2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൊരുതുന്നവരുടെ കഥകള്‍

 

ലോകപ്രശസ്തനായ അമേരിക്കന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഗ്രാന്റ്‌ലാന്റ് റൈസ് ഇങ്ങനെ എഴുതി. ‘മഹാനായ വലിയ കണക്കെഴുത്തുകാരന്‍ നിന്റെ പേരിനുമുന്നില്‍ രേഖപ്പെടുത്തുന്നത്, നീ വിജയിച്ചുവോ, പരാജയപ്പെട്ടുവോ എന്നായിരിക്കില്ല; നീ എത്ര നന്നായി കളിച്ചുവെന്ന് മാത്രമായിരിക്കും’. ‘When the One Great Scorer comes to mark against your name, He writes not that you won or lost, but how you played the game!’ – Grantland Rice.
ഭൂമിയിലെ മത്സരക്കളികളില്‍ വ്യക്തികളോ ടീമുകളോ മത്സരിക്കുമ്പോള്‍ ജയപരാജയങ്ങള്‍ക്കാവും സാധാരണഗതിയില്‍ പ്രാധാന്യം ലഭിക്കുക. അതേസമയം ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മത്സര പരീക്ഷകളിലെ ഫലങ്ങള്‍ വരുമ്പോഴോ? തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ. മത്സരങ്ങളില്‍ നന്നായി പൊരുതിയവരുടെ ചില ചിത്രങ്ങളിലേക്ക് നോക്കാം.

‘പണം വേണോ, പവര്‍ വേണോ?’ ഇരുകൈകളും ചുരുട്ടിപ്പിടിച്ച് കൂട്ടുകാരുടെ നേരേ നീട്ടി, ഇഷ്ടമുള്ളതില്‍ തൊടാന്‍ പറയുന്ന കളിയുണ്ട് കുട്ടികള്‍ക്കിടയില്‍!… ഏതു വേണം? വലിയൊരു ചോദ്യമാണത്. കേവലം ബാലലീലകള്‍ മാത്രമല്ല, പലപ്പോഴും മുതിര്‍ന്നവരുടെ ജീവിത സമസ്യകള്‍ കൂടിയാകാറുണ്ട് ഈ ചോദ്യം. ഏതു തിരഞ്ഞെടുക്കണം? പണം ധാരാളമായി സമ്പാദിക്കാന്‍ കഴിയുന്ന മേഖല വേണോ, അതോ മനുഷ്യസേവനം സാധ്യമാവുന്ന സമുന്നത പദവികള്‍ക്കായി ശ്രമിക്കണോ? ഈ ചോദ്യമായിരിക്കും ഗൗരവ് അഗര്‍വാള്‍ എന്ന മിടുക്കന്‍ ചെറുപ്പക്കാരന്റെ മനസിലുയര്‍ന്നിട്ടുണ്ടാവുക. ആള്‍ ചില്ലറക്കാരനായിരുന്നില്ല. കേവലം 16 വയസ് കഴിയുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും കഠിനമായ മത്സര പരീക്ഷകളിലൊന്നായ ഐ.ഐ.ടി എന്‍ട്രന്‍സില്‍ മിന്നുംവിജയം കരസ്ഥമാക്കിയ പ്രതിഭയാണ്. ലക്ഷങ്ങളോട് പൊരുതിയാണ് 45ാം റാങ്ക് സ്വന്തമാക്കിയത്!

കാണ്‍പൂര്‍ ഐ.ഐ.ടിയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് നേടി. പക്ഷേ, വിജയകഥ അവിടെ അവസാനിപ്പിക്കാനാവുമായിരുന്നില്ല ആ ചെറുപ്പക്കാരന്. എത്തിപ്പിടിച്ചവയില്‍നിന്ന് വീണ്ടും മുന്നോട്ട് എന്ന അതിയായ തൃഷ്ണ, അഭിനിവേശം ഉള്ളിലുണ്ടായിരുന്നു. കൂടുതല്‍ മികച്ചവയ്ക്കായി പരിശ്രമം തുടരാന്‍ ഉള്ളിലെ അഗ്നി ആ ചെറുപ്പക്കാരനെ നിരന്തരം പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. മാനേജ്‌മെന്റ് പഠിക്കണം. അതു രാജ്യത്തെ ഏറ്റവും മികച്ചവയില്‍ത്തന്നെയാവണം. പ്രവേശനം ലഭിക്കുന്നതിന് അതികഠിനമെന്ന് വിശേഷിപ്പിക്കാറുള്ള കാറ്റ് (സി.എ.ടി) പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടിയെടുക്കേണ്ടതുണ്ട്. ഗൗരവിന്റെ പരിശീലനം ഗൗരവതരവും തീവ്രതരവുമായിരുന്നു; ഫലം അത്യുന്നത സ്‌കോറും-99.94 ശതമാനം.

അതിന്റെ അടിസ്ഥാനത്തില്‍ ലഖ്‌നോ ഐ.ഐ.എമ്മില്‍ മാനേജ്‌മെന്റ് പഠനം. നല്ല ശമ്പളത്തോടെ നിരവധി ഓഫറുകള്‍ കാത്തിരിപ്പുണ്ട്. ഹോങ്കോങ്ങിലെ ബാങ്ക് ജോലി സ്വീകരിച്ചു. ആ ചെറുപ്പക്കാരന് പുതിയ കാര്യങ്ങള്‍ അറിയാനും പഠിക്കാനുമുള്ള അവസരം കൂടിയായി ഈ ജോലി.
ബാങ്കിന്റെ സാമൂഹ്യപ്രവര്‍ത്തന പദ്ധതികളില്‍ പങ്കാളിയായി. ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് തിരിച്ചറിവുകളുണ്ടായി.’എന്റെ കാഴ്ചപ്പാടിനെത്തന്നെ അവ മാറ്റിമറിച്ചു. ജനങ്ങളുടെ ആവശ്യങ്ങളും അവയില്‍ ഇടപെടേണ്ട രീതികളും മനസിലാക്കാന്‍ സഹായിച്ചു. ഈ പ്രവര്‍ത്തന പരിചയം മാതൃരാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിനായി പ്രയോജനപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു’. അങ്ങനെയാണ് ജീവിതയാത്രയിലെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള ചിന്ത മനസിലേക്കെത്തുന്നത്. വലിയ പണവും സൗകര്യങ്ങളുമെല്ലാമുണ്ടെങ്കിലും അതിലും വലുതല്ലേ സ്വന്തം രാജ്യത്തെ സിവില്‍ സര്‍വിസ്? അതില്‍ പ്രവേശിക്കുന്നതിലൂടെ ജനതയെ സേവിക്കുന്നതിനുള്ള സുവര്‍ണാവസരമാണല്ലോ കൈവരുന്നത്.

പക്ഷേ, ഇവിടെയുമുണ്ടായിരുന്നു ആ വലിയ സമസ്യ!! ഉത്തരം കിട്ടാന്‍ ഒട്ടും എളുപ്പമല്ലാത്ത ചോദ്യം. ‘To be or not to be’ വേണോ വേണ്ടയോ? വലിയ വരുമാനമുള്ള മികച്ചൊരു ജോലി, യാതൊരു ഉറപ്പുമില്ലാത്ത കഠിന പരീക്ഷയ്ക്കായി ഉപേക്ഷിക്കുക!! ആലോചിക്കാന്‍ പോലും പലര്‍ക്കും പറ്റാത്ത കാര്യം!! വിജയസാധ്യത നന്നേ കുറവ്. (പത്തര ലക്ഷം പേരാണ് 2020ല്‍ സിവില്‍ സര്‍വിസ് അപേക്ഷകരായുണ്ടായിരുന്നത് എന്നോര്‍ക്കുക! ആയിരത്തില്‍ താഴെ പേര്‍ക്ക് മാത്രമായിരിക്കും സിവില്‍ സര്‍വിസിന്റെ ഏതെങ്കിലുമൊരു ശ്രേണിയില്‍ എത്തിച്ചേരാന്‍ സാധ്യമാവുക. ആദ്യ നൂറില്‍ താഴെയെത്തണം ഐ.എ.എസ് കരസ്ഥമാക്കാന്‍!)
ഏതായാലും ഗൗരവ് ലീവെടുത്താണ് പഠനമാരംഭിച്ചത്. പഠനം നന്നായി മുന്നോട്ടുപോകുന്നുവെന്ന് വിശ്വാസമായതോടെ ധൈര്യമായി രാജിവച്ചു.
ഇന്ത്യയില്‍ തിരിച്ചെത്തി കഠിനപ്രയത്‌നത്തില്‍ മുഴുകി. എത്രമാത്രം ആത്മാര്‍ഥമായും ത്യാഗങ്ങള്‍ സഹിച്ചുമായിരുന്നു പരിശീലനം എന്നൊന്നും ഇവിടെ വര്‍ണിക്കുന്നില്ല. ഏതായാലും ആദ്യ അവസരത്തില്‍ ഐ.പി.എസ് ലഭിച്ചു. കിട്ടിയത് സ്വീകരിച്ച് പൊലിസ് അക്കാദമിയില്‍ പരിശീലനം തുടരുമ്പോഴും പഠനത്തിന് ഇടവേളയുണ്ടായില്ല. അടുത്തവര്‍ഷം വീണ്ടും എഴുതി. സ്വപ്ന നേട്ടം!! ഐ.എ.എസ് യാഥാര്‍ഥ്യമായി. അതും രാജ്യത്തെ ഒന്നാമനായി!!
ചെറിയ വിജയങ്ങളില്‍ തൃപ്തിപ്പെട്ട് ഒതുങ്ങിയിരിക്കാതെ അടുത്ത ഉയര്‍ന്ന ലക്ഷ്യത്തിനായി പൊരുതുക. വിജയം അതിന്റെ വഴിയേ വരും. ഗൗരവ് അഗര്‍വാള്‍ സ്വന്തം ജീവിതംകൊണ്ട് കാണിച്ചുതരുന്നു.

അതേസമയം, ഇത്തരം പരീക്ഷകളില്‍ പരാജിതരുടെ എണ്ണം വിജയികളേക്കാള്‍ എത്രയോ ഏറെയാണ് എന്നത് വലിയൊരു സത്യവുമാണ്. അങ്ങനെ പരാജയപ്പെട്ടവരുടെ ഉദാഹരണങ്ങള്‍, അതില്‍നിന്ന് കരകയറിയവരുടെ ചരിത്രങ്ങള്‍, വിജയങ്ങളുടെ ചവിട്ടുപടിയാക്കിയവരുടെ കഥകള്‍….. ഏറെയുണ്ട് പറയാന്‍.
ഗ്രാന്റ്‌ലാന്റ് റൈസ് എഴുതിയതിന്റെ പൊരുളിലേക്ക് പോകാം. ജയപരാജയങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. പരാജയങ്ങള്‍ നമ്മെ തളര്‍ത്തരുത്. അതില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സ്വയം മെച്ചപ്പെടുത്തുക. ശക്തിയും ദൗര്‍ബല്യങ്ങളും തിരിച്ചറിയുക. കഴിവില്‍ വിശ്വാസം വളര്‍ത്തുക. എത്ര നന്നായി പൊരുതി എന്നത് തന്നെയാണ് പ്രധാനം. ചിലപ്പോള്‍ ആഗ്രഹിച്ചതിനേക്കാള്‍ ഉയരങ്ങളിലേക്ക് അതു നമ്മെ നയിച്ചെന്നിരിക്കും. ശുഭപ്രതീക്ഷയോടെയിരിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News