2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കരുതലുണ്ട് ആരോഗ്യത്തിന് രണ്ടാം കൊവിഡ് പാക്കേജിന് 20,000 കോടി

തിരുവനന്തപുരം: 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനാണ് രണ്ടാം പാക്കേജ്. പാക്കേജില്‍ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2,800 കോടി രൂപ വകയിരുത്തി.

ആരോഗ്യ
കേന്ദ്രങ്ങളില്‍
ഐസൊലേഷന്‍
വാര്‍ഡുകള്‍; 636 കോടി

എല്ലാ സി.എച്ച്.സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി 10 ബെഡുകള്‍ വീതമുളള ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും. ഒരു കേന്ദ്രത്തിന് മൂന്ന് കോടി രൂപ വീതം 636.5 കോടി രൂപ വകയിരുത്തി. ഈ തുക എം.എല്‍.എ വികസന ഫണ്ടില്‍ നിന്നും കണ്ടെത്തുന്നതാണ്. എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സി.എസ്.എസ്.ഡിയാക്കി (കേന്ദ്ര അണുവിമുക്ത വികസന വകുപ്പ്) മാറ്റും. ഈ വര്‍ഷം 25 സി.എസ്.എസ്.ഡികള്‍ നിര്‍മിക്കുന്നതിന് 18.75 കോടി രൂപ വകയിരുത്തി.പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതിനായി ഓരോ മെഡിക്കല്‍ കോളജുകളിലും ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കും. ആദ്യ ഘട്ടമായി ഈ വര്‍ഷം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി.

കുട്ടികള്‍ക്കായി ഐ.സി.യുകള്‍; 25 കോടി

കൊവിഡ് മൂന്നാംതരംഗം ആരോഗ്യ വിദഗ്ധര്‍ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് അടിയന്തര ചികിത്സാ സംവിധാനം ഉറപ്പാക്കും. സ്ഥലലഭ്യതയുള്ള ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പീഡിയാട്രിക് ഐ.സി.യു വാര്‍ഡുകള്‍ സ്ഥാപിക്കും. പ്രാരംഭ ഘട്ടമായി 25 കോടി രൂപ വകയിരുത്തി.

ഓക്‌സിജന്

സംയുക്ത പ്ലാന്റുകള്‍; റിപ്പോര്‍ട്ടിനായി 25 ലക്ഷം
150 മെട്രിക് ടണ്‍ ശേഷിയളള മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. പ്ലാന്റിനോടൊപ്പം 1,000 മെട്രിക് ടണ്‍ കരുതല്‍ സംഭരണ ശേഷിയള്ള ടാങ്കും അടിയന്തര ആവശ്യങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിക്കാനായി ടാങ്കര്‍ സൗകര്യവും ഉണ്ടായിരിക്കും. സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് സംയുക്ത സംരംഭമായി പ്ലാന്റുകള്‍ സ്ഥാപിക്കും. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപ വകയിരുത്തി.

വാക്‌സിന്‍ ഗവേഷണത്തിന് 10 കോടി

മെഡിക്കല്‍ റിസര്‍ചിനും സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുന്നതിനും അമേരിക്കയിലുള്ള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ മാതൃകയില്‍ ഒരു സ്ഥാപനം ആരംഭിക്കും. വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചു.
ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്നതിന് റീജ്യനല്‍ ടെസ്റ്റ് ലാബോറട്ടറി, സര്‍വകലാശാലകള്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി രൂപ അനുവദിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി യില്‍ വാക്‌സിന്‍ ഗവേഷണം, വാക്‌സിന്‍ നിര്‍മാണം എന്നിവയ്ക്കായി 10 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

തദ്ദേശ
സ്ഥാപനങ്ങള്‍ക്ക്
559 കോടി

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ കേരളത്തിനനുവദിക്കുന്ന ഹെല്‍ത്ത് ഗ്രാന്റില്‍ നിന്നും നടപ്പ് സാമ്പത്തിക വര്‍ഷം 559 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും.
ഈ തുക കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് വിനിയോഗിക്കുന്നത്. ഹെല്‍ത്ത് ഗ്രാന്റിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും പ്രാദേശിക സര്‍ക്കാര്‍ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യസ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും.

കൊവിഡാനന്തര
ചികിത്സയ്ക്ക് 20 കോടി

ആയുഷ് വകുപ്പിനായും ബജറ്റില്‍ തുക വകയിരുത്തി. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കൊവിഡാനന്തര ചികിത്സകള്‍ക്കും ആയുഷ് വകുപ്പുകള്‍ മുഖാന്തിരം ഔഷധങ്ങള്‍ ലഭ്യമാക്കും. ഇതിനായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.