
കൊല്ലം: കഴിഞ്ഞമന്ത്രിസഭയുടെ കാലത്ത് തോമസ് ചാണ്ടിക്കെതിരെ പ്രതികരിച്ച തന്നെ യു.ഡി.എഫുകാര്‍ പിന്തുണച്ചില്ലെന്നും ഇന്ന് അവരുടെ സമരം താന്‍ ആസ്വദിക്കുകയാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എം.പി. തോമസ്ചാണ്ടിയുടെ താറാവ് കറി കഴിക്കാന്‍ അന്നത്തെ പല നേതാക്കന്മാരും ഉണ്ടായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അന്നു തോമസ് ചാണ്ടിയുടെ ആതിഥേയം സ്വീകരിച്ചവരില്‍ യു.ഡി.എഫിലെ മന്ത്രിമാരും ഉണ്ടായിരുന്നു. താന്‍ തോമസ് ചാണ്ടിക്കെതിരെ പ്രതികരിച്ചപ്പോള്‍, തന്നെ പിന്തുണയ്ക്കാന്‍ ഒരു യു.ഡി.എഫ് നേതാവും ഇല്ലായിരുന്നു. മാത്രമല്ല, അന്നത്തെ കൃഷിമന്ത്രി കെ.പി മോഹനന്റെ നേതൃത്വത്തില്‍ കുട്ടനാട് പാക്കേജിനെ കുറിച്ച് ചര്‍ച്ച നടത്തിയത് തോമസ്ചാണ്ടിയുടെ ഹൗസ്ബോട്ടിലായിരുന്നു. കുട്ടനാട് ഉള്‍പ്പെടുന്ന ലോക്സഭാമണ്ഡലത്തില്‍ നിന്നുള്ള എം.പിയായ താനും പ്രദേശത്തെ പഞ്ചായത്തു പ്രസിഡന്റും കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു.
യു.ഡി.എഫ് പ്രാദേശിക നേതൃത്വം എം.പിയായ തന്നെ തോമസ് ചാണ്ടിക്ക് വേണ്ടി അവഗണിച്ചുവെന്നും സുരേഷ് പറഞ്ഞു. മുക്കം ഗെയില്‍ വിഷയത്തില്‍ കെ.പി.സി.സി മുന്‍ പ്രസിഡന്റും വി.എം സുധിരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം എന്തെന്ന് വ്യക്തമായി അറിഞ്ഞിട്ടു മാത്രമേ പ്രതികരിക്കാന്‍ കഴിയൂ. കെ.പി.സി.സി അംഗങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ താന്‍ എം.പിയെന്ന നിലയില്‍ ചില നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചത്. ഇത് എ.ഐ.സി.സിക്ക് മനസിലായെങ്കിലും കെ.പി.സി.സി എതിര്ക്കുകയായിരുന്നെന്ന കൊടിക്കുന്നില്പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പ്പര്യമുണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ച് എല്ലാ കാര്യങ്ങളും പുറത്തുപറയാന്‍ കഴിയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വരട്ടെ, നോക്കാമെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.
നോട്ടുനിരോധനത്തിനെതിരെ പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങള്‍ ശരിയാണെന്നു ഇപ്പോള്‍ തെളിഞ്ഞു. പ്രധാനമന്ത്രി പറഞ്ഞ ഉറപ്പുകള്‍ ഒന്നും പാലിക്കാത്തിനാല്‍ അദ്ദേഹം രാജ്യത്തോട് മാപ്പുറയണം. കള്ളപ്പണം കണ്ടുപിടിക്കുമെന്നു പറഞ്ഞിട്ട് അതുസംബന്ധിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു നടപടിയും ഇതുവരെ ആയിട്ടില്ല.
മന്‍മോഹന്‍സിങിനെ പുച്ഛിച്ചുതള്ളിയ ബി.ജെ.പി അദ്ദേഹത്തെ അപമാനിക്കുന്നത് നിര്‍ഭാഗ്യകരമാണ്. നോട്ടുനിരോധനത്തിലെ പാളിച്ചകള്‍ മന്‍മോഹന്‍സിങ് കണക്കുകള്‍ നിരത്തി അവതരിപ്പിച്ചത് ഇപ്പോള്‍ ശരിയാണെന്നു തെളഞ്ഞതായും അദ്ദേഹം പറഞ്ഞു.