2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്വപ്നങ്ങളും അയാളും

എം.വി സക്കറിയ

യൂറോപ്യന്‍ രാജ്യമായ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ 1910 ലായിരുന്നു അയാളുടെ ജനനം. പേര് കരോലി ടെകാക്‌സ് – ഗമൃീഹ്യ ഠമസമര െ- ചെറുപ്രായത്തില്‍ത്തന്നെ പട്ടാളത്തില്‍ ജോലി നേടി. സാധാരണസൈനികനായിരുന്നു ടെകാക്‌സ്. വലിയ ഓഫീസര്‍ റാങ്കിലൊന്നുമല്ല.
പക്ഷെ ആള്‍ നല്ല ഒന്നാന്തരം ഷൂട്ടറാണ്. തോക്ക് കൈയിലെടുത്ത് കാഞ്ചി വലിച്ചാല്‍ ലക്ഷ്യസ്ഥാനത്ത,് കൃത്യം പോയിന്റില്‍ത്തന്നെ ചെന്ന് പതിച്ചിരിക്കുമെന്നുറപ്പ്. കൃത്യവും കഠിനവുമായ പരിശീലനവും തികഞ്ഞ ജാഗ്രതയും കരോലിയെ അജയ്യനാക്കി.
വര്‍ഷം 1936. ബര്‍ലിന്‍ ഒളിമ്പിക്‌സിന് ലോകരാഷ്ട്രങ്ങള്‍ ടീമിനെ ഒരുക്കുകയാണ്. ഹംഗറിയും പോവുന്നുണ്ട് ഒളിമ്പിക്‌സിന്. ഷൂട്ടിംഗില്‍ രാജ്യത്തെ പ്രതിനിധീകരിക്കേണ്ടത് ആര്? കരോലി ടെകാക്‌സ് തന്നെ. രാജ്യത്തെന്നല്ല യൂറോപ്യന്‍ ഭൂഖണ്ഡത്തിലെങ്ങും അത്രയും മിടുക്കനായ ഷൂട്ടര്‍ വേറെയില്ല. പക്ഷെ രാഷ്ട്രം അയാളെ തെരഞ്ഞെടുത്തില്ല! ടീമില്‍ ഉള്‍പ്പെടുത്തിയില്ല. കാരണം സൈന്യത്തില്‍ അയാള്‍ വെറുമൊരു സാദാ പട്ടാളക്കാരന്‍ മാത്രമായിരുന്നു!!

സര്‍ജന്റ് പദവി മാത്രമുള്ളയാള്‍. കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കിലിരിക്കുന്നവരെ മാത്രം ഒളിമ്പിക്‌സിനയച്ചാല്‍ മതിയെന്നായിരുന്നു ഹംഗറിയിലെ അന്നത്തെ നിയമം!
കരോലി ടെകാക്‌സിനുണ്ടായ സങ്കടം സഹിക്കവയ്യാത്തതായിരുന്നു. മെഡല്‍ ഉറപ്പായിട്ടും പങ്കെടുക്കാനാവാത്ത സങ്കടം.
പക്ഷെ എന്തുചെയ്യാന്‍!!
നിയമം നിയമത്തിന്റെ വഴിക്ക് പോയി.

പക്ഷെ ആ പോരാളിയുടെ നല്ല സമയം വരാനിരിക്കുന്നുണ്ടായിരുന്നു. ആ ഒളിമ്പിക്‌സ് കഴിഞ്ഞതോടെ ഹംഗറിയിലെ സൈന്യത്തില്‍ നിയമം മാറ്റി. പദവി നോക്കേണ്ടതില്ല, കഴിവുള്ളവര്‍ക്ക് പങ്കെടുക്കാം എന്ന ചട്ടഭേദഗതി വന്നു.
അതോടെ ആ യുവപട്ടാളക്കാരന് ആശ്വാസമായി. ആഹ്ലാദമായി.പൂര്‍വ്വാധികം ഉല്‍സാഹത്തോടെ പരിശീലനം തുടര്‍ന്നു. 1940 ലാണ് അടുത്ത ഒളിമ്പിക്‌സ്. അതില്‍ പങ്കെടുക്കാം. വിജയിച്ചു കയറാം.

ചിട്ടയായ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമായി. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍, ഒളിമ്പ്ക്‌സില്‍ രാഷ്ട്രത്തിന്റെ അഭിമാനമുയര്‍ത്തി സ്വര്‍ണ്ണം വെടിവെച്ചിടാന്‍, ഇനി ഏതാനും മാസങ്ങള്‍ മാത്രം. പക്ഷെ ആ ചെറുപ്പക്കാരനെ വലിയൊരു ദുരന്തം കാത്തിരിപ്പുണ്ടായിരുന്നു. സൈനിക പരിശീലനത്തിനിടയില്‍ ദുര്‍വിധി ഒരു ഗ്രനേഡിന്റെ രൂപത്തിലെത്തി!. കേടായ ആ ഗ്രനേഡ് ടകാക്‌സിന്റെ കൈയിലിരുന്ന് പൊട്ടിത്തെറിച്ചു!
ഒളിമ്പിക്‌സ് മല്‍സരവേദിയില്‍ കാഞ്ചി വലിക്കേണ്ട കൈ, സ്വര്‍ണ്ണം നേടേണ്ടുന്ന കൈ, ചരിത്രത്തില്‍ ഇടം പിടിക്കേണ്ട ആ സുവര്‍ണ്ണ വലംകൈ, നുറുങ്ങിത്തകര്‍ന്നു ചിന്നിത്തെറിച്ചു!! ചിതറിയ വലതുകൈപ്പത്തിയും തകര്‍ന്നടിഞ്ഞ ഒളിമ്പിക്‌സ് മോഹങ്ങളുമായി ആ യോദ്ധാവ് ആശുപത്രിക്കിടക്കയില്‍ തളര്‍ന്നുകിടന്നു.
കാരിരുമ്പിന്റെ കരുത്തുള്ള സൈനികഹൃദയമായാലും തളര്‍ന്നുപോവുന്ന അവസ്ഥയില്‍ കുറേ സ്ങ്കടദിനങ്ങള്‍ കടന്നുപോയി.
പക്ഷെ അങ്ങിനെ വിട്ടുകൊടുക്കുന്നവനായിരുന്നില്ല ആ പോരാളി. മനസ്സിനെ ദൃഢപ്പെടുത്തി അയാള്‍ ആലോചിച്ചു തുടങ്ങി.
പറ്റിയ ദുരന്തങ്ങളെക്കുറിച്ചോര്‍ത്ത് സങ്കടപ്പെട്ട് കരഞ്ഞ്‌കൊണ്ട് ദിവസങ്ങള്‍ കഴിച്ചു കൂട്ടേണമോ?
ദുരന്തകഥാപാത്രമെന്ന് ലോകത്താല്‍ വിശേഷിപ്പിക്കപ്പെടേണമോ? സ്വയം സഹതപിച്ച് കഴിയണോ? അതോ പൊരുതി നേടാന്‍ പരിശ്രമിക്കേണമോ?

അതുവേണ്ട. കാരണം താന്‍ വിജയിയാണ്‍!. വിജയിക്കാന്‍ പിറന്നവനാണ്. കഴിവുകള്‍ നല്‍കി അനുഗ്രഹിക്കപ്പെട്ട മനുഷ്യനാണ്. കഴിവുകളില്‍ ചിലത് നഷ്ടമായാല്‍, അവസരങ്ങളില്‍ ചിലതില്‍ പരാജയം സംഭവിച്ചാല്‍, പിന്‍വാങ്ങുകയല്ല വേണ്ടത്.
ബദല്‍വഴികള്‍ തേടുകയാണ്.
അടുത്ത അവസരത്തില്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ആഗോള കായിക മല്‍സരങ്ങളുടെ എവറസ്റ്റായ ഒളിമ്പ്ക്‌സില്‍ താന്‍ വിജയിച്ചേ മതിയാവൂ. അതിനായി വീണ്ടും പരിശ്രമിക്കുക. താന്‍ കഴിവില്ലാത്തവനല്ല. വ്യത്യസ്ത കഴിവുള്ളവനാണ്‍!
വലതുകൈ പോയെങ്കില്‍ തനിക്ക് ഇടം കൈ ബാക്കിയുണ്ട്!! ദൈവം അതു ബാക്കിവെച്ചത് വെറുതെയാവില്ല!!
അങ്ങിനെ മനസ്സിലും പിസ്റ്റളിലും അടിഞ്ഞു കൂടിയ പൊടി തുടച്ചുകളഞ്ഞ് അയാള്‍ ഇറങ്ങി!!
നഷ്ടപ്പെട്ടുപോയതിനെ, ലോകോത്തരമായിരുന്ന വലതുകൈപ്പത്തിയെ, അയാള്‍ മറവിയിലേക്ക് മാറ്റിയിട്ടു. ഇപ്പോഴുള്ളതിനെ, ആരോഗ്യകരമായ ഇടതുകൈപ്പത്തിയെ മാത്രം ഓര്‍മ്മയില്‍ നിലനിര്‍ത്തി. ഇടം കൈകൊണ്ട് ഷൂട്ടിംഗ് പരിശീലനം ആരംഭിച്ചു.
ചാമ്പ്യനെപ്പോലെ പരിശീലിച്ചു. പക്ഷെ ആരുടെയും ശ്രദ്ധയില്‍പെടാതെയായിരുന്നു ആ തുടക്കം! സഹതാപം കാണിച്ച് മറ്റുള്ളവര്‍ തന്റെ മനോവീര്യം തളര്‍ത്താതിരിക്കാന്‍!

1939 ല്‍ ഹംഗറിയുടെ ദേശീയ പിസ്റ്റള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുകയാണ്. വേദിയിലേക്ക് കരോലി ടകാക്‌സും എത്തി. മറ്റുതാരങ്ങള്‍ അദ്ദേഹത്തെ ഹസ്തദാനം ചെയ്തു സ്വീകരിച്ചു. ‘ഇത്ര സങ്കടകരമായ അവസ്ഥയിലും താങ്കള്‍ മല്‍സരം കാണാന്‍ എത്തിയല്ലോ’ അവരിലൊരാള്‍ പറഞ്ഞു.
‘കാണാനല്ല, പൊരുതാനാണ് ഞാന്‍ എത്തിയത്’

അതായിരുന്നു ടെക്‌സാസിന്റെ മറുവാക്ക്. അതുകേട്ട് ഏവരും അതിശയിച്ചു. മല്‍സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് വിജിച്ചുകാണിച്ചപ്പോള്‍ ആ അതിശയം പതിന്മടങ്ങായി.

ടെകാക്‌സിന്റെ മനസ്സില്‍ ഒളിമ്പിക്‌സ് സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ വീണ്ടും വളര്‍ന്നുതിടം വെച്ചു. ഒരു രാജ്യം മുഴുവനുമുണ്ടായിരുന്നു ആ സ്വപ്‌നങ്ങള്‍ക്കൊപ്പം.
പക്ഷെ, എന്തുചെയ്യാം. സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ ദുരന്തം വീണ്ടും കാത്തിരിപ്പുണ്ടായിരുന്നു. ഇത്തവണ അത് ലോകമഹായുദ്ധത്തിന്റെ രൂപത്തിലാണെത്തിയത്. രണ്ടാം ലോകമഹായുദ്ധം കാരണം അടുത്ത രണ്ട് ഒളിമ്പിക്‌സുകളും ഉണ്ടായില്ല!! 1940 ലും 44 ലും. യുവതയുടെ വിളയാട്ടമായ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഇനി അവസരം കിട്ടുമോ? പ്രായം കടന്നുപോവുകയല്ലേ!
തിരിച്ചടികളില്‍ കുലുങ്ങാത്ത ആ ഷാര്‍പ്പ് ഷൂട്ടര്‍ പക്ഷെ പരിശീലനം മുടക്കിയില്ല.
1948 ലെ ലണ്ടന്‍ ഒളിമ്പിക്‌സിന് ടകാക്‌സ് എത്തുകതന്നെ ചെയ്തു. പോരാളിക്ക് പ്രായം അപ്പോള്‍ 38 ആയിരുന്നു!!
പക്ഷെ യുവത്വം മനസ്സിലും കരുത്ത് ഇടം കൈയിലും സൂക്ഷിച്ച കരോലി ടെകാക്‌സ് സ്വര്‍ണ്ണം കരസ്ഥമാക്കി. അതും ലോക റെക്കാഡോടെ! തീര്‍ന്നില്ല, 1952 ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സിലും ആ യോദ്ധാവ് ഇടംകൈ കൊണ്ട് സ്വര്‍ണ്ണമെഡല്‍ നേട്ടം കൊയ്തു.

ഇനി നമ്മളിലേക്ക്. കഴിഞ്ഞ എന്‍ട്രന്‍സില്‍ പോയി.
കൊറോണ ദുരന്തകാലത്ത് ബിസിനസ് പൊളിഞ്ഞു.
ഗള്‍ഫിലെ ജോലി പോയി!
നമുക്ക് ഒന്നുകില്‍ നിരാശരായി തല താഴ്ത്തിയിരിക്കാം. പോയതിനെയോര്‍ത്ത് കരഞ്ഞു കരഞ്ഞിരിക്കാം. ദുരന്തകഥാപാത്രമായി മാറാം. എന്നാല്‍ വേണമെന്നുണ്ടെങ്കില്‍, ബാക്കിയായ കൈ കൊണ്ട് തളരാതെ പൊരുതിനോക്കുന്ന കരോലി ടെകാക്‌സ് ആവുകയും ചെയ്യാം.
ഏതു വേണമെന്നത് സ്വന്തം ഓപ്ഷന്‍!!
‘ It’s not about being the best. It’s about being better than yesterday’
ടെകാക്‌സ് പറയുന്നതിങ്ങനെ.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.