
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്താനാവില്ലെന്നും കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തിയുള്ള മൂന്നാംമുന്നണി പരീക്ഷണ നീക്കങ്ങള്‍ ബി.ജെ.പിയെ സാഹായിക്കുകയാവും ചെയ്യുകയെന്നും മുസ്ലിം ലീഗ്. രാജ്യത്ത് എല്ലായിടത്തും സ്വാധീനമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
ബി.ജെ.പിയെ നേരിടാന്‍ നേതൃത്വം നല്കുന്നതിനു കോണ്‍ഗ്രസ്സിനു മാത്രമെ കഴിയൂവെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ഖജാഞ്ചി പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
രാജ്യത്ത് മതേതര കക്ഷികളുടെ ചേരി രൂപീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അലംബാവം കാണിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിക്കുമെന്നും തങ്ങള്‍ക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ മതേതരനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ്സും വിട്ടുവീഴ്ചചെയ്യണമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുഫലം കൂടി അനുകൂലമായതോടെ ബി.ജെ.പി കൂടുതല്‍ ശക്തിപ്പെട്ടു. ഇതിനു പിന്നാലെ ത്രിപുരയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അവര്‍ ആക്രമണവും തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച ചെറിയ ശതമാനം വോട്ട് പെരുപ്പിച്ചുകാട്ടുകയാണ് ബി.ജെ.പി ചെയ്യുന്നത്.
ബി.ജെ.പിയെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ മുസ്ലിം ലീഗ് എന്തു ത്യാഗവും സഹിക്കും. അതിനുവേണ്ടിയുള്ള നീക്കങ്ങള്‍ക്കൊപ്പം പാര്‍ട്ടിയും നിലകൊള്ളും. പാര്‍ട്ടിക്കു സ്വാധീനമുള്ള പശ്ചിമബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി അവിടത്തെ മതേതര കക്ഷികളുമായി കൂടിക്കാഴ്ച നടത്തും.
ബി.ജെ.പിയെ അകറ്റാന്‍ എല്ലാ മതേതര കക്ഷികളുമായി ചേര്ന്നുനില്ക്കണമെന്ന് സി.പി.എം ഇനിയും പഠിച്ചില്ല. കേരളത്തിലും ത്രിപുര ആവര്‍ത്തിച്ചാലേ സി.പി.എം പഠിക്കൂ. ഫാസിസത്തിനെതിരേ ശബ്ദിക്കാന്‍ തങ്ങള്‍ക്കേ അവവകാശമുള്ളൂവെന്നും ഞങ്ങള്‍ ഉള്ള സ്ഥലത്ത് ബി.ജെ.പി വളരില്ലെന്നുമുള്ള സി.പി.എമ്മിന്റെ അവകാശവാദം ത്രിപുര ഫലത്തോടെ പൊളിഞ്ഞിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
പാര്‍ലമെന്റ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തുന്ന വിദേശയാത്രയെകുറിച്ചുള്ള ചോദ്യത്തിന്, രാഹുല്‍ ഒരു അന്താരാഷ്ട്ര വ്യക്തിയാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. രാഹുല്‍ ഇല്ലെങ്കിലും പാര്‍ലമെന്റില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങളൊക്കെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.