2022 January 27 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗള്‍ഫില്‍ മുഴങ്ങുന്ന ഐക്യകാഹളം

 

ഖത്തറിനെതിരേ മൂന്നര വര്‍ഷം മുന്‍പ് ഏര്‍പ്പെടുത്തിയ ഉപരോധം സഊദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. ഖത്തറിന്റെ തീവ്രവാദ ബന്ധം ആരോപിച്ചുകൊണ്ടായിരുന്നു 2017 ജൂണ്‍ അഞ്ചു മുതല്‍ സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയത്. ഉപരോധം നീക്കാന്‍ കുവൈത്ത് മുന്‍കൈയെടുത്തു നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കാണുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്രപാതകള്‍ തുറന്നുകൊണ്ട് ഉപരോധം പിന്‍വലിക്കുന്നതിലേക്കുള്ള ആദ്യ ചുവട് സഊദി വയ്ക്കുകയുണ്ടായി. കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഭിന്നത അവസാനിച്ചതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അന്തിമ കരാറിലൊപ്പിടാന്‍ ഇരുരാഷ്ട്രങ്ങളോടും കുവൈത്ത് അമീര്‍ ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു. സഊദിയുടെ പാത പിന്‍പറ്റി യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ ഖത്തറിനെതിരേയുള്ള ഉപരോധം നീക്കിയതോടെ അറബ് ലോകത്ത് പുതുവര്‍ഷത്തില്‍ പുതിയ കാലത്തിനാണ് നാന്ദി കുറിച്ചത്.

ഇന്നലെ സഊദിയില്‍ നടന്ന ജി.സി.സി(ഗള്‍ഫ് സഹകരണ കൗണ്‍സില്‍)യുടെ 41ാമത് ഉച്ചകോടിയിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടയത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉച്ചകോടി ഉപകരിക്കുമെങ്കില്‍ അത് അറബ് രാജ്യങ്ങളുടെ ഐക്യശ്രമങ്ങള്‍ക്ക് ശക്തിപകരും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജി.സി.സി രാജ്യങ്ങളുടെ ചര്‍ച്ചകള്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലായിരുന്നു നടന്നിരുന്നത്. കൊവിഡ് വ്യാപനത്തിനു ശേഷം ഇതാദ്യമാണ് ജി.സി.സി അംഗരാജ്യങ്ങളിലെ ഭരണത്തലവന്‍മാര്‍ നേരിട്ട് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. നേതാക്കള്‍ മുഖാമുഖം ഇരുന്നു സംസാരിക്കുമ്പോള്‍ പരസ്പര വിശ്വാസവും ബന്ധവും പൂര്‍വോപരി ശക്തിപ്പെടുത്താനാവും.

ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനിയെ ഉച്ചകോടിയിലേക്ക് സഊദി ഭരണധികാരി സല്‍മാന്‍ രാജാവ് നേരിട്ടു ക്ഷണിച്ചതിലൂടെ തന്നെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രതിസന്ധിയുടെ മഞ്ഞുരുക്കത്തിന്റെ ആദ്യ ഘട്ടം പിന്നിട്ടിരുന്നു. നേരത്തെ ബഹ്‌റൈനില്‍ ചേരാനുദ്ദേശിച്ചിരുന്ന ഉച്ചകോടി സഊദിയിലേക്ക് മാറ്റിയത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രതിസന്ധി തീര്‍ക്കാനും കൂടിയായിരുന്നിരിക്കണം. ആ വഴിക്കുള്ള ശ്രമങ്ങള്‍ വിജയത്തിലെത്തിക്കാന്‍ ഇതുവരെയുള്ള ഐക്യശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച കുവൈത്തിനു കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യു.എ.ഇ നേരത്തെ തന്നെ ഖത്തറിനെതിരേയുള്ള ഉപരോധം പിന്‍വലിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ്. ഗള്‍ഫ് മേഖലയെ ശക്തിപ്പെടുത്താന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ ഏകീകൃത നിലപാടുകളും നടപടികളും അനിവാര്യമാണെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്‌റഫും വ്യക്തമാക്കിയിരുന്നു. ഖത്തറിനു മേലുള്ള ഉപരോധം സഊദിക്ക് പുറമെ യു.എ.ഇ.യും ഈജിപ്തും ബഹ്‌റൈനും പിന്‍വലിക്കുന്നതിലേക്കുള്ള സൂചനയായി ഈ പരാമര്‍ശങ്ങള്‍.
ആധുനിക ഗള്‍ഫ് രാഷ്ട്രങ്ങള്‍ രൂപമെടുത്തതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ജി.സി.സി യോഗത്തോടെ അവസാനിച്ചത്. ഭിന്നതയിലുള്ള വിഷയങ്ങളില്‍ ചര്‍ച്ച തുടരുമെങ്കിലും ഒന്നിച്ചു പോകണമെന്ന ചിന്ത വന്നതു തന്നെ ശുഭസൂചനയാണ്. അമേരിക്കയുടെ പിന്തുണയോടെ നടത്തുന്ന ഐക്യ ശ്രമങ്ങള്‍ക്കു പിന്നില്‍ യു.എസ് വക്താവ് ജെറാള്‍ഡ് കുഷ്‌നറാണ്. അദ്ദേഹത്തിന്റെ സഊദി സന്ദര്‍ശനത്തിനു പിന്നാലെയാണ് ഉപരോധം പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായതും.
മുസ്‌ലിം ബ്രദര്‍ഹുഡിനെ സാമ്പത്തികമായി സഹായിക്കുന്നു, അല്‍ജസീറ ചാനല്‍ വഴി ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളായിരുന്നു ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിക്കാന്‍ കണ്ടെത്തിയ കാരണങ്ങള്‍. എന്നാല്‍ മൂന്നര വര്‍ഷം നീണ്ടുനിന്ന ഉപരോധം കൊണ്ടൊന്നും ഖത്തറിനെ തളര്‍ത്താനായില്ല. മാത്രമല്ല ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഖത്തര്‍ തിരിച്ചടിച്ചത് ആ രാഷ്ട്രങ്ങളെ അമ്പരപ്പിക്കുകയും ചെയ്തിരുന്നു.
ഗള്‍ഫ് മേഖലയുടെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണെന്ന് ഉപരോധം അവസാനിപ്പിച്ചുകൊണ്ട് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നടത്തിയ പ്രസ്താവന ജി.സി.സി ഉച്ചകോടിയില്‍ ഖത്തറിനു മേലുള്ള ഉപരോധത്തിന് പര്യവസാനം കുറിക്കുമെന്നതിനാല്‍ ലോകരാഷ്ട്രങ്ങളുടെ സവിശേഷ ശ്രദ്ധയാണ് ഈ പ്രാവശ്യത്തെ ജി.സി.സി ഉച്ചകോടി നേടിയത്. ജി.സി.സി അംഗരാജ്യങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും ഗള്‍ഫ് രാഷ്ട്രങ്ങളുടെ മൊത്തത്തിലുള്ള അഭിവൃദ്ധിക്കും ഖത്തറിനെതിരേയുള്ള ഉപരോധം പിന്‍വലിക്കുന്നതിലൂടെ ഒരു പരിധി വരെ കഴിയും.

പശ്ചിമേഷ്യ മൊത്തത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനും ഇപ്പോള്‍ ഉരുത്തിരിയുന്ന ഒരുമ കരുത്തു നല്‍കും. അതിനും കൂടി വേണ്ടിയുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനം ഉണ്ടാവുകയാണെങ്കില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ അതൊരു അസുലഭ നിമിഷമായിരിക്കും. ഗള്‍ഫ് മേഖലയുടെ സാമ്പത്തിക വളര്‍ച്ച, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍, കൊവിഡ് പ്രതിരോധ നടപടികള്‍ എന്നിവയും ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമായെങ്കിലും കുവൈത്തും അമേരിക്കയും മുന്‍കൈയെടുത്ത് ഖത്തറിനു മേലുള്ള ഉപരോധം പിന്‍വലിക്കാന്‍ നടത്തിയ മധ്യസ്ഥശ്രമങ്ങള്‍ തന്നെയായിരിക്കും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുക.

യു.എസ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടത് സഊദിയുടെ മനംമാറ്റത്തിനു കാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. സഊദിയുടെ വിശ്വസ്തനായിരുന്നു ട്രംപ്. വിജയിച്ച ജോ ബൈഡനാകട്ടെ, സഊദിയുടെ വിമര്‍ശകനുമാണ്. ഖത്തറിനെതിരേയുള്ള സഊദിയുടെ ഉപരോധം ബൈഡന്റെ വിമര്‍ശനത്തിനു വിധേയമായിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗി തുര്‍ക്കിയില്‍ കൊല്ലപ്പെട്ടതു സംബന്ധിച്ചും ബൈഡന്റെ വിമര്‍ശനം സഊദിക്ക് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. അന്ന് ട്രംപായിരുന്നു സഊദിക്കൊപ്പം നിന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രതിരോധം തീര്‍ത്തിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കുറേക്കൂടി വിട്ടുവീഴ്ച ചെയ്യുന്നതും നിയുക്ത യു.എസ് പ്രസിഡന്റ് ബൈഡന്റെ പ്രീതി പിടിച്ചുപറ്റുന്നതുമായിരിക്കും ഉചിതമെന്ന് സഊദി കരുതുന്നുണ്ടാവണം. അതിനാല്‍ നേരത്തെ സ്വീകരിച്ച നിലപാടുകളില്‍ മാറ്റം വരുത്തുന്നതായിരിക്കും ഗുണം ചെയ്യുകയെന്നും സഊദി തിരിച്ചറിയുന്നുണ്ടായിരിക്കണം. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കാം ഒരുപക്ഷേ ഉപരോധം പിന്‍വലിക്കാന്‍ സഊദി താല്‍പര്യം കാണിച്ചിട്ടുണ്ടാവുക. സ്വന്തം രാഷ്ട്രത്തിന്റെ നിലനില്‍പിനാണല്ലോ ഏതൊരു ഭരണാധികാരിയും പ്രാമുഖ്യം നല്‍കുക.

ഇസ്‌റാഈലിനൊപ്പം ചേര്‍ന്ന് ഇറാനെതിരേ നിലപാട് സ്വീകരിക്കുന്ന സഊദി നയത്തെയും ബൈഡന്‍ എതിര്‍ത്തിരുന്നു. നേരത്തെ ബറാക് ഒബാമയുടെ മധ്യസ്ഥതയില്‍ രൂപം കൊടുത്ത കരാര്‍ സഊദി ലംഘിച്ചെന്നും ബൈഡന്‍ കുറ്റപ്പെടുത്തിയതാണ്. ഈയൊരു പശ്ചാത്തലത്തിലായിരിക്കണം ഇറാനെ ആക്രമിക്കാനുള്ള ഇസ്‌റാാഈലിന്റെ ആവശ്യം സഊദി നിരാകരിച്ചിട്ടുണ്ടാവുക. അമേരിക്കയിലെ ഭരണമാറ്റമാണ് ഖത്തറിനെതിരേയുള്ള ഉപരോധം പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചതെങ്കില്‍ കൂടിയും അത്തരമൊരു തീരുമാനം എന്തുകൊണ്ടും സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണ്. ഇതുവഴി ഗള്‍ഫ് പ്രതിസന്ധിക്കു പരിഹാരമുണ്ടാവുകയും പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതു പ്രചോദനവുമാവുകയുമാണെങ്കില്‍ ആധുനിക അറബ് ഗള്‍ഫ് നാടുകളുടെ പുതിയൊരു ചരിത്രത്തിന്റെ തുടക്കമായിരിക്കുമത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.