2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി; ജോലി പോവുമെന്ന ആശങ്കയില്‍ എട്ടു ലക്ഷം വിദേശ ഹൗസ് ഡ്രൈവര്‍മാര്‍

സലാം കൂടരഞ്ഞി

റിയാദ്: സഊദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ചൊവ്വാഴ്ച്ച രാത്രിയോടെയാണ് സല്‍മാന്‍ രാജാവ് ഉത്തരവ് നടത്തിയത്. ഗതാഗത വ്യവസ്ഥയില്‍ വന്‍ പരിഷ്‌കരണം വരുത്തികൊണ്ടുള്ള പ്രഖ്യാപനത്തില്‍ വിവിധ വശങ്ങള്‍ പരിഗണിച്ചാണ് സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയുള്ള പ്രഖ്യാപനം. അടുത്ത വര്‍ഷം ജൂണ്‍ 23 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരിക.

ഏറെ കാലത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സഊദിയില്‍ വനിതകള്‍ക്ക് ലൈസന്‍സ് കരസ്ഥമാക്കാനുള്ള അനുമതി ഉണ്ടാകുന്നത്. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് മതപരമായ വീക്ഷണത്തില്‍ അനുമവദനീയമാണെന്നു (ഹലാല്‍) പണ്ഡിത സഭാംഗങ്ങളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നുവെന്നു രാജവിജ്ഞാപനം വ്യക്തമാക്കുന്നു.

തെറ്റുകളിലേക്കും കുഴപ്പങ്ങളിലേക്കും ചാടാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാണിച്ചാണ് ഡ്രൈവിങ് തടസ്സമായി ഉന്നയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇത് വിദൂര സാധ്യത മാത്രമാണെന്ന് രാജ ഉത്തരവില്‍ പറയുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ നിഗമനം ശരിയാവുകയാണെകില്‍ പോലും സുരക്ഷിതത്വവും ആവശ്യമായ സുരക്ഷാ മുന്‍ കരുതലുകളും ഉറപ്പാക്കുന്ന പക്ഷം സ്ത്രീകള്‍ വാഹനമോടിക്കുന്നതില്‍ പണ്ഡിതന്മാര്‍ വിലക്ക് കാണുന്നില്ല.

സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ ക്രോഡീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രാലയം, തൊഴില്‍ സാമൂഹ്യ പുരോഗതി വകുപ്പ്, എന്നീ വകുപ്പുകളെ കൂട്ടിച്ചേര്‍ത്ത് ഉന്നത തല കമ്മിറ്റിക്കു രൂപം നല്‍കാനും രാജ കല്‍പ്പനയിലുണ്ട്.

അതേസമയം, സഊദി വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി നല്‍കുമ്പോള്‍ രാജ്യത്തെ ഹൗസ് ഡ്രൈവര്‍മാര്‍ ആശങ്കയിലാണ്. രാജ്യത്താകമാനം ഏകദേശം എട്ടു ലക്ഷത്തോളം പേരാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇന്ത്യയടക്കം സൗത്ത് ഏഷ്യയില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. നല്ലൊരു ശതമാനം മലയാളികളും ഹൗസ് ഡ്രൈവര്‍ മേഖലയിലുണ്ട്.

ഷോപ്പിങിനും വിദ്യാലയത്തിലേക്കും സ്ത്രീകളെയും കുട്ടികളെയും കൊണ്ട് പോകുകയാണ് ഇവരില്‍ ഭൂരിഭാഗവും ചെയ്യുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുമതി ലഭിക്കുന്നതോടെ ഈ മേഖലയിലേക്ക് സ്ത്രീകള്‍ കടന്നു വരികയും സഊദി കുടുംബങ്ങളിലെ അനാവശ്യമായ സാമ്പത്തിക ചിലവ് തടയുകയും ചെയ്യും.

രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ സ്വദേശി കുടുംബങ്ങളില്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന ശമ്പളം തന്നെ പരിതാപകരമായ അവസ്ഥയിലാണ് കടന്നു പോകുന്നതെന്നും അതിനു പരിഹാരമാകുന്നതാണ് സല്‍മാന്‍ രാജാവിന്റെ ചരിത്ര വിധിയെന്നും സഊദി ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ ഗദ ഗുനിം പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.