
ചെന്നൈ: അണികളെ അഭിവാദ്യം ചെയ്ത് റോഡിലൂടെ നടക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു നേരെ പ്ലക്കാര്‍ഡ് ഏറ്. ചെന്നൈ വിമാനത്താവളത്തിന് പുറത്തുള്ള ജി.എസ്.ടി റോഡിലൂടെ നടക്കുന്നതിനിടെയാണ് പ്ലക്കാര്‍ഡ് ഏറ് കിട്ടിയത്.
പ്ലക്കാര്‍ഡ് എറിഞ്ഞ ദുരൈരാജ് എന്ന 67 കാരനെ ബി.ജെ.പി പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലിസ് പിടികൂടി. നേരത്തെ ഇയാള്‍, പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത 15 ലക്ഷം ആവശ്യപ്പെട്ട് ബി.ജെ.പി ആസ്ഥാനത്തെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു.
അമിത്ഷായുടെ സന്ദര്‍ശനത്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു. ട്വിറ്ററില്‍ അമിത്ഷാ ഗോ ബാക്ക് എന്ന ഹാഷ്ടാഗും ട്രെന്റിങ്ങാണ്. ഇതിനിടെയാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുവന്ന് അപ്രതീക്ഷിതമായി അമിത്ഷാ വാഹനത്തില്‍ നിന്നിറങ്ങി നടന്നത്.
രണ്ടു ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനെത്തിയ അമിത്ഷായെ മുഖ്യമന്ത്രി പളനിസ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും ചേര്‍ന്നാണ് സ്വീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കാര്‍ നിര്‍ത്തിച്ച് പ്രവര്‍ത്തകര്‍ ഇരുവശത്തും കൂടിനിന്ന റോഡിലൂടെ ഇറങ്ങിനടക്കുകയായിരുന്നു. ഇതിനിടെയാണ് പ്ലക്കാര്‍ഡ് ഏറുണ്ടായത്.