2023 March 31 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇസ്റാഅ്, മിഅ്റാജ്; അത്ഭുതങ്ങളിലേക്കുള്ള ആകാശാരോഹണം

വെള്ളിപ്രഭാതം
മുഹമ്മദ് റഹ്മാനി മഞ്ചേരി

നബി(സ്വ)യുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും അത്ഭുതസംഭവവുമായ ഇസ്‌റാഅ്, മിഅ്‌റാജ് ഉണ്ടായത് റജബ് മാസത്തിലാണെന്നാണ് പ്രബലാഭിപ്രായം. ഇതു വ്യക്തമാക്കാനായി ഇമാം ഇബ്‌നു ദിഹ് യത്ത്(റ) ‘അൽ ഇബ്തിഹാജു ഫീ അഹാദീസിൽ മിഅ്‌റാജ്’ എന്നൊരു ഗ്രന്ഥംതന്നെ രചിച്ചിട്ടുണ്ട്. നബി(സ്വ)യുടെ ആത്മാവും ശരീരവും ഒന്നിച്ചാണ് ആ പ്രയാണമുണ്ടായതെന്നുകൂടി എല്ലാ സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ട് പ്രസ്തുത ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്.

വിശുദ്ധ ഖുർആനിലെ സൂറത്ത് ഇസ്‌റാഇൻ്റെ ആദ്യവചനങ്ങളിൽ ഈ സംഭവമാണ് വിവരിക്കുന്നത്: ‘പരിസരം നാം അനുഗൃഹീതമാക്കിയ മസ്ജിദുൽ അഖ്‌സായിലേക്ക് മസ്ജിദുൽ ഹറാമിൽനിന്ന് ഒരു രാത്രിയിൽ തന്റെ ദാസനെ(നബിയെ) നിശായാത്ര ചെയ്യിച്ചവൻ എത്ര പരിശുദ്ധൻ, നമ്മുടെ ദൃഷ്ടാന്തങ്ങളിൽനിന്ന് ദാസന് നാം കാണിച്ചുകൊടുക്കാൻ വേണ്ടിയത്രെ അത്(ഇസ്‌റാഅ്: 1). ഉമ്മു ഹാനിഇൻ്റെ വീട്ടിൽ നിദ്രയിലായിരുന്ന തിരുനബി(സ്വ)യുടെ അടുക്കൽ ജിബ്‌രീൽ(അ) വരികയും നെഞ്ചുപിളർത്തി ഹൃദയം സംസംകൊണ്ട് കഴുകുകയും ബുറാഖ് എന്ന വാഹനത്തിൽ കേറ്റുകയും ബൈത്തുൽ മുഖദ്ദസിൽ കൊണ്ടുപോകുകയും ചെയ്തു. അവിടെ എല്ലാ പ്രവാചകർക്കും ഇമാമായി നിസ്‌കരിക്കുകയും ശേഷം ജിബ്‌രീലിൻ്റെകൂടെ സിദ്‌റത്തുൽ മുന്തഹവരേയും അവിടന്ന് ഒറ്റക്കും വാനാരോഹണം നടത്തി. അവിടങ്ങളിൽ അനവധി അത്ഭുതങ്ങൾക്ക് സാക്ഷിയായി അവസാനം അഞ്ചുനേരത്തെ നിസ്‌കാരം അല്ലാഹു സമ്മാനമായി നൽകുകയും ചെയ്ത വിശദമായ വിവരങ്ങൾ ഹദീസുകളിൽ വിവരിച്ചിട്ടുണ്ട്.

ഇസ്‌റാഅ് സംഭവം അനവധി സ്വഹാബത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉമറബ്‌നു ഖത്വാബ്(റ), അലി(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), അബൂദറ്(റ), മാലിക് ബ്‌നു സ്വഅ്‌സ്വഅത്ത്(റ), അബൂഹുറൈറ(റ), അബൂ സഈദിൽ ഖുദ്രിയ്യ്(റ), ശദ്ദാദബ്‌നു ഔസ്(റ), ഉബയ്യബ്‌നു കഅ്ബ്(റ), അബ്ദുല്ലാഹിബ്‌നു അംറബ്‌നുൽ ആസ്(റ), ജാബിറബ്‌നു അബ്ദില്ല(റ), ഹുദൈഫത്തുൽ യമാനി(റ) തുടങ്ങി മുതവാതിറിൻ്റെ പദവിയിലേക്ക് ഉയരുന്ന റിപ്പോർട്ട് പരമ്പര ഇസ്‌റാഇൻ്റെ സംഭവത്തിലുണ്ട്(ഇബ്‌നു ദിഹ്യത്ത്, അൽ ഇബ്തിഹാജു ഫീ അഹാദീസിൽ മിഅ്‌റാജി, പേ:59).

പ്രസ്തുത സംഭവം നടന്ന മാസം റജബെല്ലാത്തവയും പറയപ്പെട്ടിട്ടുണ്ടെങ്കിലും ഹദീസുകളുടെ പിൻബലത്തിൽ റജബുതന്നെയാണെന്നു പണ്ഡിതന്മാർ സമർഥിച്ചിരിക്കുന്നു. ഇബ്‌നു സഅദ്(റ)വും ധാരാളം പണ്ഡിതൻമാരും ആ സംഭവമുണ്ടായത് ഹിജ്‌റയുടെ ഒരുകൊല്ലം മുമ്പാണെന്നും റജബിലാണെന്നും വിവരിച്ചിരിക്കുന്നു. ഇമാം നവവി(റ) ഈ അഭിപ്രായമാണ് ശരിയെന്ന് തീർത്തുപറഞ്ഞിരിക്കുന്നു(ദക്തൂർ രിഫ്അത് ഫൗസി, തഅലീഖാത്തുൽ ഇബ്തിഹാജി, പേ: 6). ഈ അഭിപ്രായത്തിൽ ഇജ്മാഉണ്ടെന്ന് ഇബ്‌നു ഹസ്മ് വാദിച്ചിട്ടുണ്ടെങ്കിലും ഇല്ലെന്നതാണ് പ്രബലമെന്ന് പണ്ഡിതമതം.

ഇജ്മാഇല്ലങ്കിലും കാലങ്ങളായി എല്ലാവരും അംഗീകരിച്ചുവരുന്നതും കർമം നിലനിൽക്കുന്നതും ഇസ്‌റാഅ്, മിഅ്‌റാജ് റജബിലാണെന്നതിനാൽ വാക്കാലുള്ള അഭിപ്രായഭിന്നതയേക്കാൾ നിലവിൽ നടന്നുവരുന്ന രീതിക്ക് പ്രാമുഖ്യം കൽപിക്കണമെന്നത് അംഗീകൃത പണ്ഡിതാഭിപ്രായമാണ്. അബ്ദുൽ ഗനിയ്യുൽ മഖ്ദസി ഇതിൻ്റെ അടിസ്ഥാനത്തിൽ ഇക്കാര്യം വിവരിക്കുകയും ചെയ്തിരിക്കുന്നു(അതേ ഗ്രന്ഥം).

ഇസ്റാഅ്, മിഅ്റാജിന് പുറമെ റജബ് പലവിധേനയും പവിത്രമാണ്. ‘റജബ് നന്മ നടാനും ശഅ്ബാൻ നന്മ വളർത്താനും റമദാൻ നന്മ കൊയ്യാനുമുള്ള മാസങ്ങളാണ്. റജബിൽ ഈമാനിൻ്റെ വിത്ത് ഹൃദയത്തിലിടണം. ശഅബാനിൽ അതിനെ പരിപാലിക്കണം, അതിൻ്റെ ഫലം റമദാനിൽ കൊയ്‌തെടുക്കണം’ എന്ന് മഹത്തുക്കൾ വിവരിച്ചിട്ടുണ്ട്. അതുകൊണ്ട് റജബിൽ തുടക്കംകുറിക്കുന്ന സൽപ്രവൃത്തികൾ ശഅ്ബാനിൽ നിലനിർത്താനും വളർത്തിയെടുക്കാനും ശ്രമിച്ചാൽ റമദാനിലും തുടർന്നും സമൃദ്ധമായി ജീവിതത്തിലുണ്ടാകുമെന്ന് പണ്ഡിതൻമാർ പഠിപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണല്ലോ, റമദാനിൽ തുടങ്ങുന്ന ഏതുനന്മക്കും ആവേശവും ജാഗ്രതയുമുണ്ടാകുമെങ്കിലും മാസം തീരുന്നതോടെ അതും അസ്തമിക്കൽ നമ്മുടെ അനുഭവമാകുന്നത്.

ദുന്നൂനുൽ മിസ്രി(റ) പറയുന്നു. ‘റജബ് ആഫാത്തുകൾ വെടിയാനും ശഅ്ബാൻ ത്വാഅത്തുകൾ പ്രവർത്തിക്കാനും റമദാൻ കറാമത്തുകൾ പ്രതീക്ഷിക്കുവാനുമുള്ള മാസങ്ങളാണ്. ആഫത്തുകൾ വെടിയാതെ, ത്വാഅത്തുകൾ ചെയ്യാതെ അല്ലാഹുവിൻ്റെ കറാമത്തുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ട'(ഗുൻയ, പേ: 178).
റജബ് ധാരാളം അനുഗ്രഹങ്ങളാൽ നിറഞ്ഞ മാസമാണ്. റജബ് പിറന്നാൽ തിരുനബി(സ്വ) റജബിലും ശഅബാനിലും ബറക്കത്ത് ചെയ്യാനും റമദാനിനെ എത്തിച്ചുതരാനുമായി പ്രാർഥിക്കുമെന്ന് ഹദീസിലുണ്ട്. ഉസ്മാൻ(റ) റജബ് പിറന്നാൽ കടങ്ങളും സക്കാത്തുകളും കൊടുത്തുവീട്ടാൻ കൽപിക്കുമായിരുന്നു എന്ന് ശൈഖ് മുഹ്‌യുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി(റ) ഗുൻയയിൽ വിവരിക്കുന്നുണ്ട്.

റാവിമാരുടെയും മറ്റും ഹദീസ് നിരൂപണവിധേയമാക്കാവുന്ന കാരണങ്ങളാൽ ബലഹീനമാണെന്നു വിലയിരുത്തിയിട്ടുണ്ടെങ്കിലും റജബിൻ്റെ മഹത്വത്തിനും പ്രത്യേക പരിഗണനക്കുമായി പണ്ഡിതന്മാർ സാധാരണ ഉദ്ധരിക്കുന്ന ഹദീസുകളെ മനസ്സിലാക്കുന്നത് റജബിൻ്റെ പ്രാധാന്യത്തെ കണക്കിലെടുക്കാൻ ഉപകരിക്കും. അത്തരത്തിലുള്ള ചില ഹദീസുകൾ താഴെ ഉദ്ധരിക്കുന്നു.അനസുബ്‌നു മാലിക്(റ) റിപ്പോർട്ട് ചെയ്യുന്നു. ‘തേനിനേക്കാൾ മധുരമുള്ളതും പാലിനേക്കാൾ വെളുത്തതും റജബെന്നു പേരുള്ളതുമായ ഒരു നദി സ്വർഗത്തിലുണ്ട്. റജബിലൊരു ദിനം വ്രതമെടുത്താൽ ആ നദിയിൽ നിന്ന് അല്ലാഹു കുടിപ്പിക്കുന്നതാണ്'(ഇസ്ബഹാനി, അത്തർഗീബു വത്തർഹീബ്, ഹദീസ് നമ്പർ: 1820, സൂബൈദി, ഇത്ഹാഫ്, വാള്യം: 10, പേ: 533).ഇബ്‌നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്യുന്നു. നബി(സ്വ)പറഞ്ഞു. ‘റജബ് അല്ലാഹുവിൻ്റെ മാസമാണ്. ശഅ്ബാൻ എൻ്റെ മാസവും റമദാൻ എൻ്റെ ഉമ്മത്തിൻ്റെ മാസവുമാണ്’. ഇത്തരം ധാരാളം ഹദീസുകൾ ഇനിയമുണ്ട്.

റജബ് നിരവധി മഹത്ത്വങ്ങൾക്കും പ്രധാന സംഭവങ്ങൾക്കും സാക്ഷിയായ മാസമാണ്. വിശുദ്ധ ഖുർആൻ യുദ്ധം ഹറാമായ മാസങ്ങളെ വിവരിക്കുന്നതിലൂടെ ഈ റജബിൻ്റെ പവിത്രതകൂടി നമ്മെ പഠിപ്പിക്കുന്നുണ്ട്. ഒരഭിപ്രായപ്രകാരം വഹ്‌യിന് തുടക്കംകുറിക്കുന്നത് ഹിജ്‌റക്ക് പതിമൂന്ന് കൊല്ലം മുമ്പ് റജബ് ഇരുപത്തി ഏഴിനായിരുന്നു. നേരത്തെ ഉദ്ധരിച്ച ഇസ്‌റാഅ്, മിഅ്‌റാജ് നടക്കുന്നതും റജബ് ഇരുപത്തി ഏഴിനാണ്. ഹിജ്‌റ ആറാംവർഷം റജബ് പതിനേഴിനാണ് പ്രസിദ്ധമായ ഖിബ്‌ല മാറ്റമുണ്ടാകുന്നത്. ഹിജ്‌റയുടെ ഒമ്പതാം മാസത്തിൽ റജബ് ഇരുപത്തിഒമ്പതിനാണ് തബൂക്ക് യുദ്ധമുണ്ടായത്. ഇസ്‌ലാമിക ചരിത്രത്തിലെ വിജയത്തിൻ്റെ വെന്നിക്കൊടി പറത്തിയ സ്‌പെയ്ൻ വിജയമുണ്ടാകുന്നത് ഹിജ്‌റ തൊണൂറ്റിമൂന്നിൽ റജബ് നാലിനാണ്.

ഇത്തരത്തിൽ മുസ്‌ലിംകൾക്ക് വിജയത്തിൻ്റെയും അനുഗ്രഹത്തിൻ്റെയും പാഥേയമായി റജബ് തിളങ്ങിനിന്നത് ചരിത്രമാണ്. പരിശുദ്ധ റമദാനിനെ വിശ്വാസി വരവേൽക്കാൻ തുടക്കംകുറിക്കുന്ന ഈ മാസത്തെ കരുതലോടെയും ശ്രദ്ധയോടെയും സൽകർമങ്ങളെകൊണ്ട് ധന്യമാക്കണമെന്നത് അനിവാര്യമാണ്. ആത്മശുദ്ധിയും ഇലാഹീ ചിന്തയും ഇതരമാസങ്ങളേക്കാൾ റജബിലുണ്ടാവണമെന്നാണ് മുകളിൽ ഉദ്ധരിച്ച തെളിവുകൾ നമ്മെ പഠിപ്പിക്കുന്നത്. റജബിൽ പ്രത്യേകമായി ഭൂമിയിലേക്ക് ഇറക്കുന്ന ബറകത്തുകൾക്കും റഹ്മത്തുകൾക്കും വിശ്വാസി അർഹനാവുകയും അവ ചോദിച്ചു വാങ്ങാൻ സന്നദ്ധനാവുകയും വേണമെന്ന് തിരുനബി(സ്വ)യുടെ പ്രാർഥനയും നമ്മെ ഉണർത്തുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.