
ഭോപ്പാല്‍: ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശിലും കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്ക് അപകടത്തില്‍പ്പെട്ട് ദുരന്തം. സാഗര്‍- ഛത്തര്‍പുര്‍ അതിര്‍ത്തിയില്‍ ട്രക്ക് മറിഞ്ഞ് ആറ് തൊഴിലാളികള്‍ മരിക്കുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ നിന്ന് യു.പിയിലേക്ക് തിരിച്ച തൊഴിലാളികളുടെ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.
അപകട സ്ഥലത്തു നിന്നുള്ള വേദനിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു സ്ത്രീയുടെ മൃതദേഹത്തിനരികില്‍ വാവിട്ട് കരയുന്ന കുട്ടിയുടെ ദൃശ്യമാണ് പ്രചരിക്കുന്നത്. കുട്ടിയുടെ അമ്മയാവാമെന്നാണ് കരുതുന്നത്.
ഇന്ന് പുലര്‍ച്ചെ യു.പിയിലെ ഓറയ്യ ജില്ലയിലുണ്ടായ ട്രക്കപകടത്തില്‍ 24 കുടിയേറ്റ തൊഴിലാളികള്‍ മരിക്കുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ നിരന്തരം ദുരന്തവാര്‍ത്തകള്‍ വരികയാണ്.
കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നവര്ക്കു ചരക്ക് ട്രെയിന്‍ പാഞ്ഞുകയറി 16 പേര് മരിച്ചിരുന്നു.
കുടിയേറ്റത്തൊഴിലാളികളുടെ അപകടകരമായ നടത്തം നിര്‍ത്തിക്കാനും അവര്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാനും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ഹരജി ഇന്നലെ സുപ്രിംകോടതി തള്ളിയിരുന്നു. ‘ആര് നടക്കുന്നുണ്ടെന്നും നടക്കുന്നില്ലെന്നും കോടതിക്ക് നോക്കാനാവില്ല’ എന്നു പറഞ്ഞായിരുന്നു ഹരജി തള്ളിയത്.