തൃശൂര്‍: ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുപോയ കുഴല്‍പ്പണം വാഹനം തടഞ്ഞ് തട്ടിയെടുത്ത കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. പ്രധാന സൂത്രധാരരായ മൂന്നുപേര്‍ ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു. ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് എല്ലാ പ്രതികളെയും പിടികൂടാനുള്ള നീക്കത്തിലാണ് പൊലിസ്.
ഈസ്റ്റ് കോടാലി വെട്ടിയാടന്‍ വീട്ടില്‍ ദീപക് (34), ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ സ്വദേശികളായ ഇട്ടിച്ചാല്‍ വീട്ടില്‍ അഭിജിത്ത് (29), തോപ്പില്‍ വീട്ടില്‍ ബാബു (43), വെട്ടിപ്പറമ്പില്‍ ഹാരിഷ് (36), തരുപീടിക വീട്ടില്‍ ലബീബ് (28), കാട്ടില്‍ ഹൗസില്‍ മാര്‍ട്ടിന്‍ (23), വേലപ്പറമ്പില്‍ വീട്ടില്‍ അബ്ദുല്‍ ഷഹീം (34) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഒന്‍പതുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും രണ്ടുപേരെ വിട്ടയച്ചു. ഏഴുപേരുടെ അറസ്റ്റ് ഇന്നലെ വൈകുന്നേരത്തോടെ രേഖപ്പെടുത്തുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
തൃശൂരില്‍നിന്ന് കഴിഞ്ഞ മൂന്നിനു പുലര്‍ച്ചെ എറണാകുളത്തേക്കു പുറപ്പെട്ട കുഴല്‍പ്പണമടങ്ങിയ വാഹനം കൊടകരയില്‍ വച്ചാണ് അക്രമിസംഘം തട്ടിയെടുത്തത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുപോകുകയായിരുന്ന കുഴല്‍പ്പണം ബി.ജെ.പി തൃശൂര്‍ ജില്ലാ നേതാക്കളുടെ അറിവോടെ തട്ടിയെടുത്തു എന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തിയതോടെയാണ് വിവാദം ചൂടുപിടിച്ചത്. ആദ്യഘട്ടത്തില്‍ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ചില പൊലിസുദ്യോഗസ്ഥരുടെ ഇടപെടലാണ് അന്വേഷണം നിലയ്ക്കാന്‍ കാരണമെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യവും പൊലിസ് അന്വേഷിക്കും. റൂറല്‍ എസ്.പി പൂങ്കുഴലിയുടെ മേല്‍നോട്ടത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ജിജിമോനാണ് പതിനഞ്ചംഗ അന്വേഷണ സംഘത്തിന്റെ ചുമതല.
ഇതിനിടെ കുഴല്‍പ്പണം കടത്തിയ വാഹനം തടഞ്ഞുനിര്‍ത്താന്‍ പിന്നാലെ കുതിച്ച കാറിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പാലിയേക്കര ടോള്‍പ്ലാസയില്‍ കുഴല്‍പ്പണം കടത്തിയ വാഹനം നിര്‍ത്തി ടോള്‍ നല്‍കിയെങ്കിലും പിന്നാലെ കുതിച്ചെത്തിയ കാര്‍ ടോള്‍ നല്‍കാതെ ക്രോസ് ബാര്‍ തട്ടിത്തെറിപ്പിച്ച് കടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തൃശൂര്‍ എം.ജി റോഡിലെ ഹോട്ടലില്‍ തങ്ങിയ സംഘം മൂന്നിനു പുലര്‍ച്ചെ വാഹനവുമായി പുറപ്പെട്ട സമയത്തുതന്നെ ഈ കാര്‍ പിന്തുടര്‍ന്നിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കുഴല്‍പ്പണക്കടത്തില്‍ ബി.ജെ.പി നേതാക്കളും ആരോപണമുനയിലായതോടെ കേന്ദ്ര നേതൃത്വം ഇടപെട്ടു. ബി.ജെ.പി ജില്ലാ നേതൃത്വത്തിലെ മൂന്നു നേതാക്കളെ ചുറ്റിപ്പറ്റിയാണ് സൂത്രധാരരിലേക്കുള്ള അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന.
പ്രഥമവിവര റിപ്പോര്‍ട്ടില്‍ രാഷ്ട്രീയപ്പാര്‍ട്ടിയുടെ പേര് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ചില നേതാക്കളില്‍നിന്ന് പൊലിസ് വിവരം തേടിയിട്ടുണ്ട്. മൂന്നരക്കോടിയുടെ കുഴല്‍പ്പണമാണ് കടത്തിയതെന്നാണ് സൂചന.
എന്നാല്‍ 25 ലക്ഷം കവര്‍ന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പരാതിയിലെ അന്വേഷണത്തിലാണ് ഏഴുപേര്‍ അറസ്റ്റിലായത്.
കുഴല്‍പ്പണക്കടത്തില്‍ ബി.ജെ.പിക്ക് ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. സി.പി.എം- കോണ്‍ഗ്രസ് ഗൂഢാലോചനയുടെ സൃഷ്ടിയാണ് വിവാദമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ ആരോപണം.
Comments are closed for this post.