2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കരയുന്ന മരം

ഇല കൊഴിയും മരമാണ് റബര്‍. തടിക്ക് ഏറെ ബലമില്ല. ചുവട്ടില്‍നിന്നു ശാഖകള്‍ ഉണ്ടാകാറില്ല. വിത്ത് വഴിയാണ് പ്രവര്‍ത്തനം നടക്കുന്നത്. വരള്‍ച്ചയെ അതിജീവിക്കാനുള്ള ശേഷി ഇല്ലാത്തതിനാല്‍ 200 സെന്റീമീറ്ററെങ്കിലും വാര്‍ഷിക വര്‍ഷപാതം നടക്കുന്നിടത്താണ് റബര്‍ നന്നായി വളരുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മാത്രമായിരുന്നു ഒരു കാലത്ത് റബര്‍ തഴച്ചു വളര്‍ന്നിരുന്നത്. പിന്നീടുണ്ടായ കോളനിവല്‍ക്കരണവും വ്യവസായ വിപ്ലവവും റബറിനെ വിവിധ രാജ്യങ്ങളിലേക്കെത്തിച്ചു. ചാള്‍സ് ഡി ലൗ കൊണ്ടാമിന്‍, ഫ്രാങ്കോയ്‌സ് ഫ്രെസ്‌നു എന്നീ ശാസ്ത്രകാരന്മാര്‍ ചേര്‍ന്ന് റബര്‍ മരത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ ലോകശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങി. റബറില്‍നിന്നു ലഭിക്കുന്ന കറ പെട്ടെന്ന് കട്ടിയാകുന്നതിനാല്‍ തന്നെ അവ അലിയിപ്പിക്കാനുളള വിവിധ പരീക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. ഫ്രാങ്കോയ്‌സ് ഫ്രെസ്‌നുവും ഫാബ്രോണിയും തോമസ് ഹാന്‍ കോക്കുമൊക്കെ ഈ പരീക്ഷണങ്ങള്‍ക്കു വേണ്ടി ത്യാഗങ്ങള്‍ സഹിച്ചു. വിവിധ ഋതുക്കളില്‍ രൂപം മാറാത്ത റബറുണ്ടാക്കുന്നതിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ക്കൊടുവില്‍ വള്‍ക്കനേസേഷന്‍ എന്ന പ്രക്രിയ കണ്ടെത്തി ചാള്‍സ് ഗുഡ് ഇയര്‍ എന്ന അമേരിക്കന്‍ ഗവേഷകന്‍ റബറിന്റെ വ്യവസായ ലോകം തുറന്നിട്ടു.
1880 ല്‍ ജോണ്‍ ഡണ്‍ലപ്പ് എന്ന മൃഗ ഡോക്ടര്‍, റബര്‍ ഉപയോഗിച്ച് ചക്രം നിര്‍മിക്കാമെന്ന കണ്ടെത്തല്‍ നടത്തിയതോടെ റബറിന് ലോകമെങ്ങും ആവശ്യക്കാരുണ്ടായി. അമേരിക്കന്‍ കാടുകളില്‍നിന്നു ലഭിക്കുന്ന റബര്‍, നിര്‍മാണ ആവശ്യങ്ങള്‍ക്ക് തികയാതെ വന്നപ്പോള്‍ സ്വന്തമായി തോട്ടം നിര്‍മിക്കുന്നതിനക്കുറിച്ച് പല രാജ്യങ്ങളും ചിന്തിച്ചു. ഡച്ചുകാരും ബ്രിട്ടീഷുകാരും റബര്‍ തോട്ടങ്ങള്‍ക്കു വേണ്ടി മല്‍സരിച്ചു. ഡച്ചുകാര്‍ ഇന്ത്യോനേഷ്യയിലും ബ്രിട്ടീഷുകാര്‍ ഇന്ത്യയിലും തോട്ടങ്ങളുണ്ടാക്കി.

ടാപ്പിങ്ങിലെ റിഡ്‌ലി സ്‌റ്റൈല്‍

റബറിന്റെ പുറംതൊലി പ്രത്യേകം തയാര്‍ ചെയ്ത കത്തി കൊണ്ട് നിയന്ത്രിതമായ അളവില്‍ മുറിവേല്‍പ്പിച്ച് ഊറി വരുന്ന കറ ശേഖരിക്കുന്ന പ്രക്രിയയാണ് റബര്‍ ടാപ്പിംഗ്. ഏഴ് വര്‍ഷത്തോളം പ്രായമായ റബര്‍ മരത്തിന്റെ കറയാണ് ഇങ്ങനെ ശേഖരിക്കുന്നത്. പുറംതൊലി ചെത്തിയെടുത്ത ഭാഗത്തിലൂടെ ഊറി വരുന്ന കറ പ്ലാസ്റ്റിക് ചിരട്ടകളിലേക്കെത്തിച്ചാണ് ശേഖരിക്കുന്നത്. ആദ്യകാലത്ത് അമേരിക്കയിലെ ആദിമ മനുഷ്യന്‍ കൃത്യമായ തയാറെടുപ്പോ ആസൂത്രണമോ ഇല്ലാതെയാണ് റബര്‍ മരം ടാപ്പ് ചെയ്തിരുന്നത്. ശാസ്ത്രീയമായി അടിസ്ഥാനമില്ലാത്ത ഇത്തരം ടാപ്പിംഗ് രീതി കൊണ്ട് മരത്തിനു വ്യാപകമായി കേടുപാടുകള്‍ സംഭവിക്കുകയും അവയുടെ ആയുസ് കുറയ്ക്കുകയും ചെയ്തു. റബറിനെ വ്യാവസായികമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ റബര്‍ ടാപ്പിംഗിലും വിവിധ പരീക്ഷണങ്ങള്‍ കടന്നു വന്നു. കൂടുതല്‍ റബര്‍ പാല്‍ ശേഖരിക്കുവാനും മരത്തിന്റെ ആയുസ് കൂട്ടുവാനും അതുവഴി റബര്‍ കൃഷി ലാഭകരമാക്കാനും ഈ പരീക്ഷണങ്ങള്‍ സഹായിച്ചു. റബര്‍ ടാപ്പിംഗില്‍ കൂടുതല്‍ സാധ്യതയുള്ളതും വിജയകരവുമായ പരീക്ഷണം നടത്തിയതിന്റെ പേരില്‍ ശ്രദ്ധേയനായ വ്യക്തിയാണ് സിംഗപ്പൂര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ ഡയറക്ടറായിരുന്ന എച്ച്.എന്‍.റിഡ്‌ലി. ഇതോടൊപ്പം റബര്‍ മരം നടീല്‍ രീതിയെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ശാസ്ത്രീയമായ കണ്ടെത്തലുകള്‍ ഇദ്ദേഹം നടത്തി. അതുകൊണ്ടുതന്നെ റബര്‍ തോട്ട വ്യവസായത്തിന്റെ പിതാവായി ഇദ്ദേഹം അറിയപ്പെടുന്നു. ഇന്ന് റബര്‍ ടാപ്പിംഗിന് ആധുനിക രീതിയിലുള്ള മെഷീനുകളും ഉപയോഗിക്കുന്നുണ്ട്. കത്തികൊണ്ട് ടാപ്പിംഗ് ചെയ്യുമ്പോള്‍ റബര്‍ തൊലിക്കും തടിക്കും ഇടയിലെ കട്ടി കുറഞ്ഞ ഭാഗമായ ഭവകലയ്ക്ക്(തണ്ണിപ്പട്ട) മുറിവേല്‍ക്കുന്നത് (കായം വെട്ടുന്നത്) തടിയുടെ ആയുസ് കുറയ്ക്കും. മെഷീന്‍ ടാപ്പിംഗിലൂടെ കായംവെട്ടല്‍ കുറയ്ക്കാനും അതുവഴി തടിയുടെ ആദായം മുപ്പത് വര്‍ഷത്തോളമാക്കി കൂട്ടാനും സാധിക്കുമെന്നാണ് പല കര്‍ഷകരും അവകാശപ്പെടുന്നത്.

റബറെന്ന പേര്

പതിനഞ്ചാം നൂറ്റാണ്ടില്‍ കൊളമ്പസും സംഘവും തെക്കേ അമേരിക്കയില്‍ ചെന്നെത്തിയപ്പോള്‍ അവരെ അത്ഭുതപ്പെടുത്തിയ മരമാണ് റബര്‍. അവിടുത്തെ കുട്ടികള്‍ കളിച്ചിരുന്ന പന്തിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലൊടുവിലാണ് കൊളമ്പസ് റബര്‍ മരത്തിലേക്ക് ചെന്നെത്തുന്നത്.
യൂറോപ്യര്‍ റബറിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തന്നെ തീരുമാനിച്ചു. 1735 ല്‍ ചാള്‍സ് ഡി ലൗ കൊണ്ടാമിനും ഫ്രാങ്കോയ്‌സ് ഫ്രെസ്‌നുവും റബര്‍ മരത്തെക്കുറിച്ച് അന്വേഷിച്ചിറങ്ങി. റബറിനെക്കുറിച്ച് അവിടുത്തെ ആദിമ നിവാസികളോട് ചേദിച്ചപ്പോള്‍ കൗ ഊചു എന്നാണ് അവര്‍ റബറിനെ വിളിച്ചത്.
എന്താണ് ഇതിന്റെ അര്‍ഥമെന്നോ? കരയുന്ന മരം.
1770 ല്‍ റബര്‍ ഉപയോഗിച്ച് പെന്‍സില്‍ കൊണ്ടെഴുതിയത് മായിക്കാമെന്നു കണ്ടത്തി. ഇതോടെയാണ് റബഔട്ട് (മായ്ക്കുക) എന്ന അര്‍ഥത്തില്‍ റബര്‍ എന്ന പേര് പ്രചാരത്തിലാകുന്നത്.

വിവിധ ഉപയോഗങ്ങള്‍

റബര്‍ തടി കൊണ്ട് അത്യാധുനിക രീതിയുള്ള ഫര്‍ണിച്ചറുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം റബര്‍ കുരു ഉപയോഗിച്ച് എണ്ണയും പിണ്ണാക്കും നിര്‍മിക്കുന്നുണ്ട്. റബര്‍ എണ്ണ പെയിന്റ് നിര്‍മാണത്തിലെ അവിശ്യഘടകമാണ്. റോഡ് ടാറിംഗിലും ടയര്‍ നിര്‍മാണത്തിലുമൊക്കെ റബര്‍ ഇന്ന് ഉപയോഗിച്ചു വരുന്നു. റബര്‍ പൂക്കളില്‍നിന്നു തേനീച്ചകള്‍ തേന്‍ ശേഖരിക്കാറുണ്ട്. റബറിന്റെ ഇലകള്‍ വളമായും ഉപയോഗപ്പെടുത്തുന്നു.

മലയാളിയുടെ സ്വന്തം റബര്‍

ഇന്ന് മലയാളിയുടെ വരുമാന സ്രോതസുകളിലൊന്നാണ് റബര്‍ കൃഷി. ഇന്ത്യയിലെ റബര്‍ കൃഷിയുടെ സിംഹഭാഗവും കേരളത്തിലാണ്. റബറുമായി മലയാളിക്ക് വര്‍ഷങ്ങളുടെ അഭേദ്യ ബന്ധമുണ്ട്. ഇന്ത്യയിലെത്തിയ റബര്‍ വാണിജ്യാടിസ്ഥാനത്തില്‍ ആദ്യം കൃഷി ചെയ്തത് കേരളത്തിലാണ്. 1902 ല്‍ പെരിയാറിന്റെ തീരത്തുള്ള തട്ടേക്കാടിലായിരുന്നു ഈ റബര്‍ കൃഷി. പെരിയാര്‍ സിന്‍ഡിക്കേറ്റ് ആയിരുന്നു അവിടെ കൃഷിയിറക്കിയിരുന്നത്. ഇന്ത്യന്‍ തോട്ടവ്യവസായത്തിന്റെ പിതാവായ ജെ.ജെ മര്‍ഫിയും സംഘവും ചേര്‍ന്നാണ് പെരിയാര്‍ സിന്‍ഡിക്കേറ്റ് രൂപീകരിച്ചത്. ഇന്ത്യയില്‍ 1947 ലെ റബര്‍ പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ആക്ട് പ്രകാരം നിലവില്‍വന്ന ഇന്ത്യന്റബര്‍ ബോര്‍ഡ് 1954 ല്‍ റബര്‍ ബോര്‍ഡ് എന്നുപേരുമാറ്റി. ഇതിന്റെ ആസ്ഥാനം കേരളത്തിലെ കോട്ടയത്താണ്. ഇന്ത്യന്‍ റബര്‍ വ്യവസായ മേഖലയെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ദ എവല്യൂഷന്‍ ഓഫ് ദി ഇന്ത്യന്‍ റബര്‍ ഇന്‍ഡസ്ട്രി എന്ന പുസ്തകം രചിച്ചത് ഒരു മലയാളിയാണ് പത്മശ്രീ കെ.എം.ഫിലിപ്പ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.