2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

സൗഹാര്‍ദ സന്ദേശം കേരളം ഏറ്റെടുക്കണം


പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് കലുഷിതമായ സാമൂഹികാന്തരീക്ഷത്തെ തണുപ്പിക്കുന്നതായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനം. ബിഷപ്പിന്റെ അള്‍ത്താരയിലെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും സംഘ്പരിവാറും ബിഷപ്പിനെ ഉപയോഗിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താനായി മത്സരിച്ച് ഓടുന്നതിനിടയിലാണ് തെളിമയാര്‍ന്ന വാക്കുകളില്‍, വിനയത്തിന്റെ ഭാഷയില്‍ മുസ്‌ലിം ഭൂരിപക്ഷത്തിന്റെ ആധികാരിക സംഘടനയുടെ ശബ്ദം കേരളീയ സമൂഹം നെഞ്ചോട് ചേര്‍ത്തുപിടിച്ച സാമുദായിക സഹവര്‍ത്തിത്വത്തിന്റെ സൗമ്യസ്വരമായത്.

ബിഷപ്പിന്റെ വിവാദ പ്രസംഗത്തെത്തുടര്‍ന്നു ചില രാഷ്ട്രീയപ്പാര്‍ട്ടികളും കേരളീയസമൂഹത്തെ മതകീയമായി വിഭജിക്കാന്‍ അശ്രാന്തപരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സംഘ്പരിവാറും വാദകോലാഹലങ്ങള്‍ സൃഷ്ടിച്ചു എന്നതൊഴിച്ചാല്‍ കേരളീയ പൊതുമനസിനെ ഈ വിഷയം ഒട്ടും സ്പര്‍ശിച്ചതേയില്ല. മുകള്‍തട്ടില്‍ നടക്കുന്ന വാദകോലാഹലങ്ങള്‍ കൗതുകത്തോടെ അവര്‍ നോക്കിനിന്നു. ന്യൂനപക്ഷങ്ങളെ വിഘടിപ്പിച്ച് ആ പഴുതിലൂടെ കേരള രാഷ്ട്രീയത്തില്‍ ഇടംനേടാന്‍ സൈബര്‍ ഇടങ്ങളെ വര്‍ഷങ്ങളായി ഉപയോഗപ്പെടുത്തുകയാണ് സംഘ്പരിവാറിന്റെ സൈബര്‍ ഹിന്ദുത്വം. സമൂഹമാധ്യമങ്ങളില്‍ ക്രിസ്ത്യന്‍ പേരുകളിലും മുസ്‌ലിം പേരുകളിലും വ്യാജ മേല്‍വിലാസമുണ്ടാക്കി അന്യോന്യം തെറിപൂരം നടത്തിക്കൊണ്ടിരിക്കുന്ന സംഘ്പരിവാറിനെ ഏതാനും ദിവസത്തേക്ക് ബിഷപ്പിന്റെ പ്രസംഗം സന്തോഷിപ്പിച്ചു എന്നുമാത്രം.

കേരളീയ പൊതുമനഃസാക്ഷി ബഹുസ്വരതയുടെ വൈവിധ്യങ്ങളില്‍ ലീനമായത് ഇന്നോ ഇന്നലെയോ അല്ല. നൂറ്റാണ്ടുകളിലൂടെ ഒഴുകിയെത്തിയ മതസഹിഷ്ണുതയുടെ കുളിരലകള്‍ അവരെ തഴുകി ഒഴുകി കൊണ്ടേയിരിക്കുകയാണ്. മതവിദ്വേഷത്തിന്റെ ചിറകെട്ടി അതു തടഞ്ഞുനിര്‍ത്താനാവില്ലെന്ന് പല നേരങ്ങളില്‍ അവര്‍ തെളിയിച്ചതുമാണ്. ഇന്ത്യയുടെ, കേരളത്തിന്റെ ബഹുസ്വരത ബന്ധിതമാകുന്നത് ഈ രാജ്യത്തെ വിവിധ മതങ്ങളുമായാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത മതസ്ഥര്‍ സംഘര്‍ഷത്തില്‍ കഴിയുമ്പോള്‍ കേരളത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും സഹവര്‍ത്തിത്വത്തില്‍ കഴിയുന്നതിന്റെ അടിസ്ഥാനം ഈ മണ്ണ് നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ച സഹജമായ നന്മകളാണ്.
ഏകനായ സ്രഷ്ടാവിലുള്ള വിശ്വാസവും ബഹുദൈവ വിശ്വാസവും ഒരു രാജ്യത്ത് ഒന്നിച്ചുപോവില്ലെന്ന വിശ്വാസത്തെ കടപുഴക്കുന്നതാണ് ഒരേ മണ്ണില്‍, ഒരേ വീട്ടില്‍ യാതൊരു അസ്വാരസ്യവും ഇല്ലാതെ ഒരേ മതസ്ഥരായ ദമ്പതികള്‍ക്കൊപ്പം, വിഭിന്ന മതസ്ഥരായ കുട്ടികള്‍, മക്കളെപ്പോലെ കഴിഞ്ഞുപോരുന്നത്. ഈ മണ്ണില്‍ ഒരിക്കലും മത തീവ്രവാദത്തിന് വേരുപിടിക്കാന്‍ പോകുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണിതൊക്കെയും. നൂറുവര്‍ഷം കഴിഞ്ഞിട്ടും ഹിന്ദുത്വശക്തികള്‍ക്ക് അതിന് കഴിയാത്തത് കേരളീയ പൊതുമനസിന്റെ സ്‌നേഹഭരിതമായ ചെറുത്തുനില്‍പ്പിനാലാണ്. അതിന്റെ സ്‌നേഹ വിളംബരമായിരുന്നു കഴിഞ്ഞ ദിവസം സമസ്തയില്‍ നിന്നുണ്ടായതും. മത പാരസ്പര്യത്തിന്റെ അന്തരീക്ഷം ഇവിടെ രൂപപ്പെടുത്തിയെടുത്തത് ഹിന്ദുമത പൂര്‍വസൂരികളും ഭരണാധികാരികളും ഇവിടെ നിക്ഷേപിച്ചുപോയ നന്മകളാലാണ്. ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇതുമായി പുലബന്ധം പോലുമില്ല.

വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രയോഗത്തിനായി ഇന്ത്യയുടെ ഭൂതകാലത്തെ തള്ളിപ്പറയുകയും ചരിത്ര യാഥാര്‍ഥ്യങ്ങളെ തമസ്‌ക്കരിക്കുകയും നുണക്കഥകള്‍ ചരിത്രമെന്ന വ്യാജേന കെട്ടഴിച്ചു വിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന വര്‍ത്തമാന കാലത്തും ഇന്ത്യന്‍ ജനത ബഹുസ്വരതയുടെ നാനാവര്‍ണങ്ങളും ആസ്വദിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

ജാതി വിവേചനത്തിന്റെ ക്രൂരത അനുഭവിച്ച ഇന്ത്യയിലെ അധഃസ്ഥിതരെന്ന് വേര്‍തിരിക്കപ്പെട്ട സമൂഹത്തിന് മനുഷ്യന്റെ അന്തസ് തിരികെ ഏല്‍പിച്ച ഇസ്‌ലാമിനോട് സവര്‍ണ ഫാസിസ്റ്റുകള്‍ക്ക് കലിപ്പ് ഉണ്ടാവുക സ്വാഭാവികം. അവര്‍ണരെ അടിമകളെപ്പോലെ കരുതി അവരെ ദ്രോഹിച്ചുകൊണ്ടിരുന്നതില്‍ നിന്നും അവരെ മോചിപ്പിച്ച ഇസ്‌ലാമിനോടു തീരാത്ത പക തോന്നുക എന്നത് സവര്‍ണ മേല്‍ജാതിക്കാരുടെ നിലപാടാണ്. ഈ പക തീര്‍ക്കാനാണ് ഹിന്ദുത്വ രാഷ്ട്രീയമെന്ന പേരില്‍ സംഘ്പരിവാര്‍ അധഃസ്ഥിതരായ പാവപ്പെട്ട, അവര്‍ണ ജാതിക്കാരെയും വല വീശിപ്പിടിക്കുന്നത്.

എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജാക്കന്മാരും കരപ്രമാണിമാരും കീഴ്ജാതിക്കാര്‍ ക്രിസ്ത്യന്‍, ഇസ്‌ലാം മതങ്ങളിലേക്ക് പോകുന്നതിനെ സഹിഷ്ണുതയോടെയായിരുന്നു കണ്ടിരുന്നത്. അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും ചെയ്തു. സാമൂതിരി രാജാവ് തന്നെ ഏറ്റവും വലിയ ഉദാഹരണം. ആ സാംസ്‌കാരിക പൈതൃകമാണ് കേരളീയ സമൂഹത്തിന്റെ പൊതുസ്വത്വവും. അതു ഭേദിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നതിന്റെ നിദര്‍ശനവും കൂടിയായിരുന്നു ബിഷപ്പ് ഉയര്‍ത്തിയ വിവാദ പുക താഴേതട്ടില്‍ പടരാതെ പോയതും. അത് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ മേല്‍പ്പുരകളില്‍ മാത്രം തങ്ങിനിന്നു. മുസ്‌ലിംകളില്‍ തീവ്രവാദം അടിച്ചേല്‍പിക്കാനും മുസ്‌ലിംകളുടെ മതനിരപേക്ഷതയുടെ തൂക്കം നിര്‍ണയിക്കാനും ഓടി നടക്കുന്ന ഛിദ്രശക്തികളെ ഒട്ടും കാലുഷ്യമില്ലാതെ, കനിവാര്‍ന്ന, സരളമായ ഭാഷയില്‍ എന്താണ് സമസ്തയുടെ ദൗത്യമെന്നും ബഹുമത, ബഹുസ്വര സമൂഹത്തില്‍ യഥാര്‍ഥ മുസ്‌ലിമിന്റെ ദൗത്യമെന്താണെന്നും ബോധ്യപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.