പഴയ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാര്‍ ജില്ലയിലെ ചരിത്രപരമായി ഏറെ സവിശേഷതകള്‍ നിറഞ്ഞ പ്രദേശമാണ് ഏറനാട് താലൂക്ക്. മലബാറിന്റെ രാഷ്ട്രീയ പാരമ്പര്യവും വൈദേശിക പോരാട്ടവും ചികഞ്ഞന്വേഷിക്കുന്നവര്‍ക്ക് ഏറനാട് താലൂക്കിലെ ഗതകാലചരിത്ര സ്പന്ദനങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ല. പഴയ ഏറനാടന്‍ താലൂക്കിന്റെ ഹൃദയഭാഗമാണ് ഇന്നത്തെ മഞ്ചേരി. മഞ്ചേരി നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അടുത്തായി ആനക്കയം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന പെരിമ്പലം എന്ന ഗ്രാമത്തിന്റെ ഇന്നലെകളുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ പ്രോജ്ജ്വലമായ സ്മൃതികള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് ഷെബീന്‍ മഹ്ബൂബ് എഴുതിയ ‘പോരിനിറങ്ങിയ ഏറനാടന്‍ മണ്ണ്’ എന്നകൃതി. പുസ്തകത്തിന്റെ പേര് പോലെ തന്നെ പെരിമ്പലം എന്ന ഏറനാടന്‍ഗ്രാമം എന്തിനാണ് പോരിനിറങ്ങിയത്? നാട്ടുകാരുടെ ശത്രുക്കള്‍ ആരായിരുന്നു? അവിടെ അധിവസിച്ചിരുന്ന വിവിധ സമൂഹങ്ങള്‍, അവരുടെ പാരമ്പരാഗതതൊഴില്‍ മേഖലകള്‍. തുടങ്ങിയ വ്യത്യസ്തങ്ങളായ വിവരണങ്ങളാണ് പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നത്.
പെരിമ്പലം എന്ന ഗ്രാമത്തിന്റെ ഇന്നലെകളുടെ ചരിത്രം പ്രക്ഷുബ്ധമായ സമരവീഥികള്‍ താണ്ടിയിറങ്ങിയതാണ്. മലബാര്‍ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരില്‍ 29 പെരിമ്പലത്തുകാര്‍ ഉള്‍പ്പെടുന്നതായി ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു. അതില്‍ ഒന്‍പതുപേരുടെ വിവരങ്ങള്‍ പുസ്തകത്തില്‍ പങ്ക് വയ്ക്കുകയും ചെയ്യുന്നുണ്ട്. 11 പേര്‍ ജയില്‍വാസം അനുഭവിച്ചവരും നാലുപേര്‍ അന്തമാനിലേക്കും ഒരാള്‍ മക്കയിലേക്കും മറ്റൊരാള്‍ തമിഴ്‌നാട്ടിലെ കടലൂരിലേക്കും നാടുകടത്തപ്പെട്ടതായും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. അക്കാലത്തെ ജനസംഖ്യാ അനുപാതം വച്ച് നോക്കുകയാണെങ്കില്‍ ഒരു ഗ്രാമത്തില്‍ നിന്ന് ഇത്രയുംപേര്‍ ശിക്ഷിക്കപ്പെട്ടെങ്കില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പോരാടാന്‍ അവരെ പ്രേരിപ്പിച്ച ഘടകങ്ങളെ പഠന വിധേയമാക്കേണ്ടതുണ്ട്. അത്തരം വിവരണങ്ങള്‍ ഗ്രന്ഥകാരന്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നുമുണ്ട്. 19-ാം നൂറ്റാണ്ടില്‍ നാടുവാഴികളായ ജന്മിമാരും കര്‍ഷകരായ മാപ്പിളമാരും തമ്മില്‍ നടന്ന സംഘട്ടനങ്ങളെ ഹ്രസ്വമായി അവതരിപ്പിച്ചുകൊണ്ടാണ് മലബാര്‍ സമര ചരിത്രവിവരണത്തിലേക്ക് ഗ്രന്ഥകാരന്‍ പ്രവേശിക്കുന്നത്. മാപ്പിള കര്‍ഷകരുടെ മേല്‍ ചാര്‍ത്തിയ അനിയന്ത്രിതമായ നികുതി ഭാരങ്ങളും തല്‍ഫലമായുള്ള കുടിയൊഴിപ്പിക്കലുമെല്ലാമാണ് അക്കാലത്ത് നടന്ന മിക്ക കലാപങ്ങളുടെയും കാരണങ്ങള്‍. 1921ലെ സമരത്തില്‍ നേതൃപരമായ പങ്കുവഹിച്ചവരും ബ്രിട്ടീഷ് പട്ടാളവുമായുള്ള വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുമായ വിപ്ലവകാരികളില്‍ പലരുടെയും കുടുംബ പശ്ചാത്തലങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ മാനങ്ങള്‍ കടന്നുവരുന്നുണ്ട്. അതാവട്ടേ, 19-ാം നൂറ്റാണ്ടില്‍ മലബാറില്‍ നടന്ന ചെറുതും വലുതുമായ ജന്മികുടിയാന്‍ പോരാട്ടങ്ങളോ, മാപ്പിളമാരും ബ്രിട്ടീഷുകാരും തമ്മില്‍ നടന്ന പോരാട്ടങ്ങളുടെയോ തുടര്‍ച്ചകളായിട്ടാണ്. 19-ാം നൂറ്റാണ്ടിലെ ഇത്തരം പോരാട്ടങ്ങളില്‍ പങ്കെടുത്തവരുടെ മക്കളോ ജ്യേഷ്ഠാനുജന്മാരോ ആയിട്ടുളള ചിലര്‍ 1921 ലെ സമരത്തില്‍ പങ്കെടുത്ത് ശിക്ഷിക്കപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യപ്പെട്ടവരായുണ്ട്. എന്തിനധികം വിപ്ലവനേതാക്കന്മാരായിരുന്ന ആലി മുസ്‌ലിയാരുടെയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെയുമെല്ലാം കുടുംബവേരുകള്‍ ചികഞ്ഞാല്‍ അവിടെയെല്ലാം ബ്രിട്ടീഷ് പട്ടാളത്തോട് സുധീരം അടരാടി വീരമൃത്യു വരിക്കുകയോ നാടുകടത്തപ്പെടുകയോ ചെയ്ത പിതാക്കന്മാരെയും സഹോദരങ്ങളെയുമെല്ലാമാണ് കാണാന്‍ സാധിക്കുക. ഇത് വിപ്ലവനേതാക്കന്മാര്‍ക്കിടയില്‍ മാത്രമല്ല; പൂക്കോട്ടൂരിലും പാണ്ടിക്കാട്ടും തിരുരങ്ങാടിയിലുമെല്ലാം വെള്ളപ്പടയോട് മുഖാമുഖം പോര്‍മുഖം തീര്‍ത്ത ഒത്തിരി മാപ്പിള ഭടന്‍മാരുടെ പൂര്‍വികര്‍ അധികാരിവര്‍ഗ്ഗത്തിന്റെ നിരന്തര ചൂഷണങ്ങള്‍ക്കെതില്‍ പടക്കിറങ്ങിയതിന്റെ പേരില്‍ ജീവന്‍ ബലിനല്‍കിയവരായിരുന്നു. സമരപാരമ്പര്യമുള്ള ഇത്തരം കുടുംബങ്ങളിലെ എന്തിനും തയ്യാറുള്ള യുവാക്കളാണ് ബ്രിട്ടീഷ് പടയെ വെള്ളം കുടിപ്പിച്ചത്. അവര്‍ക്ക് മുന്‍പില്‍ രണ്ടേ രണ്ടു വഴികള്‍ മാത്രമാണുണ്ടായിരുന്നത്.
ഒന്ന്, തങ്ങളുടെ സ്വസ്ഥജീവിതത്തില്‍ നിരന്തരം കരിനിഴല്‍ വീഴ്ത്തിയവര്‍ക്കെതിരില്‍ ആയുധമെടുത്ത് പ്രതിരോധിക്കുക, അല്ലെങ്കില്‍ അവര്‍ക്കെല്ലാം കീഴ്‌പ്പെട്ട് അടിമകളെപ്പോലെ ജീവിക്കുക. ആത്മാഭിമാനികളായ മാപ്പിള കര്‍ഷകര്‍ അടിമത്ത സമാനമായ ജീവിതത്തെക്കാള്‍ പൊരുതി മരിക്കാനുറച്ചവരായിരുന്നു. മലബാര്‍ സമരം കേവലം ഖിലാഫത്ത് സംസ്ഥാപനത്തിന് വേണ്ടി പടക്കിറങ്ങിയ മാപ്പിളമാരുടെ ഹാലിളക്കമായിരുന്നെന്ന് നിറംപിടിപ്പിച്ച കഥകള്‍കൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവര്‍ ചൂഷകരായ ജന്മിമാര്‍ക്ക് കീഴില്‍ അവരനുഭവിച്ച സാമൂഹികവും സാമ്പത്തികവുമായ അധ:പതനത്തെ കാണാന്‍ ശ്രമിക്കാത്തവരാണ്. മലബാര്‍ സമരത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളില്‍ സാധാരണ കര്‍ഷകരായ മാപ്പിളമാരുടെ മനോഭാവമെന്തായിരുന്നു എന്ന് പുസ്തകം പരിശോധിക്കുന്നുണ്ട്.
പെരിമ്പലത്തുകാരായ മാപ്പിളപോരാളികളെ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ കൂരിമണ്ണില്‍ പാറപ്പുറത്ത് വലിയചേക്കു ഹാജിയെന്ന മാപ്പിളയോദ്ധാവിനെ കുറിച്ചുള്ള വിവരണം നല്‍കുന്നുണ്ട് ഷെബീന്‍ മഹ്ബൂബ്. അധര്‍മകാരികളായ അധികാരിവര്‍ഗ്ഗത്തോട് സന്ധിയാവാതെ പൊരുതി മരിക്കാന്‍ തീര്‍ച്ചപ്പെടുത്തിയ ധീരയോദ്ധാവ്! അംശം അധികാരിയായിരുന്ന കടക്കോട്ടില്‍ ഇല്ലത്തെ നമ്പൂതിരി ചേക്കുഹാജി താമസിച്ചിരുന്ന പാറപ്പുറത്ത് കുടിയിരുപ്പ്പറമ്പ് ഒഴിയാന്‍ ആവശ്യപ്പെട്ടു. അതില്‍ പിന്നെ തന്നെയും കുടുംബത്തെയും അന്യായമായി കുടിയൊഴിപ്പിക്കാനുള്ള ജന്മിയുടെ നീക്കത്തെ പ്രതിരോധിക്കാന്‍ അയാള്‍ പ്രതിജ്ഞയെടുക്കുന്നു. കര്‍ഷകരെ നിരന്തരം ദ്രോഹിച്ച ജന്മിമാരുടെ ആജ്ഞാനുവര്‍ത്തികളായ ചിലരെ ഹാജി വധിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്ന ജന്മിമാരെ വധിച്ചാല്‍ വെള്ളപ്പട അടങ്ങിയിരിക്കില്ലെന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്ന വലിയ ചേക്കുഹാജി പൊരുതി മരിക്കാനുറച്ചാണ് പടക്കിറങ്ങുന്നത്. അക്രമങ്ങളോടും അനീതികളോടും സന്ധിയാകാത്ത ഒരു നാടിന്റെ ഇന്നലെകളാണ് പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ‘മലപ്പുറം പട’ പാട്ടില്‍ പരാമര്‍ശിക്കുന്ന ജമാല്‍ മൂപ്പന്‍ എന്ന യോദ്ധാവിന്റെ കുടുംബവേരുകള്‍ പെരിമ്പലമെന്ന ഗ്രാമമാണെന്ന് കണ്ടെത്തുന്നുണ്ട് ഗ്രന്ഥകാരന്‍. നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ഏറനാട്ടിലെ പെരിമ്പലം എന്ന ഗ്രാമപ്രദേശത്തിന്റെ സമരവീഥികളുടെ ചരിത്ര വാതിലുകള്‍ തുറക്കാനാണ് ഗ്രന്ഥകാരന്‍ ജമാല്‍ മൂപ്പനെ കുറിച്ചുള്ള വിവരണങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചത് എന്ന് വ്യക്തം. കൂടാതെ, മലബാര്‍ സമരത്തില്‍ മാപ്പിളമാര്‍ വീരേതിഹാസം സൃഷ്ടിച്ച പൂക്കോട്ടുര്‍ യുദ്ധ (ുീീസസീേtuൃ യമേേഹല) ത്തില്‍ പങ്കെടുത്ത് വീര ചരമം പ്രാപിച്ച പെരിമ്പലത്തുകാരായ 13 രക്തസാക്ഷികളുടെ ലഭ്യമായ വിവരണങ്ങള്‍ പുസ്തകം പങ്കുവയ്ക്കുന്നുണ്ട്. പൂക്കോട്ടൂര്‍ യുദ്ധത്തിന് ശേഷം കൊണ്ടോട്ടിക്കടുത്ത മൊറയൂരില്‍ ബ്രിട്ടീഷ് പട്ടാളത്തെ പതിയിരുന്ന് ആക്രമിക്കാന്‍ ശ്രമിച്ച വിപ്ലവകാരികളില്‍ ചിലര്‍ ഏറ്റുമുട്ടലില്‍ മരിക്കുന്നു. അവിടെയും കാണാം പെരിമ്പലത്തുകാരായ ഏഴു പേര്‍. അവരില്‍ നാലു പേര്‍ രക്തസാക്ഷികളാവുന്നു. ചുരുക്കത്തില്‍ കൊളോണിയല്‍ വിരുദ്ധ വിപ്ലവ രംഗത്ത് ഒരു നാടും അവിടത്തെ ജനസഞ്ചയവും സന്ധിയില്ലാതെ ചെറുത്തുനിന്ന പാഠങ്ങളാണ് ‘പോരിനിറങ്ങിയ ഏറനാടന്‍ മണ്ണ്’ നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്. 1921ലെ മലബാര്‍ വിപ്ലവം കഴിഞ്ഞ് ഒരു നൂറ്റാണ്ടിലെത്തി നില്‍ക്കുമ്പോള്‍, പിറന്ന നാട്ടില്‍ ആത്മാഭിമാനമുള്ളവരായി ജീവിക്കാന്‍ ഒരു തലമുറ നടത്തിയ ജീവത്യാഗമുള്ള പോരാട്ടമുഖങ്ങളെ അന്വേഷിച്ചിറങ്ങിയ ഗ്രന്ഥകാരന്‍ തീര്‍ത്തും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
1921 ലെ സമരകാലഘട്ടത്തിലൂടെ കടന്നുപോയവരുടെ മൂന്നാമത്തെയോ, നാലാമത്തെയോ തലമുറയിലെത്തിനില്‍ക്കുന്ന ഇക്കാലത്ത് ജന്മനാടിന് വേണ്ടി ജീവാര്‍പ്പണം ചെയ്തവരുടെ പിന്‍മുറക്കാരെ ചരിത്രത്തില്‍ നിന്ന് ബോധപൂര്‍വം അപരവല്‍ക്കരിക്കാന്‍ ശ്രമങ്ങളുണ്ടാകുന്ന കാവിഭീകരത രാജ്യത്തെ ഗ്രസിക്കുമ്പോള്‍, ചരിത്രത്തിലെ ഇന്നലെകളിലെ പ്രോജ്ജ്വലമായ അധ്യായങ്ങള്‍ തുറന്നിട്ട് അതിനെതിരില്‍ നിരന്തരം പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. പ്രാദേശികമായ നമ്മുടെ ചരിത്ര നിര്‍മിതികള്‍ക്ക് താഴേത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ വിസ്മൃതങ്ങളായ ചരിത്രാധ്യായങ്ങള്‍ തുറന്നിടാന്‍ കഴിയും. മലബാര്‍ സമരത്തെ പ്രമേയമാക്കിയ പ്രദേശിക ചരിത്രകൃതികള്‍ വേറെയുമുണ്ട്. മുജീബ് തങ്ങള്‍ കൊന്നാര് എഴുതിയ ‘കൊന്നാര്: ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്ര ഭൂമി’, ഡോ. മോയിന്‍ ഹുദവിയുടെ ‘കോഴിക്കോട് താലൂക്കിലെ ചെറുത്ത് നില്‍പ്പും പാലക്കാം തൊടിക അബൂബക്കര്‍ മുസ്‌ലിയാരും’, പൂക്കോട്ടൂരിലെ തൂലികാ സാംസ്‌കാരിക സാഹിതി ഇറക്കിയ ‘ചരിത്രം തിളയ്ക്കുന്ന പൂക്കോട്ടൂര്‍’ തുടങ്ങിയ കൃതികളെല്ലാം കൊളോണിയല്‍ വിരുദ്ധ ചെറുത്തുനില്‍പ്പുകളുടെ പ്രാദേശിക ചരിത്രം പറയുന്ന രചനകളാണ്. ഇവയില്‍ നിന്നെല്ലാം ‘പോരിനിറങ്ങിയ ഏറനാടന്‍ മണ്ണ്’ എന്ന കൃതി വ്യതിരിക്തമാവുന്നത് മലബാര്‍ സമരം നടക്കുന്നതിന് മുന്‍പുതന്നെ ഒരു ഗ്രാമം വൈദേശികതക്കും ജന്മിത്വത്തിനുമെതിരെ നിരന്തരം പോര്‍മുഖം തീര്‍ത്തത് എങ്ങനെയായിരുന്നു എന്ന രചയിതാവിന്റെ അന്വേഷണങ്ങളാണ്.
പെരിമ്പലം ഗ്രാമവാസിയായ രചയിതാവ് പോരാളികുടുംബങ്ങളിലെ പ്രായാധിക്യമുള്ള പഴയ തലമുറയില്‍ നിന്ന് കിട്ടാവുന്നിടത്തോളം ചരിത്ര വസ്തുതകള്‍ ചോദിച്ച് മനസിലാക്കിയിട്ടുണ്ട്. കേട്ടവയത്രയും ലഭ്യമായ ഇംഗ്ലീഷിലെയും മലയാളത്തിലെയും മലബാര്‍ സമര സംബന്ധിയായ രേഖകള്‍ മുന്‍പില്‍ വച്ച് പരിശോധിച്ച് ഉറപ്പുവരുത്താനും ശ്രമിച്ചിട്ടുണ്ട്. ഏറനാട് താലൂക്കിലെ ഏതാണ്ടെല്ലാ അംശങ്ങളിലും മലബാര്‍ സമരം വ്യാപിച്ചിരുന്നു. അവയില്‍ പെരിമ്പലം എന്ന കൊച്ചുഗ്രാമം അനുഭവിച്ച തീക്ഷ്ണനുഭവങ്ങളാണ് പുസ്തകത്തെ ശ്രദ്ധേയമാക്കുന്ന മുഖ്യഘടകം.
Comments are closed for this post.