2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വേണം നമുക്കൊരു പാന്‍ഡമിക് കമ്മിഷന്‍

ഡോ. വി.ജി പ്രദീപ്കുമാര്‍

 

കൊവിഡ് 19 മഹാമാരി ലോകജനതയുടെ മുന്‍പാകെ അതിന്റെ താണ്ഡവ നൃത്തമാടിത്തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളമായി. മഹാമാരിയെ നേരിടുന്നതില്‍ വിവിധ രാജ്യങ്ങള്‍ സ്വീകരിച്ച നയപരമായ തീരുമാനങ്ങളും അവ പ്രാവര്‍ത്തികമാക്കുന്നതിനെടുത്ത നടപടികളും ഇനിയും വിശകലനം ചെയ്യാനുള്ള സമയമായിട്ടില്ല. അത്രയ്ക്കും അനിശ്ചിതത്വത്തിലാണ് ഭരണകൂടങ്ങളെയും ജനതയെയും കൊവിഡ് കൊണ്ടുചെന്നെത്തിച്ചിട്ടുള്ളത്. ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളില്‍ കൊവിഡ് 19 ന്റെ ഭീഷണി കുറച്ചൊന്നുമല്ല ജനജീവിതത്തെ താളംതെറ്റിച്ചതും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതും. മഹാമാരികള്‍ നേരിടുന്നതിന് ഭരണകൂടങ്ങളെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനും വഴികാട്ടുന്നതിനും ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്ക് കഴിയാതെ പോകുന്നുവോ എന്ന ചോദ്യമാണ് കഴിഞ്ഞ ഒന്നരവര്‍ഷത്തെ കൊവിഡ് പ്രതിരോധത്തിലെ വിവിധ നയങ്ങളും തീരുമാനങ്ങളും നമ്മോടു ചോദിക്കുന്നത്. മുന്നൊരുക്കങ്ങളില്ലാതെയുള്ള രാജ്യത്തെ അടച്ചിടലുകള്‍, കൊവിഡ് പ്രതിരോധത്തിനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യവികസനങ്ങള്‍, മാനുഷിക വിഭവശേഷി സമാഹരണം, പരിശീലനങ്ങള്‍, മരുന്നുകളുടെയും വെന്റിലേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെയും ലഭ്യത, വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ വന്ന അവ്യക്തതകളും വീഴ്ചകളും, ദുരിതത്തിലായ ജനതയെ കരകയറ്റുന്നതിനുവേണ്ട പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കല്‍ തുടങ്ങിയ ഒരു മഹാമാരിയുടെ മുഖത്തു ദൃശ്യമായ വിവിധ പ്രതിസന്ധികളെ കാര്യക്ഷമമായും യുക്തിസഹമായും ജനങ്ങളെ പൂര്‍ണ വിശ്വാസത്തിലെടുത്തുകൊണ്ടും മുന്നോട്ടുപോകാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞുവോ എന്ന ചോദ്യം ഉത്തരം കിട്ടാതെ നില്‍ക്കുന്ന അവസ്ഥയിലാണിപ്പോള്‍.

കൊവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുവേണ്ട പരിരക്ഷ, മുന്‍ഗണന, പിന്തുണ എന്നിവ നല്‍കാതെപോയി എന്നു വ്യക്തമായി പറയാന്‍ കഴിയും. രാപ്പകലില്ലാതെ വലിയ വിഷമസന്ധിയിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മരണാനന്തരം നല്‍കേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷപോലും കിട്ടാതെ പോകുന്നുവെന്നത് കേവലം നഗ്നമായ യാഥാര്‍ഥ്യമാണ്. കൂടാതെ രോഗത്തിന്റെ ഗുരുതരാവസ്ഥമൂലം ജീവഹാനി വന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രികള്‍ക്കു നേരെയും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കു നേരെയും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ ഭരണാധികാരികള്‍ അവഗണിക്കുകയും ഒന്ന് അപലപിക്കാന്‍പോലും തയാറാകാതിരിക്കുകയും ചെയ്യുന്ന കാഴ്ച രാജ്യത്തങ്ങോളമിങ്ങോളം ദൃശ്യമായിക്കൊണ്ടിരിക്കുന്നു. ദുരന്തനിവാരണ സമിതികളാണ് കേന്ദ്ര, സംസ്ഥാനതലത്തില്‍ എല്ലാ തീരുമാനങ്ങളുമെടുക്കുന്നതെന്നതാണ് മഹാമാരിയുടെ പ്രതിരോധത്തിലെ പ്രധാന സവിശേഷത. പലയിടങ്ങളിലും ഈ സമിതികളും ആരോഗ്യവിദഗ്ധര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍ എന്നിവരും തമ്മില്‍ ആശയവിനിമയമില്ലായ്മയോ അതിലെ കുറവോ ഉള്ളതായി പല തീരുമാനങ്ങളും വെളിവാക്കുന്നു. പ്രധാനമായും അടച്ചിടല്‍ നടപ്പാക്കിയ രീതി, അതിനുശേഷം ജനജീവിതം സുഗമമാക്കുന്നതിനെടുത്ത നടപടികള്‍, അടച്ചിടലിനുശേഷമുള്ള നിയന്ത്രണവിധേയമല്ലാത്ത തുറന്നിടല്‍ എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്.

സാമൂഹ്യസ്വഭാവത്തില്‍ ജനത വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയുള്ള ബോധവല്‍ക്കരണം, നിത്യജീവിതം വഴിമുട്ടാതെ തന്നെ കൊവിഡ് പ്രതിരോധമാര്‍ഗങ്ങളവലംബിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകല്‍ എന്നിവയില്‍ ജനങ്ങള്‍ക്കുവേണ്ട പരിശീലനം നല്‍കേണ്ടതുണ്ടായിരുന്നു. ഇന്ത്യയെപ്പോലെയുള്ള മഹാരാജ്യത്ത് പ്രത്യേകിച്ചും സാക്ഷരത, ജീവിതനിലവാരം, ആരോഗ്യചികിത്സാസംവിധാനങ്ങള്‍ എന്നിവയെല്ലാംതന്നെ വിഭിന്നമായ സംസ്ഥാനങ്ങളില്‍ ഇവ നടപ്പിലാക്കുന്നതിനുവേണ്ട ഏകീകൃത നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രതലത്തില്‍ കഴിയാതെപോയി. അതുകൊണ്ടുതന്നെ, സംസ്ഥാനങ്ങള്‍ തങ്ങള്‍ക്കനുസൃതമായ മാര്‍ഗങ്ങളില്‍ക്കൂടി തുറന്നിടല്‍നയം നടപ്പിലാക്കുകയും പലയിടങ്ങളിലും രണ്ടാം തരംഗം ഗുരുതരമായി ബാധിക്കുകയും ചെയ്തു. അടച്ചിടല്‍ നടപ്പാക്കിയ അതേ ശുഷ്‌കാന്തി തുറന്നിടല്‍ നയത്തില്‍ പാലിക്കാതെ കേന്ദ്രം സംസ്ഥാനങ്ങളുടെ സ്വന്തമായ തീരുമാനത്തിനു വിട്ടു. ലോകത്തെയാകമാനം നിശ്ചലമാക്കിയ ഒരു മഹാമാരിയെ നാം കീഴടക്കിയെന്ന തോന്നല്‍ ഇതിലൂടെയുണ്ടാക്കിയതും ജനങ്ങളുടെ ശ്രദ്ധ കുറയുന്നതിനും രോഗവ്യാപനം കൂടുന്നതിനും ഇടയാക്കി.

വാക്‌സിന്‍ നയത്തിലെ അനിശ്ചിതത്വവും കോടതി ഇടപെടലുകളും നാം കാണുകയുണ്ടായി. ഈ നൂറ്റാണ്ട് കണ്ട വലിയ മഹാമാരിയെ പ്രതിരോധിക്കുന്നതിന് ഒരു വര്‍ഷത്തിനുള്ളില്‍ വാക്‌സിനിലൂടെ പ്രതിരോധം തീര്‍ക്കുന്നതിന് ശാസ്ത്രഗവേഷണസമൂഹത്തിനു കഴിഞ്ഞുവെന്നത് വളരെയധികം ആശ്വാസം പകരുമ്പോള്‍ത്തന്നെ അതിന്റെ ലഭ്യത ജനസംഖ്യാനുപാതത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും കിട്ടാതെ പോകുന്നുവെന്ന കാഴ്ചയാണ് ചൈന, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ അപൂര്‍വരാജ്യങ്ങളൊഴിച്ചാല്‍ ലോകത്തില്‍ നാം കണ്ടത്. മുന്‍ഗണനാപട്ടികയില്‍പ്പെടുത്തി ലോകത്തെ ദരിദ്ര, അര്‍ധദരിദ്ര രാജ്യങ്ങള്‍ക്കുവേണ്ട വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടത് ലോകാരോഗ്യസംഘടനയുടെയും ഐക്യരാഷ്ട്രസഭയുടെയും കടമയായിരുന്നു. നമ്മുടെ രാജ്യത്താകട്ടെ പ്രധാന ഗവേഷണ ഏജന്‍സിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ക.ഇ.ങ.ഞ), നീതി ആയോഗും കേന്ദ്ര ആരോഗ്യമന്ത്രാലയവും തമ്മില്‍ വാക്‌സിന്‍ ലഭ്യതയുടെയും ഡോസുകളുടെയും അവ തമ്മിലുള്ള ഇടവേളകളുടെയും കാര്യത്തില്‍ വിഭിന്ന അഭിപ്രായങ്ങള്‍ ചില ഘട്ടങ്ങളില്‍ ഉണ്ടായതും ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. വാക്‌സിന്‍മൂലം പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പുപോലെ രാജ്യത്തെല്ലാവര്‍ക്കും സാര്‍വത്രിക കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കുമെന്ന നയം സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കുകയും അതിനനുസരിച്ചുള്ള നടപടികള്‍ ത്വരിതപ്പെടുത്തി പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തുകയുമാണ് വേണ്ടിയിരുന്നത്. ഇതിനുവേണ്ടി പൊതുമേഖലയിലെ വാക്‌സിന്‍ നിര്‍മാണകേന്ദ്രങ്ങളെ ഊര്‍ജസ്വലമാക്കുകയും പുതിയവ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കുകയും ചെയ്യേണ്ടിയിരുന്നു. രാജ്യത്ത് നടത്തുന്ന ടെസ്റ്റുകള്‍, മരണനിരക്കുകള്‍ എന്നിവയെപ്പറ്റിയും എപ്പിഡെമിയോളജിസ്റ്റുകളും ആരോഗ്യവിദഗ്ധരും സംശയം പ്രകടിപ്പിക്കുന്ന കാഴ്ചയും നാം കണ്ടുകൊണ്ടിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളും ഒരേ മാനദണ്ഡം ഇക്കാര്യത്തിലും സ്വീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

കൊവിഡ് 19 ന്റെ ഗവേഷണത്തില്‍ വളരെയധികം സംഭാവന ചെയ്യാന്‍ കഴിയുന്ന രാജ്യമാണ് നമ്മുടേത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ രംഗത്തെയും ഗവേഷണരംഗത്തെയും സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് കൊവിഡ് ഗവേഷണത്തിന്റെ മുന്‍വഴികള്‍ തേടുന്നതില്‍ ഇനിയും അലംഭാവമായിക്കൂടാ. കൂടെക്കൂടെയുണ്ടാകാവുന്ന ജനതികമാറ്റം, പുതിയ മരുന്നുകളുടെ ഗവേഷണം, രോഗനിര്‍ണയ സംവിധാനങ്ങളുടെ വികാസം, കൊവിഡാനന്തര സങ്കീര്‍ണതകളും അവയ്ക്കുള്ള ചികിത്സാ-പുനരുദ്ധാരണ മാര്‍ഗങ്ങള്‍ എന്നിവയെല്ലാംതന്നെ ഏകോപന ഗവേഷണത്തിലൂടെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. മാത്രവുമല്ല ഇത്തരം പഠനങ്ങള്‍ വിവിധ സംസ്ഥാനങ്ങളുടെ ചികിത്സാ- പ്രതിരോധ മേഖലകളിലെ നിലവിലെ യഥാര്‍ഥസ്ഥിതി മനസിലാക്കുന്നതിനും ഭാവിയില്‍ ഇത്തരം മഹാമാരികളുടെ പ്രതിരോധത്തിനുവേണ്ട മുന്നൊരുക്കങ്ങളെ സഹായിക്കുകയും ചെയ്യും.

പാന്‍ഡമിക് കമ്മിഷന്‍

ഏതൊരു രാജ്യത്തെയും ഏറ്റവും സങ്കീര്‍ണവും ജനപങ്കാളിത്തവുമുള്ള ഒരു കാര്യമാണല്ലോ തെരഞ്ഞെടുപ്പ്. ഇന്ത്യാമഹാരാജ്യത്തെ തെരഞ്ഞെടുപ്പ് ലോകത്തെതന്നെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവമായാണ് കാണുന്നത്. വളരെയധികം കാര്യക്ഷമതയോടെ ഇക്കാര്യം നടത്തുന്നത് കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളാണ്. ബൂത്തുതലത്തില്‍ വോട്ടര്‍പ്പട്ടിക തയാറാക്കുന്നതുമുതല്‍ വിവിധ ഘട്ടങ്ങളിലൂടെ സുഗമമായി ഇക്കാര്യം കമ്മിഷന്‍ ചെയ്യുന്നുമുണ്ട്. മഹാമാരികളെ നേരിടുന്നതിനും ഇത്തരത്തില്‍ ഒരു കമ്മിഷന്‍ സ്ഥാപിക്കുന്നത് ആലോചിക്കാവുന്നതാണ്. ഇത്തരത്തില്‍ രൂപീകൃതമാകുന്ന പാന്‍ഡമിക് കമ്മിഷന് (ജമിറലാശര ഇീാാശശൈീി) ബൂത്തുതലം മുതല്‍ രോഗികളുടെ എണ്ണം, ചികിത്സാസംവിധാനങ്ങള്‍, വാക്‌സിന്‍ ലഭ്യമായവരുടെയും അല്ലാത്തവരുടെയും കണക്ക് തുടങ്ങിയ എല്ലാ കാര്യങ്ങളെയും നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സാധ്യമാകും. രാജ്യത്ത് കേന്ദ്രീകൃതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും സര്‍ക്കാരിനെ ഉപദേശിക്കുന്നതിനും വഴികാട്ടുന്നതിനും പാന്‍ഡമിക് കമ്മിഷന് സാധിക്കും. തന്മൂലം കേന്ദ്ര, സംസ്ഥാനതലങ്ങളിലെ ഏകോപനത്തിലെ വിടവുകള്‍ നികത്തുന്നതിനും സുതാര്യവും സമഗ്രവും ഏകീകൃതവുമായ രീതിയില്‍ പ്രതിരോധ, ഗവേഷണ, ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും സാധിക്കും. ഇത്തരമൊരു സംവിധാനത്തിനു കീഴില്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടര്‍പ്പട്ടിക അനുസരിച്ച് ബൂത്ത് അടിസ്ഥാനത്തില്‍ രാജ്യമാകെ ലഭ്യമാക്കാവുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം പരിഗണിച്ച്, പൊതുതെരഞ്ഞെടുപ്പുകള്‍ നടത്തുംവിധം, വിവിധ ഘട്ടങ്ങളിലായി വാക്‌സിനേഷന്‍ ദൗത്യം പൂര്‍ത്തിയാക്കാവുന്നതാണ്. ഇത്തരം ഒരു പാന്‍ഡമിക് കമ്മിഷന് കേവല രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായ പാന്‍ഡമിക് പ്രതിരോധം (ജമിറലാശര ങമിമഴലാലി)േ സാധ്യമാവും വിധമുള്ള സ്വതന്ത്ര അസ്തിത്വം ഉറപ്പാക്കുന്ന നിയമനിര്‍മാണവും ആവശ്യമാണ്. വാക്‌സിന്‍ നിര്‍മാണം വന്‍തോതില്‍ വര്‍ധിപ്പിച്ചാലേ ഇത്തരമൊരു വ്യാപകവും ദ്രുതഗതിയിലുള്ളതുമായ വാക്‌സിനേഷന്‍ ദൗത്യം പൂര്‍ത്തിയാക്കാനാവൂ. നിലവിലെ രീതിയില്‍ പ്രതിരോധ കുത്തിവയ്പ്പ് കൊവിഡ് മഹാമാരിയെ നമ്മുടെ ജീവിതത്തില്‍ നിന്ന് എത്രയും പെട്ടെന്ന് അകറ്റിനിര്‍ത്തി സാമൂഹ്യജീവിതം സാധാരണ നിലയിലാക്കാന്‍ പര്യാപ്തമായതല്ല, യുദ്ധകാലാടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ ദൗത്യം നമുക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

കൊവിഡ് മഹാമാരി എന്നവസാനിക്കുമെന്നുറപ്പിച്ചു പറയാന്‍ ലോകത്തെ ഗവേഷകര്‍ക്കോ ആരോഗ്യവിദഗ്ധര്‍ക്കോ ഇനിയും കഴിയുന്നില്ല. തരംഗങ്ങളില്‍നിന്ന് തരംഗങ്ങളിലൂടെ മാനവരാശിയെ വെല്ലുവിളിച്ചു മഹാമാരി മുന്നോട്ടുപോകുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനും ഭാവിയിലെ ഏതൊരു മഹാമാരിയെയും നേരിടുന്നതിനും പാന്‍ഡമിക് കമ്മിഷന്‍ എന്ന പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ഒരു സംവിധാനം അഭികാമ്യമല്ലേയെന്ന ചോദ്യം പലരിലുമുയരുന്നുണ്ട്. അത്തരം ചിന്തകള്‍ ശരിയാണെന്നതുതന്നെയാണ് നിലവിലെ സ്ഥിതിഗതികള്‍ സാധൂകരിക്കുന്നതും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.