2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദി കിരീടാവകാശിയുടെ വിദേശ യാത്രക്ക് തുടക്കമായി: ഈജിപ്തില്‍ ലഭിച്ചത് രാജകീയ സ്വീകരണം

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിദേശ യാത്രക്ക് തുടക്കമായി. ആദ്യ സന്ദര്‍ശന രാജ്യമായ ഈജിപ്തിലെത്തിയ കിരീടാവകാശിക്ക് രാജോചിത സ്വീകരണമാണ് ലഭിച്ചത്. ഈജിപ്തിന് പുറമെ, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും കിരീടാവകാശി സന്ദര്‍ശിക്കുന്നുണ്ട്.

പര്യടനത്തിനിടെ ഫ്രാന്‍സ് സന്ദര്‍ശനം നടത്താനും സാധ്യതയുണ്ടെന്ന് സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിലെ കെയ്‌റോയില്‍ എത്തിയ കിരീടാവകാശിയെ പ്രോട്ടോകോള്‍ മറികടന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി വിമാനത്തിന്റെ ഗോവണിപ്പടിയില്‍ എത്തിയാണ് സ്വീകരിച്ചത്. സഊദിയും ഈജിപ്തും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ തെളിവാണ് സംഭവ വികാസങ്ങളെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ഞായാറാഴ്ച രാത്രിയോടെ ഈജിപ്തിലെത്തിയ കിരീടാവകാശി ഈജിപ്തിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തെക്കന്‍ സിനായില്‍ നടപ്പിലാക്കുന്ന മെഗാ സിറ്റി പ്രൊജക്റ്റടക്കം വിവിധ മേഖലകളില്‍ നിക്ഷേപത്തിനായി ഇരു രാജ്യങ്ങളും കരാറില്‍ ഏര്‍പ്പെട്ടു. സഊദിയുടെ സ്വപ്ന പദ്ധതിയായ നിയോം പദ്ധതിയുമായി ചേര്‍ന്ന് ഈജിപ്തിന്റെ മണ്ണില്‍ 1,000 സ്‌ക്വയര്‍ കിലോമീറ്ററിലാണ് നിക്ഷേപം നടത്തുക. ഇതിനായി ഇരു രാജ്യങ്ങള്‍ക്കും തുല്യ പങ്കാളിത്തത്തില്‍ പത്തു ബില്യണ്‍ ഡോളര്‍ ചിലവില്‍ ഫണ്ട് രൂപീകരിക്കുകയും ചെയ്യും. പാരിസ്ഥിതിക സംരക്ഷണത്തിനായുള്ള കരാറുകളിലും ഒപ്പു വെച്ചിട്ടുണ്ട്.

ഈജിപ്ത് പ്രസിഡന്റുമായി നടന്ന കൂടിക്കാഴ്ചയില്‍ മേഖലയിലെ നിലവിലെ പ്രതിസന്ധികളും സുരക്ഷാ മേഖലകളും ചര്‍ച്ചയായി. അറബ് മേഖല നടത്തുന്ന സുരക്ഷ ഈജിപ്തിന്റെ മേലിലും ഉണ്ടാകണമെന്നും ഫത്താഹ് അല്‍ സീസി രാജകുമാരനോട് ആവശ്യപ്പെട്ടു. കെയ്‌റോയിലെ ഇത്തിഹാദിയ രാജകൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ സഊദി അമേരിക്കന്‍ ആണവ കരാര്‍ ഒപ്പു വയ്ക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം തന്നെ രണ്ടു ആണവ റിയാക്റ്ററുകള്‍ നിര്‍മ്മിക്കാന്‍ ഈ വര്‍ഷം തന്നെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുളില്‍ 16 ആണവ റിയാക്റ്ററുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.

സഊദി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് സ്വാലിഹ് ആള് ശൈഖ്, സഹമന്ത്രി ഡോ: ഉസാം ബിന്‍ സഈദ്, വാണിജ്യ നിക്ഷേപ മന്ത്രി ഡോ: മാജിദ് അല്‍ ഖസബി, വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍, ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ ഹുമൈദാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള സഹമന്ത്രി അഹ്മദ് ഖത്താന്‍, സംയുക്ത സേന മേധാവി ജനറല്‍ ഫയാദ് അല്‍ റുവൈലി തുടങ്ങിയവര്‍ കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.