2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

63 സ്പൂണുകള്‍ വിഴുങ്ങി പൊല്ലാപ്പിലായ ഇന്ത്യക്കാരന്റെ കഥ വൈറലായി

മുസഫര്‍ നഗര്‍: സ്പൂണില്‍ ഭക്ഷണം നല്‍കുന്നതിനെ സ്പൂണ്‍ ഫീഡിങ് എന്നാണ് പറയുന്നതെങ്കിലും സ്പൂണ്‍ തന്നെ ഭക്ഷണമാക്കുന്നതിനെ എന്ത് വിളിക്കും? 63 സ്പൂണുകള്‍ വിഴുങ്ങി പൊല്ലാപ്പിലായ ഇന്ത്യക്കാരന്റെ കഥ ഇപ്പോള്‍ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിറയുകയാണ്. ഉത്തര്‍പ്രദേശുകാരനായ 32കാരന്റെ വയറ്റില്‍ നിന്നാണ് ഇത്രയും സ്പൂണുകള്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. രോഗി മുസഫര്‍ നഗറിലെ ആശുപത്രിയില്‍ വിശ്രമത്തിലാണ്.

സ്പൂണുകളുടെ പിടിഭാഗം മാത്രമാണ് ഇയാള്‍ വിഴുങ്ങിയിരുന്നത്. വിജയ് എന്ന് പേരുള്ള ഇയാള്‍ പ്രത്യേക മാനസിക വൈകൃതത്തിന് അടിമയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് ആശുപത്രിയിലെത്തിയത്. വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്നുണ്ടായിരുന്നില്ല. ഒരാഴ്ചയോളം ബുദ്ധിമുട്ടിയ ശേഷമാണ് ചികില്‍സ തേടിയത്. ട്യൂമറാണെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം സംശയിച്ചിരുന്നത്.

എക്‌സറേ, സി.ടി സ്‌കാന്‍ പരിശോധനയില്‍ ലോഹ വസ്തു വയറ്റിലുള്ളതായി മുസഫര്‍ നഗറിലെ ഇവാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ രണ്ട് മണിക്കൂറിലധികം സമയമെടുത്ത് ഓരോന്നായി 63 സ്പൂണുകള്‍ പുറത്തെടുക്കുകയായിരുന്നു. സ്പൂണിന്റെ തലഭാഗം പൊട്ടിച്ചുമാറ്റി പിടിഭാഗം മാത്രമാണ് വിഴുങ്ങിയിരുന്നതെന്നും അപൂര്‍വ കേസുകളിലൊന്നാണിതെന്നും ശസ്ത്രക്രിയ നടത്തിയ ഡോ. രാകേഷ് ഖുറാന പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.