന് കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി. താരത്തിൻ്റെ ഓഫിസില്‍നിന്ന് ഇക്കാര്യം ഫോണില്‍ വിളിച്ച്‌ അറിയിച്ചതായും ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടിയുടെ ഓഫിസില്‍നിന്നുള്ളവര്‍ അട്ടപ്പാടിയിലുള്ള മധുവിൻ്റെ വീട്ടിലെത്തുമെന്നും മധുവിൻ്റെ സഹോദരി സരസു പറഞ്ഞു. കേസിൻ്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂട്ടി നേരിട്ട് വിളിച്ചറിയിച്ചു. കേസിനെ കുറിച്ച്‌ മമ്മൂട്ടി നിയമ മന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. നിയമ മന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നത്. കേസിനെ കുറിച്ച്‌ സംസാരിക്കാന്‍ മമ്മൂട്ടിയുടെ ഓഫിസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരുമെന്ന് സരസു പറഞ്ഞു. അതേസമയം, കേസില്‍ കൂടുതല്‍ ​പ്രതികളുണ്ടെന്ന് കാട്ടി മധുവിൻ്റെ കുടുംബം സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി സഹോദരി പറഞ്ഞു. മറ്റുള്ളകാര്യങ്ങള്‍ ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.

മധു കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ തന്നെയാണ് കേസ് നടത്തുന്നതെന്ന് നടൻ മമ്മൂട്ടിയുടെ ഓഫിസ് അറിയിച്ചു. കുടുംബത്തിന് ആവശ്യമായ നിയമോപദേശസഹായമോ, അവർ ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആണ് മമ്മൂട്ടി ലഭ്യമാക്കുകയെന്നും മമ്മൂട്ടിയുടെ പി.ആർ.ഒ റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുമെന്ന് നിയമമന്ത്രി പി. രാജീവ് മമ്മൂട്ടിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും പി.ആർ.ഒ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.