2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘മാംഗോ ഫോണ്‍’ ഉദ്ഘാടനമേറ്റ മുഖ്യമന്ത്രി താനല്ല; പി.ടി തോമസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ‘മാംഗോ ഫോണ്‍’ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പി.ടി തോമസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച അടിയന്തരപ്രമേയ നോട്ടിസ് അവതരണത്തിനിടെ തോമസ് നടത്തിയ പരാമര്‍ശത്തിനെതിരേ ഇന്നലെ ബജറ്റ് ചര്‍ച്ചയുടെ മറുപടി സമയത്താണ് മുഖ്യമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്.

വനംകൊള്ളക്കാരുമായി ബന്ധമുണ്ടായിരുന്ന ‘മാംഗോ ഫോണ്‍’ എന്ന എം ഫോണിന്റെ ഉദ്ഘാടനം നിര്‍വഹിക്കാമെന്ന് മുഖ്യമന്ത്രി ഏറ്റിരുന്നെന്നും എന്നാല്‍ ഉദ്ഘാടനത്തിനു മുമ്പ് അതിന്റെ പിന്നിലുള്ള പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്‌തെന്നുമായിരുന്നു തോമസ് പറഞ്ഞത്. പരിപാടിയുടെ വിശദാംശങ്ങള്‍ വിവരിച്ചാണ് മുഖ്യമന്ത്രി തിരിച്ചടിച്ചത്. ഏത് മുഖ്യമന്ത്രിയാണെന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും താനാണെന്ന പ്രതീതിയാണ് തോമസിന്റെ പരാമര്‍ശംകൊണ്ടുണ്ടായത്.

സംഭവം നടന്നത് 2016 ഫെബ്രുവരി 29നായിരുന്നു. താന്‍ അന്നു മുഖ്യമന്ത്രിയല്ല. അവരുടെ പരിപാടി ഉദ്ഘാടനം ചെയ്യാമെന്നേറ്റത് ഈ മുഖ്യമന്ത്രിയല്ല. ആ സമയത്തെ മുഖ്യമന്ത്രി ആരായിരുന്നെന്ന് തോമസ് തന്നെ കണ്ടുപിടിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സമയത്ത് സഭയിലുണ്ടായിരുന്നെങ്കിലും തോമസ് പ്രതികരിച്ചില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സഭയിലുണ്ടായിരുന്നില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.