2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജോ ബൈഡന്‍-കമല ഹാരിസ്  സത്യപ്രതിജ്ഞ ഇന്ന് 

 
 
വാഷിങ്ടണ്‍: അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. യു.എസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമല ഹാരിസും യു.എസ് കാപിറ്റോളില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.30ന് നടക്കുന്ന സത്യപ്രതിജ്ഞ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവും. ഏകീകൃത അമേരിക്ക എന്നതാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ പ്രമേയം. 
 
പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിന്റെ അവസാന ദിനം കൂടിയാണിന്ന്. ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിനു മുന്‍പേ ട്രംപ് സ്ഥലംവിടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. 24ാം തീയതി വരെ വാഷിങ്ടണില്‍ പൊതുജനങ്ങള്‍ ഒത്തുകൂടുന്ന പരിപാടികള്‍ക്കെല്ലാം അനുമതി നിഷേധിക്കാന്‍ വാഷിങ്ടണ്‍ മേയര്‍ മ്യൂരിയല്‍ ബോസര്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയോടെയാണ് പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും ഔദ്യോഗിക ജോലിയില്‍ പ്രവേശിക്കുക. സത്യപ്രതിജ്ഞയ്ക്കു ശേഷം ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസംഗത്തില്‍ രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന വന്‍ പ്രഖ്യാപനങ്ങളുണ്ടാകും. 
വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പായി കമല ഹാരിസ് ഇന്നലെ സെനറ്റ് അംഗത്വം രാജിവച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് വെബ്‌സൈറ്റിലും യുട്യൂബിലും ലൈവായി സംപ്രേഷണം ചെയ്യും. കൊവിഡ് വ്യാപനവും സുരക്ഷാ ഭീഷണികളും മുന്‍നിര്‍ത്തി പൊതുജനങ്ങളോട് വിര്‍ച്വലായി പരിപാടി വീക്ഷിക്കാന്‍ വാഷിങ്ടണ്‍ മേയര്‍ അഭ്യര്‍ഥിച്ചു. 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.