അഷറഫ് ചേരാപുരം
ദുബൈ: ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ സന്ദര്‍ശനത്തിനിടെ യു.എ.ഇക്കു നേരെ ഹൂതികളുടെ ആക്രമണം വീണ്ടും. യെമനിലെ ഹൂതികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അറിയിച്ചു.
മിസൈല്‍ ആകാശത്ത് തടഞ്ഞു നശിപ്പിക്കുകയും അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത പ്രദേശത്ത് പതിപ്പിക്കുകയും ചെയ്തതായി ഇമറാത്തി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഗള്‍ഫ് രാജ്യത്തിലെ വ്യോമഗതാഗതം പതിവുപോലെ നടക്കുന്നുണ്ടെന്നും ആക്രമണമുണ്ടായിട്ടും എല്ലാ വ്യോമഗതാഗത പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലാണെന്നും യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി വാം വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി 17-ന് ഹൂതികള്‍ അബുദബിയില്‍ ആക്രമണം നടത്തിയിരുന്നു. രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്നു പേരാണ് ഇതില്‍ മരിച്ചത്. യെമനില്‍ സ്ഥാപിച്ചിരുന്ന മിസൈല്‍ ലോഞ്ചറുകള്‍ സഖ്യസേനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.അബുദബിയില്‍ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇസ്രാഈല്‍ പ്രസിഡന്റ് ഹെര്‍സോഗ് സുരക്ഷ, ഉഭയകക്ഷി ബന്ധം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇന്നത്തെ ആക്രമണം.പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും രാജ്യത്തെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്ത ഏഴ് വര്‍ഷം നീണ്ട പോരാട്ടത്തില്‍, യെമനിലെ ഇറാന്‍ സഖ്യകക്ഷിയായ ഹൂതികള്‍ക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമാണ് യുഎഇ.
Comments are closed for this post.