2022 July 02 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ആശ്വസിക്കാം, നീതിന്യായ വ്യവസ്ഥയ്ക്കും

 

നമ്മുടെ നിയമപാലന, നീതിന്യായ വ്യവസ്ഥകള്‍ക്ക് ഏറെ കളങ്കമുണ്ടാക്കിയ സിസ്റ്റര്‍ അഭയ കേസില്‍ നീണ്ട 28 വര്‍ഷങ്ങള്‍ക്കൊടുവില്‍ വിധി വന്നിരിക്കുകയാണ്. നിരന്തരമായ നിയമ പോരാട്ടങ്ങള്‍ക്കും പൊതുസമൂഹത്തില്‍ നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് തിരുവനന്തപുരത്തെ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരിക്കുന്നത്.

1992 മാര്‍ച്ച് 27നാണ് ക്‌നാനായ സഭയുടെ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയും കോട്ടയം ബി.സി.എം കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്ന ബീന എന്ന സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ തന്നെ കൊലപാതകമെന്ന് പൊതുസമൂഹത്തിനു തോന്നിയ ഈ കേസ് അട്ടിമറിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ സഭയുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ശക്തികളില്‍ നിന്നും രാഷ്ട്രീയാധികാര കേന്ദ്രങ്ങളില്‍ നിന്നും അന്വേഷണോദ്യോഗസ്ഥരില്‍ നിന്നുമൊക്കെ ഉണ്ടായത് ആ തോന്നല്‍ ബലപ്പെടുത്തുകയും ചെയ്തു. തുടക്കത്തില്‍ കേസ് അന്വേഷിച്ച ലോക്കല്‍ പൊലിസ് അത് ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്തള്ളി. സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി നടത്തിയ നിയമ പോരാട്ടങ്ങളെയും ബഹുജന പ്രക്ഷോഭങ്ങളെയും തുടര്‍ന്ന് പിന്നീട് കേസ് ഏറ്റെടുത്ത സി.ബി.ഐയും ഒന്നിലധികം ഘട്ടങ്ങളില്‍ അത് ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായ നിയമ പോരാട്ടങ്ങളുടെ ഫലമായാണ് കേസ് നേര്‍വഴിക്കു നീങ്ങിയതും ഒടുവില്‍ ഈ വിധിയുണ്ടായതും.

കെട്ടുകഥകളെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ നടുക്കമുണ്ടാക്കുന്നതും വിസ്മയകരവുമായിരുന്നു കേസന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍. നാലാം പ്രതിയായിരുന്ന മുന്‍ എ.എസ്.ഐ വി.വി അഗസ്റ്റിന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ചില സുപ്രധാന തെളിവുകളായ വസ്തുക്കള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കത്തിച്ചു നശിപ്പിച്ചു. ഭീഷണികളെയും സമ്മര്‍ദങ്ങളെയും തുടര്‍ന്ന് എട്ടു സാക്ഷികള്‍ കൂറുമാറി. ഇരകള്‍ക്കൊപ്പം നിന്ന ജോമോനടക്കുള്ളവര്‍ക്കു നേരെ നിരന്തര ഭീഷണികളുണ്ടായി. സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുത്ത ശേഷം ചില സുപ്രധാന വിവരങ്ങള്‍ കണ്ടെത്തിയ സി.ബി.ഐ മുന്‍ ഡിവൈ.എസ്.പി വര്‍ഗീസ് പി. തോമസ് മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തിലും ഭീഷണിയിലും മനംനൊന്ത് ജോലി രാജിവച്ചു. കേസില്‍ നീതി പുലരില്ലെന്ന തോന്നല്‍ ഇതെല്ലാം പൊതുജനങ്ങളിലുണ്ടാക്കി.

വൈകി ലഭിക്കുന്ന നീതി നീതിനിഷേധം തന്നെയാണെന്ന ആപ്തവാക്യം രാജ്യത്ത് ഒരു തമാശവചനമായി മാറിയിട്ട് കാലമേറെയായെങ്കിലും ഒരു സാധാരണ കൊലപാതകക്കേസ് ഇങ്ങനെയൊക്കെ ഇഴഞ്ഞുനീങ്ങിയത് പ്രതികള്‍ സാധാരണക്കാരല്ലാത്തതുകൊണ്ടു മാത്രമായിരുന്നു. സമൂഹത്തിനു ധാര്‍മിക മാതൃകകളുടെ പാത കാണിക്കേണ്ട ആത്മീയ സംവിധാനങ്ങളില്‍ കയറിക്കൂടുന്ന ചില ക്രിമിനലുകളും അവര്‍ക്കു പിന്നിലെ സാമ്പത്തിക ശക്തികളും അവര്‍ക്കു സ്വാധീനമുള്ള രാഷ്ട്രീയ ശക്തികളും അന്വേഷണോദ്യോഗസ്ഥരും ഒത്തുകളിച്ചാണ് കേസ് നിരന്തരമായി അട്ടിമറിച്ചതെന്നും അത്തരക്കാര്‍ക്കു മുന്നില്‍ അഭയയെപ്പോലുള്ള ദരിദ്ര മനുഷ്യജന്മങ്ങള്‍ എത്രമാത്രം നിസ്സഹായരാണെന്നും സമൂഹത്തിനു ബോധ്യപ്പെടുകയായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഏറെ വൈകിയെങ്കിലും കേസില്‍ വന്ന വിധി നീതിയില്‍ വിശ്വസിക്കുന്ന സാധാരണക്കാര്‍ക്കെല്ലാം ആശ്വാസം പകരുന്നതാണ്. ഒപ്പം രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കും ആശ്വസിക്കാം, അനീതി നിറഞ്ഞതെന്നു ജനങ്ങള്‍ക്കു തോന്നിയ ചില വിധികളിലൂടെ സമീപകാലത്ത് ഏറെ സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമായ രാജ്യത്തെ നീതിപീഠങ്ങളില്‍ നീതിയുടെ ഉറവകള്‍ തീര്‍ത്തും വറ്റിപ്പോയിട്ടില്ലെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിക്കാനായതില്‍.

അതേസമയം നീതിക്കു വേണ്ടി ദീര്‍ഘകാലം കാത്തിരുന്ന അഭയയുടെ മാതാപിതാക്കള്‍ വിധി കേള്‍ക്കാന്‍ ജീവിച്ചിരുന്നില്ല എന്നത് വലിയൊരു സങ്കടമായി കേരളീയ സമൂഹത്തില്‍ അവശേഷിക്കുകയുമാണ്. തോരാത്ത കണ്ണുകളും നിയമപ്പോരാട്ടങ്ങളും പ്രാര്‍ഥനകളുമായി മകളുടെ ഘാതകര്‍ക്കു ശിക്ഷ ലഭിക്കുന്നതു കാണാന്‍ കാത്തിരുന്ന ആ സാധു മനുഷ്യര്‍ അതിനാവാതെ ഈ ലോകം വിട്ടുപോകുകയായിരുന്നു.

അതോടൊപ്പം സമുദായ നേതാക്കളില്‍നിന്നു പോലുമുണ്ടായ കടുത്ത സമ്മര്‍ദങ്ങളെയും ഭീഷണികളെയും അതിജീവിച്ച് മനസ്സാക്ഷിക്കു നിരക്കാത്തതിനൊന്നും വഴങ്ങാതെ നീതിക്കു വേണ്ടി നിലകൊണ്ട ജോമോനടക്കമുള്ള ചിലരും ചില സാക്ഷികളും നീതിബോധത്തിന്റെ പ്രതീകങ്ങളായി നില്‍ക്കുകയുമാണ് കേരളീയ മനസ്സുകളില്‍. തെരഞ്ഞെടുത്തത് കള്ളന്റെ ജോലിയാണെങ്കിലും ഉള്ളിലെ മാനവികതയുടെ കരുത്തില്‍ കള്ളം പറയാന്‍ വിസമ്മതിച്ച അടയ്ക്ക രാജുവിന്റെയും അഭയയുടെ അധ്യാപിക പ്രൊഫ. ത്രേസ്യാമ്മയുടെയും സാക്ഷിമൊഴികളാണ് കോടതിയില്‍ നിര്‍ണായകമായത്. ഒപ്പം കേരളീയ സമൂഹത്തില്‍ വലിയൊരു വിഭാഗം ആളുകളില്‍ ഉണര്‍ന്നുനിന്ന നീതിബോധത്തിന്റെ കരുത്ത്, മറ്റു നിവൃത്തിയില്ലാതെയാണെങ്കിലും ഒടുവില്‍ കേസ് നേര്‍വഴിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അന്വേഷണോദ്യോഗസ്ഥരെ പ്രേരിപ്പിക്കുകയുമുണ്ടായി.

സി.ബി.ഐ കോടതിയുടെ വിധി മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് ഉറപ്പാണ്. ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ ഏതറ്റം വരെയും പോയേക്കും. അതെല്ലാം കാത്തിരുന്നു കാണാം. എങ്കിലും നീതിയെക്കുറിച്ചുള്ള പ്രതീക്ഷ തീര്‍ത്തും അസ്തമിക്കാതിരിക്കാന്‍ ജനതയെ പ്രേരിപ്പിക്കുന്ന ഈ വിധിക്ക് ഏറെ പ്രാധാന്യമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.