2021 August 01 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അതിര്‍ത്തിയില്‍ പടയൊരുക്കം

 

ന്യൂഡല്‍ഹി: ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും നിയന്ത്രണരേഖയ്ക്കിരുവശത്തും സൈനിക സന്നാഹങ്ങള്‍ സജ്ജീകരിച്ചിരിക്കെ, പാന്‍ഗോങില്‍ മുഖാമുഖം നിന്ന് ഇന്ത്യാ-ചൈന സൈനികര്‍. സംഘര്‍ഷമുണ്ടായി രണ്ടാഴ്ച പിന്നിട്ടിട്ടും മേഖലയിലെ സാഹചര്യത്തില്‍ അയവുണ്ടായിട്ടില്ല. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സൈനിക സജ്ജീകരണങ്ങള്‍ ശക്തമാക്കുന്ന നടപടി ഇരുരാജ്യങ്ങളും തുടരുകയാണ്. അതേ സമയം പ്രതിസന്ധി പരിഹരിക്കുന്നതിന് സൈനികതലത്തില്‍ ചര്‍ച്ച നടത്തുന്നതിനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആരംഭിച്ചു. നേരത്തെ നടത്തിയ ചര്‍ച്ചകള്‍ ഇതുവരെ ഫലം കണ്ടിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ചൈനയുമായി ആഴ്ചയില്‍ ഒരിക്കല്‍ വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ (ഡബ്ല്യൂ.എം.സി.സി) യോഗം നടത്തും. ചര്‍ച്ചയിലുടെ പ്രശ്‌നപരിഹാരത്തിന് സാധ്യതകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ചര്‍ച്ചയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, പ്രതിരോധ മന്ത്രാലയം തുടങ്ങിയവയുടെ ഉദ്യോഗസ്ഥരും പങ്കെടുക്കും. നേരത്തെ വിഡിയോ കോണ്‍ഫറന്‍സ് വഴി ഡബ്ല്യൂ.എം.സി.സി യോഗം ചേര്‍ന്നെങ്കിലും ചൈന തങ്ങളുടെ ഭാഗത്ത് നിന്ന് സൈനികര്‍ മരിച്ചതായി സമ്മതിച്ചിട്ടില്ല.
അതേസമയം കശ്മിരില്‍ രണ്ടു മാസത്തേക്കുള്ള പാചകവാതകം സൂക്ഷിച്ചുവയ്ക്കാനും സ്‌കൂളുകള്‍ സൈന്യത്തിന് വിട്ടുനല്‍കാനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതോടെ താഴ്‌വരയില്‍ അഭ്യൂഹങ്ങളും ആശങ്കയും പടരുകയാണ്. അടിയന്തിര പ്രധാന്യത്തോടെ പരിഗണിക്കേണ്ടതെന്ന നിര്‍ദേശവുമായി ലഫ്റ്റനന്റ് ഗവര്‍ണര്‍ ജി.സി മുര്‍മുവാണ് ഇതു സംബന്ധിച്ച രണ്ടു ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.

പാചകവാതകം സൂക്ഷിച്ചുവയ്ക്കാനാണ് ആദ്യ ഉത്തരവ്. ഗാന്ദെര്‍ബാലിലെ എല്ലാ സ്‌കൂളുകളും ഒഴിപ്പിച്ച് സൈന്യത്തിന് കൈമാറാന്‍ ഗാന്ദെര്‍ബാല്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടാണ് രണ്ടാമത്തെ ഉത്തരവ്. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് ഉത്തരവുകള്‍ പുറത്തുവന്നത്. ലഡാക്കിനോട് ചേര്‍ന്നാണ് ഗാന്ദെര്‍ബാല്‍ ജില്ല.

ശൈത്യകാലത്ത് ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ മഞ്ഞുമൂടി ഗതാഗതം തടസ്സപ്പെടുന്നതിനാല്‍ ശൈത്യകാലത്തിന് തൊട്ടുമുന്‍പ് താഴ്‌വരയില്‍ അവശ്യവസ്തുക്കള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കല്‍ പതിവാണ്. എന്നാല്‍ കശ്മിരില്‍ ഇപ്പോള്‍ ചൂടുകാലമായതിനാല്‍ അസാധാരണമായതെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ഭീതിയിലാണ് ജനമുള്ളത്.

അമര്‍നാഥ് യാത്രികര്‍ക്ക് സൗകര്യമൊരുക്കാന്‍ കൂടുതല്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കാനാണ് സ്‌കൂളുകള്‍ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവില്‍ വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ബാലാക്കോട്ട് ആക്രമണത്തിന് തൊട്ടുമുന്‍പും സമാനമായ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.

ഗാല്‍വാന്‍ സംഘര്‍ഷം ആസൂത്രിതം,
ചൈന കായികാഭ്യാസികളെ അതിര്‍ത്തിയിലെത്തിച്ചു

ബെയ്ജിങ്: ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയുമായുണ്ടായ സംഘര്‍ഷത്തിന് ചൈന മുന്‍കൂട്ടി തയാറെടുത്തിരുന്നുവെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജൂണ്‍ 15ന് 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച കായിക ഏറ്റുമുട്ടലിനു തൊട്ടുമുമ്പ് ചൈന പര്‍വതാരോഹകരും വിവിധ ആയോധനകലകളില്‍ പ്രാവീണ്യമുള്ളവരുമായ വിദഗ്ധരടങ്ങിയ സൈനികസംഘത്തെ അവിടെ എത്തിച്ചിരുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഗാല്‍വാന്‍ ആക്രമണം തികച്ചും ആസൂത്രിതമായിരുന്നു എന്നാണിത് കാണിക്കുന്നത്.

എവറസ്റ്റ് കൊടുമുടി കയറി പരിചയമുള്ളവരും ആയോധനകലാ വിദഗ്ധരുമടങ്ങിയ അഞ്ച് സൈനികസംഘങ്ങളെയാണ് ലാസയിലേക്ക് നിയോഗിച്ചതെന്ന് ചൈന നാഷനല്‍ ഡിഫന്‍സ് ന്യൂസ് വ്യക്തമാക്കി. ടിബറ്റ് തലസ്ഥാനത്തേക്ക് നൂറുകണക്കിന് പട്ടാളക്കാര്‍ നീങ്ങുന്ന ദൃശ്യം ദേശീയ ടെലിവിഷന്‍ സംപ്രേഷണം ചെയ്തിട്ടുമുണ്ട്.

എന്‍ബോ ഫൈറ്റ് ക്ലബ് അംഗങ്ങളെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നിയോഗിച്ചത്. ഇവരെ നിയോഗിച്ചത് പടയൊരുക്കത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുമെന്നും പെട്ടെന്ന് തിരിച്ചടിക്കാനുള്ള അവരുടെ കഴിവ് സഹായകമാകുമെന്നും ടിബറ്റ് കമാന്‍ഡര്‍ വാങ് ഹായ്ജിയാങ് പറഞ്ഞു.ഇന്ത്യന്‍ സൈനികരെ കായികമായി നേരിടുകയും 20 പേരെ കൊലപ്പെടുത്തുകയും ചെയ്തതില്‍ ഈ ആയോധന വിദഗ്ധര്‍ക്ക് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. 76 ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ചൈനയുടെ ഭാഗത്തും ആള്‍നാശമുണ്ടായെങ്കിലും അത് എത്രയെന്ന് ഇതുവരെ അവര്‍ വ്യക്തമാക്കിയിട്ടില്ല. ടിബറ്റന്‍ മേഖലയില്‍ ചൈന വിമാനവേധ ആയുധങ്ങളുള്‍പ്പെടെ വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തി ശക്തമാക്കാനും ടിബറ്റില്‍ സ്ഥിരത നിലനിര്‍ത്താനുമാണ് പുതിയ സൈനികരെ അതിര്‍ത്തിയിലേക്ക് നിയോഗിച്ചതെന്നാണ് ചൈന നാഷനല്‍ ഡിഫന്‍സ് ന്യൂസ് പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.