രാഷ്ട്രീയക്കാരും പൊലിസും നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും സുപ്രിംകോടതി മുന്‍ ജഡ്ജി ദീപക് ഗുപ്ത
ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ആഘോഷിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി ദീപക് ഗുപ്ത. ഇത്തരം സംഭവങ്ങളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് പരിഹാസ്യമാണ്. ആളുകള്‍ക്കെതിരേ കോടതിയില്‍ നിലനില്‍ക്കാത്ത കേസുകള്‍ ചുമത്തുന്നത് പണവും സമയവും പാഴാക്കലാണെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍ ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം രാഷ്ട്രീയക്കാരും പൊലിസും വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. 124 എയുടെ ഭരണഘടനാ സാധുത പരിശോധിക്കേണ്ട സമയമാണ്. പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നത് ചിലയാളുകള്‍ പ്രകോപനമായി കണ്ടേക്കാം. എന്നാലത് കുറ്റകൃത്യമല്ല. ഖലിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നത് കുറ്റമല്ലെന്നും അത് അക്രമത്തിനോ ക്രമസമാധാനം തകര്‍ക്കുന്നതിനോ ഉള്ള ആഹ്വാനമല്ലെന്നും ബല്‍വന്ദ് സിങ് കേസില്‍ സുപ്രിംകോടതി വിധിയുള്ള കാര്യവും ജസ്റ്റിസ് ഗുപ്ത ചൂണ്ടിക്കാട്ടി.
പാകിസ്താന്റെ വിജയം ആഘോഷിച്ച ആഗ്രയിലെ കശ്മിരി വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കുമെന്ന യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് ജസ്റ്റിസ് ദീപക് ഗുപ്ത ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇതുമായി ബന്ധപ്പെട്ട കോടതി വിധികള്‍ വായിച്ചിരുന്നെങ്കില്‍ ഇത്തരമൊരു പ്രസ്താവന നടത്തരുതെന്ന് ഉപദേശിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.