2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലീഗിന്റെ അനുനയ നീക്കത്തിനിടയിലും നിലപാട് കടുപ്പിച്ച് കെ. മുരളീധരന്‍

ഇ.പി മുഹമ്മദ്

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കെ. മുരളീധരന്‍ എം.പി നിലപാട് കടുപ്പിക്കുന്നു. മുസ്്‌ലിം ലീഗ് നേതൃത്വം അനുനയിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടയിലും മുരളീധരന്‍ അയയുന്നില്ല.

വടകരയ്ക്കു പുറത്ത് പ്രചാരണത്തിനിറങ്ങില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്. കെ.പി.സി.സി നേതൃത്വത്തോടുള്ള അതൃപ്തിയാണ് മുരളിയുടെ നിലപാടിനു പിന്നില്‍. മലബാറില്‍ മുരളീധരനെ പ്രചാരണത്തിനിറക്കണമെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുരളീധരന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനത്തിലോ മണ്ഡലത്തിലെ പര്യടന പരിപാടിയിലോ പങ്കെടുത്തിരുന്നില്ല. അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് മുരളീധരന്റെ പരാതി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി.ഐയുമായി ചേര്‍ന്ന് വടകര മേഖലയില്‍ രൂപീകരിച്ച ജനകീയ മുന്നണി സ്ഥാനാര്‍ഥിക്കെതിരേ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനെതിരേ മുരളീധരന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്നീട് പിന്‍വലിച്ചെങ്കിലും മുല്ലപ്പള്ളിയും മുരളീധരനും തമ്മിലുള്ള അകലം കുറഞ്ഞില്ല. ജനകീയ മുന്നണി സംവിധാനം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരണമെന്നാണ് മുരളീധരന്റെ നിലപാട്. എന്നാല്‍ മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇത് അംഗീകരിക്കുന്നില്ല. വടകര മണ്ഡലത്തില്‍ ആര്‍.എം.പി.ഐ സ്ഥാനാര്‍ഥിക്ക് യു.ഡി.എഫ് പിന്തുണ നല്‍കണമെന്നാണ് മുരളീധരന്റെയും ലീഗിന്റെയും താല്‍പര്യം. വടകര കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണെന്നും ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നുമാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. വടകര സീറ്റ് ലീഗ് വാങ്ങി ആര്‍.എം.പിക്കു നല്‍കാനും നീക്കം നടക്കുന്നുണ്ട്. മുരളീധരനെപ്പോലെ തലയെടുപ്പുള്ള നേതാവ് മലബാറില്‍ പ്രചാരണത്തിനിറങ്ങിയില്ലെങ്കില്‍ അപകടമാകുമെന്ന് ലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നറിയിപ്പു നല്‍കിയിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.