
കോഴിക്കോട്
സംസ്ഥാന സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടിനെതിരെ പ്രഖ്യാപിച്ച സമരങ്ങൾ ബഹുജന പങ്കാളിത്തത്തോടെ വിജയിപ്പിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് മുസ് ലിം സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
വഖ്ഫ് സ്വത്തുക്കളുടെ മഹത്വം വിശദീകരിക്കാനും അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുമായി നാളെ ഉച്ചക്ക് എല്ലാ മഹല്ലുകളും കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തും. ഏഴിന് ചൊവ്വാഴ്ച പഞ്ചായത്ത് കേന്ദ്രങ്ങളിൽ മുസ്ലിം നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. തുടർന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും ബഹുജന സമ്മേളനങ്ങൾ നടക്കും.
നിലവിൽ പ്രഖ്യാപിച്ച എല്ലാ പരിപാടികളും വിജയിപ്പിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി കൂരിയാട്, ടി.പി അബ്ദുള്ളക്കോയ മദനി (കെ.എൻ.എം), ഡോ.ഇ.കെ അഹമ്മദ്കുട്ടി (കെ.എൻ.എം മർക്കസുദ്ദഅ്വ), ടി.കെ അഷ്റഫ് (വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ), എം.ഐ അബ്ദുൽ അസിസ് മൗലവി (ജമാഅത്തെ ഇസ്ലാമി), ടി.കെ അബ്ദുൽ കരീം (എം.എസ്.എസ്), തൊടിയൂർ മുഹമ്മദ് മൗലവി (ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ), കടക്കൽ അബ്ദുൽ അസീസ് മൗലവി (ദക്ഷിണ കേരള ജമാഅത്ത് ഫെഡറേഷൻ), എൻ.കെ അലി (മെക്ക), അഡ്വ.എം താജുദ്ധീൻ (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ), അഡ്വ.കെ.പി മെഹബൂബ് ശരീഫ് (റാവുത്തർ ഫെഡറേഷൻ), എൻജിനീയർ മാമ്മുക്കോയ ഹാജി (വഖ്ഫ് സംരക്ഷണ സമിതി) സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.