ന്യൂഡൽഹി
സുമിയിൽ കുടുങ്ങിയ 700ലധികം ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നത് ഉക്രൈനിലെ ഇന്ത്യൻ എംബസി അവസാനനിമിഷം റദ്ദാക്കി. റഷ്യ പ്രഖ്യാപിച്ച വെടിനിർത്തൽ നടപ്പാകാതിരുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ തൽക്കാലം വേണ്ടെന്നുവച്ചത്.
സുമി അടക്കമുള്ള നഗരങ്ങളിൽ റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കുകയും സാധാരണക്കാരെ ഒഴിപ്പിക്കാൻ സുരക്ഷിത ഇടനാഴി വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ ഇന്ത്യക്കാരെ പോൾട്ടോവ നഗരം വഴി ഒഴിപ്പിക്കാൻ ഉക്രൈനിലെ ഇന്ത്യൻ എംബസി തീരുമാനിച്ചിരുന്നു. അവരെ യുദ്ധം ബാധിക്കാത്ത ഉക്രൈന്റെ പടിഞ്ഞാറൻ ഭാഗത്തെത്തിക്കാനും ഹംഗറി വഴി ഇന്ത്യയിലെത്തിക്കാനുമായിരുന്നു പദ്ധതി.
ഒഴിപ്പിക്കലിനായി തയാറായിരിക്കാൻ ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എംബസി ഏർപ്പെടുത്തിയ ബസിൽ കയറാനായി വിദ്യാർഥികൾ എത്തിയെങ്കിലും അവരോട് താമസസ്ഥലത്തേക്ക് മടങ്ങാനാണ് അധികൃതർ ആവശ്യപ്പെട്ടത്. പിന്നാലെ ബസുകൾ തിരിച്ചുപോയി. കനത്ത ഷെല്ലാക്രമണം നടക്കുന്ന സുമിയിൽ വിദ്യാർഥികൾ കടുത്ത ഭീതിയിലാണ് കഴിയുന്നത്. ഭക്ഷണമോ വെള്ളമോ അവശ്യവസ്തുക്കളോ ലഭ്യമല്ലെന്ന് വിദ്യാർഥികൾ അറിയിച്ചിരുന്നു. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ടെലഫോണിൽ ചർച്ച നടത്തി. ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് 55 മിനിറ്റോളം നീണ്ട ചർച്ചയിൽ മോദി ആവശ്യപ്പെട്ടു. സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാൻ തന്റെ സേന സാധ്യമായതെല്ലാം ചെയ്തുവരുകയാണെന്ന് മോദിയെ പുടിൻ അറിയിച്ചതായി സർക്കാർ അറിയിച്ചു. ഉക്രൈനുമായുള്ള പ്രശ്‌നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണണമെന്ന നിർദേശവും മോദി മുന്നോട്ടുവച്ചു. ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയുമായും മോദി ചർച്ച നടത്തിയിരുന്നു.
അതിനിടെ, ഫെബ്രുവരി 26 മുതൽ ഓപറേഷൻ ഗംഗയുടെ ഭാഗമായി 16,000 ഇന്ത്യക്കാരെ 76 വിമാനങ്ങളിലായി ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
Comments are closed for this post.