2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗുരുവും ശിഷ്യന്മാരും

കണിശക്കാരനായ ഗുരുവിന്റെ ശിക്ഷണ മുറകള്‍ മൂലം മനം മടുത്തിരിക്കുകയായിരുന്നു ശിഷ്യഗണം. അദ്ദേഹം അവരെ പുറത്തുപോയി കളിക്കാനോ അവര്‍ക്കിഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാനോ അനുവദിച്ചിരുന്നില്ല. ഏതു സമയവും പഠിത്തവും മന:പാഠവും ഗുണകോഷ്ഠം ചൊല്ലലും തന്നെ. ഈ യാതനയില്‍ നിന്നു വല്ലവിധേനയും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പലതും ശിഷ്യഗണം പരീക്ഷിച്ചുനോക്കിയെങ്കിലും അവരുടെ കഷ്ടകാലത്തിനു ഒന്നും വിലപോയില്ല.

ഒരു ദിവസം ശിഷ്യരുടെ കൂട്ടത്തില്‍ വളഞ്ഞ ബുദ്ധിക്ക് പേരുകേട്ട ഒരുത്തന്‍ തന്റെ സതീര്‍ഥ്യരുടെ മുമ്പാകെ ഒരാശയം മുന്നോട്ടുവച്ചു:
‘ചങ്ങാതിമാരെ, ഞാനൊരു സൂത്രം പറയാം. നാളെ രാവിലെ നമ്മളെല്ലാവരും പള്ളിക്കൂടത്തില്‍ എത്തുന്നു. ഞാന്‍ ഗുരുനാഥന്റെ അടുത്തുചെന്നു സലാം ചൊല്ലി കുശലാന്വേഷണം നടത്തിയതിനുശേഷം ചോദിക്കും:
‘അങ്ങേയുടെ മുഖം വിളറിയിരിക്കുന്നല്ലോ. സുഖമില്ലേ? എന്തുപറ്റി?’- പിന്നീട് ഒരേസമയത്തായി നിങ്ങളെല്ലാവരും ഇങ്ങനെ തന്നെ ചോദിക്കണം. അഞ്ചോ ആറോ ആളുകള്‍ ഇങ്ങനെ ചോദിച്ചു കഴിയുമ്പോഴേക്ക് തന്ത്രം ഫലിച്ചു തുടങ്ങും. നമ്മള്‍ മുപ്പതു പേരും ചോദിച്ചു കഴിയുമ്പോള്‍ പിന്നെ വേറൊന്നും ആലോചിക്കേണ്ട. ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും നമുക്ക് അവധി ഉറപ്പ്’.

പിറ്റേന്ന് രാവിലെ കുട്ടികളെല്ലാവരും പള്ളിക്കൂടത്തില്‍ എത്തി. അവരെല്ലാവരും തങ്ങളുടെ സൂത്രക്കാരനായ നേതാവിന്റെ വരവിനായി കാത്തുനിന്നു. അവന്‍ എത്തിയപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി. അവനില്ലാതെ സംഗതി ഫലിപ്പിക്കാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല.
സൂത്രക്കാരന്‍ വന്ന ഉടനെ ഗുരുവിനെ വന്ദിച്ചു സ്‌നേഹാന്വേഷണം നടത്തിയശേഷം തന്റെ വിരുത് പുറത്തെടുത്തു: ‘ഉസ്താദിന് എന്തെങ്കിലും അസുഖമുണ്ടോ? മുഖം വല്ലാതിരിക്കുന്നല്ലോ’
‘ഏയ് എനിക്കൊരു കുഴപ്പവുമില്ല’- ഗുരു തറപ്പിച്ചുപറഞ്ഞു.

അവന്‍ തഞ്ചത്തില്‍ സ്ഥലംവിട്ടു. പക്ഷേ, ഗുരുനാഥന്റെ മനസില്‍ സംശയത്തിന്റെ ആദ്യ വിത്ത് വീണുകഴിഞ്ഞിരുന്നു. വിദ്യാര്‍ഥികള്‍ ഓരോരുത്തരായി ക്ലാസിലേക്ക് എത്തിക്കൊണ്ടിരുന്നു. കുട്ടികളില്‍ ഓരോരുത്തരും ഗുരുനാഥന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഉത്കണ്ഠയോടെ ചോദിച്ചുകൊണ്ടിരുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് അദ്ദേഹം നിഷേധിച്ചെങ്കിലും തനിക്ക് കാര്യമായി എന്തോ അസുഖം ഉണ്ട് എന്ന ഒരു തോന്നല്‍ അദ്ദേഹത്തെ ഇതിനകം പിടികൂടിക്കഴിഞ്ഞിരുന്നു. മുപ്പതുകുട്ടികളും ഇതേ കാര്യം ചോദിച്ചു കഴിഞ്ഞപ്പോഴേക്കും ഗുരുനാഥന്‍ ശരിക്കും വിയര്‍ത്തു. ദേഹം പതുക്കെ വിറക്കുന്നതായി അദ്ദേഹത്തിന് തോന്നി.

പഠിപ്പിക്കാനുള്ള ഏടുകളും ഫലകങ്ങളും പെറുക്കിയെടുത്ത് അദ്ദേഹം വീട്ടിലേക്ക് പുറപ്പെട്ടു. തനിക്ക് സുഖമില്ലാത്തതിനാലാണ് തന്റെ ഭാര്യ ഈയിടെയായി അവഗണിക്കുന്നത് എന്ന് അദ്ദേഹത്തിനു തോന്നി. താന്‍ എത്ര നല്ല നിലയില്‍ പെരുമാറിയിട്ടും അവള്‍ തന്നോടു പരുഷമായാണ് പെരുമാറുന്നത്. ഇങ്ങനെ ഓരോന്നാലോചിച്ചുകൊണ്ട് കുറുക്ക് വഴികളിലൂടെ നടന്ന് ഗുരുനാഥന്‍ വീടണഞ്ഞു.
വിദ്യാര്‍ഥികളും അദ്ദേഹത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു. വീട്ടിലെത്തിയ ഗുരുനാഥന്‍ തന്റെ സാന്നിധ്യം അറിയിക്കുന്നതിനായി വാതിലില്‍ ഉറക്കെ മുട്ടിവിളിച്ചു. വാതില്‍ തുറന്ന ഭാര്യ ‘എന്താ പതിവില്ലാതെ, ഇത്ര നേരത്തെ? വല്ല അസുഖവും?’- എന്നു ചോദിച്ചു.

‘എടീ നിന്റെ മുഖത്ത് കണ്ണില്ലേ? എന്നെ കണ്ടിട്ട് ഞാന്‍ രോഗിയാണെന്ന കാര്യം നിനക്ക് മനസിലായില്ല എന്നുണ്ടോ? ഞാന്‍ എത്രമാത്രം കഷ്ടത സഹിക്കുന്നു എന്ന് നിനക്കറിയാം. എന്നിട്ടും പെരുങ്കള്ളിയായ നീ ഒന്നും അറിഞ്ഞിട്ടില്ലാത്ത പോലെ ഭാവിക്കുന്നു. എനിക്കെന്തു സംഭവിച്ചാലും നിനക്ക് ഒരു ചുക്കും ഇല്ലല്ലോ’- ഗുരുനാഥന്‍ പരിഭവപ്പെട്ടു.
‘പ്രിയപ്പെട്ടവനെ, നിങ്ങള്‍ എന്തൊക്കെയാണീ പറയുന്നത്. നിങ്ങള്‍ എന്തോ മായാഭ്രമത്തിലാണ്. നിങ്ങള്‍ക്ക് ഒരസുഖവുമില്ല’- ഗുരുപത്‌നി പറഞ്ഞു.

‘നീ ഒരു വല്ലാത്ത സ്ത്രീ തന്നെ. നീ നിന്റെ ഭര്‍ത്താവിന്റെ സ്ഥിതി മനസിലാക്കുന്നില്ല. അതെങ്ങനെ? എന്റെ കാര്യത്തില്‍ നിനക്ക് ഒരിക്കലും ഒരു ശ്രദ്ധയും ഉണ്ടായിരുന്നില്ലല്ലോ’- ഗുരുനാഥന്‍ കൂടുതല്‍ ക്ഷുഭിതനായി.
‘നിങ്ങള്‍ വിഷമിക്കാതെ. നിങ്ങള്‍ക്ക് ഒരു അസുഖവും ഇല്ല. ഞാന്‍ കണ്ണാടി കൊണ്ടുവരാം. അതില്‍ നോക്കി നിങ്ങള്‍ക്ക് തന്നെ ബോധ്യപ്പെടാമല്ലോ’
‘നിന്റെ ഒടുക്കത്തെ കണ്ണാടി, ആര്‍ക്കു വേണം അത്? എന്നോട് തരിമ്പും സ്‌നേഹം ഇല്ലാത്തവളെ. പോയി എനിക്ക് കിടക്കാനുള്ള കിടക്ക വിരിക്ക്. ഞാന്‍ അല്‍പം വിശ്രമിക്കട്ടെ’- എന്തുചെയ്യണമെന്നറിയാതെ ഗുരുനാഥന്റെ ഭാര്യ പരിഭ്രമിച്ചു.

‘വേഗം പോവൂ ഞാന്‍ ഇവിടെ നിന്നു ചാവുന്നത് കാണാനാണോ നിന്റെ മോഹം?’- ഭാര്യ മറുത്തൊന്നും പറയാതെ വേഗം കിടക്ക വിരിച്ചു.

അയാള്‍ കിടക്കയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. ശിഷ്യഗണം ഗുരുവിന്റെ ചുറ്റുമിരുന്ന് പരമാവധി ഉച്ചത്തില്‍ പാഠം ചൊല്ലി പഠിക്കാന്‍ തുടങ്ങി. ഗുരുനാഥന്റെ തലവേദന കൂട്ടാന്‍ അതാണ് എളുപ്പമാര്‍ഗമെന്ന് അവരുടെ സൂത്രക്കാരനായ നേതാവ് അവരോട് പറഞ്ഞിരുന്നു.
‘മിണ്ടരുത്’- ഗുരുനാഥന്‍ ഒച്ചയിട്ടു. ‘നിങ്ങള്‍ എല്ലാവരും വേഗം വീട്ടില്‍ പോണം, എനിക്ക് സമാധാനം വേണം’
കേട്ടപാതി കേള്‍ക്കാത്ത പാതി ശിഷ്യഗണം ഇറങ്ങിയോടി. അവരാരും വീട്ടില്‍ പോയില്ല. എല്ലാവരും പറമ്പിലും പാടത്തും തെരുവിലുമായി പലതരം കളികളില്‍ ഏര്‍പ്പെട്ടു. അവര്‍ കളിക്കാന്‍ ആഗ്രഹിച്ച എല്ലാ കളികളും ഒന്നിനുപിറകെ ഒന്നായി അവര്‍ പുറത്തെടുത്തു. ഏറെ വൈകാതെ തന്നെ മക്കള്‍ പള്ളിക്കൂടത്തിലല്ല, പുറത്തു കളിക്കുകയാണ് എന്ന് ഉമ്മമാര്‍ കണ്ടുപിടിച്ചു. അവര്‍ അവരെ പിടികൂടി ശകാരിച്ചു. ഗുരുനാഥന്‍ സുഖമില്ലാതെ കിടപ്പിലാണ് എന്നും ഇനി കുറച്ചു ദിവസത്തേക്ക് ക്ലാസുകള്‍ ഉണ്ടാവില്ല എന്നും കുട്ടികള്‍ ഉമ്മമാരെ അറിയിച്ചു.
പിറ്റേന്നു രാവിലെ കുട്ടികളുടെ ഉമ്മമാര്‍ ഗുരുനാഥന്റെ വീട് സന്ദര്‍ശിച്ചു. പനിച്ചു വിറച്ചു നാലഞ്ചു പുതപ്പുകള്‍ പുതച്ചുകിടക്കുന്ന ഗുരുവിനെയാണ് അവര്‍ കണ്ടത്.

‘ഞങ്ങളോട് ക്ഷമിക്കണം. മക്കള്‍ പറഞ്ഞിട്ട് ഞങ്ങള്‍ക്ക് വിശ്വാസമായില്ല. അതാണ് ഞങ്ങള്‍ വന്നത്. ഇപ്പോള്‍ ഞങ്ങള്‍ക്ക് ബോധ്യമായി. അല്ലാഹു താങ്കള്‍ക്ക് വേഗം രോഗശമനം പ്രധാനം ചെയ്യട്ടെ’- അമ്മമാര്‍ പറഞ്ഞു. ‘നിങ്ങളുടെ മക്കളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു’- ഗുരുനാഥന്‍ പറഞ്ഞു. ‘അവര്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് അസുഖം എനിക്ക് മനസിലാക്കാന്‍ പറ്റിയത്. ആരോഗ്യം മറന്ന് ഞാന്‍ അവരെ പഠിപ്പിക്കുന്നതില്‍ മുഴുകിപ്പോയിരുന്നു. യഥാസമയം ചൂണ്ടിക്കാണിച്ചത് നന്നായി. അല്ലെങ്കില്‍ ഞാന്‍ അസുഖം പെരുത്ത് മരിച്ചു പോയേനെ!’
തെറ്റായ സിദ്ധാന്തം, അല്ലെങ്കില്‍ നുണ ആവര്‍ത്തിച്ച് ചെറിയ കുട്ടികള്‍ക്കുപോലും ഗുരുനാഥന്മാരെ വിഡ്ഢിയാക്കാന്‍ കഴിയുമെന്നുമാത്രം അദ്ദേഹത്തിനു മനസിലായില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.