2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ട്രംപിന്റേതല്ലാത്ത അമേരിക്കയെ നിര്‍മിക്കാന്‍ ബൈഡനാവുമോ?

 

യു.എസ് ഭരണസിരാകേന്ദ്രം കനത്ത സുരക്ഷയിലാണ്. അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡന്‍ ചുമതലയേല്‍ക്കാന്‍ ഒരുങ്ങവെ രാജ്യത്ത് ട്രംപ് അനുയായികള്‍ കലാപത്തിന് ശ്രമം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസ് ചരിത്രത്തിലിന്നുവരെ കണ്ടിട്ടില്ലാത്ത സുരക്ഷയും മറ്റുമാണ് ഇത്തവണത്തെ അധികാരം കൈമാറുന്ന ചടങ്ങിന് ഒരുക്കുന്നത്.
തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതു മുതല്‍ പരാജയം സമ്മതിക്കാത്ത ട്രംപ് ഭരണം കൈമാറുന്ന നടപടികള്‍ തടയാനും ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനും കലാപമുണ്ടാക്കാനും ശ്രമിച്ചിരുന്നു. ട്രംപ് അനുയായികള്‍ യു.എസ് പാര്‍ലമെന്റായ കാപിറ്റോളില്‍ അതിക്രമിച്ചു കടന്നു നടത്തിയ അഴിഞ്ഞാട്ടം ലോകത്തിനു മുന്നില്‍ ആ രാജ്യത്തെ നാണിപ്പിക്കുന്നതായിരുന്നു. യു.എസ് എന്ന രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ ശക്തി എത്രത്തോളമെന്ന് ലോകത്തിന് വെളിപ്പെടുത്തുന്നതായി കാപിറ്റോളിലെ ജനക്കൂട്ടത്തിന്റെ അഴിഞ്ഞാട്ടം. കലാപകാരികളെ പലപ്പോഴും പൊലിസ് സഹായിക്കുന്ന സാഹചര്യവുമുണ്ടായി. ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യത്ത് അധികാരക്കൈമാറ്റം കൈയൂക്കുകൊണ്ട് തടയാമെന്ന ട്രംപിന്റെ വ്യാമോഹമാണ് സ്ഥിതി വഷളാക്കിയത്. ഒടുവില്‍ പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതു വരെ യു.എസ് അക്ഷരാര്‍ഥത്തില്‍ ആശങ്കയിലാണ്. കലാപ സാധ്യതയുണ്ടെന്നാണ് എഫ്.ബി.ഐയുടെ റിപ്പോര്‍ട്ട്. അതിനാല്‍ കാപിറ്റോള്‍ മന്ദിരം പഴുതടച്ച സുരക്ഷാ വലയത്തിലുമാണിപ്പോള്‍. വൈദേശിക അധിനിവേശക്കാലത്ത് യു.എസ് പ്രയോഗിച്ച സുരക്ഷാ പദ്ധതികള്‍ ട്രംപ് അനുകൂലികളെ പേടിച്ച് സ്വന്തം നാട്ടില്‍ പ്രയോഗിക്കേണ്ട അവസ്ഥയും ലോക പൊലിസെന്ന് അവകാശപ്പെടുന്ന അമേരിക്കക്കുണ്ടായി.

ട്രംപിനൊപ്പമുള്ളവരും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും ട്രംപിനെ കൈയൊഴിഞ്ഞിട്ടുണ്ട്. സ്വയം നിയന്ത്രിത അധികാര കേന്ദ്രമായി ട്രംപ് മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അധികാരക്കൈമാറ്റം പതിവുപോലെ സുഗമമായി നടക്കുമെന്ന് ഒടുവില്‍ ട്രംപ് പറഞ്ഞെങ്കിലും മാനസികമായി അദ്ദേഹം പരാജയം സമ്മതിക്കാന്‍ ഒരുക്കമല്ല.

ട്രംപ് തന്നെയാണ് കാപിറ്റോളിലെ കലാപം ആസൂത്രണം ചെയ്തത്. ജനങ്ങളോട് സംഘടിച്ചെത്താന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇന്ന് നടക്കുന്ന അധികാരക്കൈമാറ്റ ചടങ്ങ് അലങ്കോലമാക്കാന്‍ ഇത്തരം നീക്കങ്ങളൊന്നും ട്രംപ് നടത്തിയതായി തെളിവില്ല. രഹസ്യമായി എന്തെങ്കിലും ആസൂത്രണം ഉണ്ടോയെന്നാണ് എഫ്.ബി.ഐയെ കുഴക്കുന്നത്.

അധികാരക്കൈമാറ്റ ചടങ്ങില്‍ ട്രംപ് പങ്കെടുക്കില്ലെന്ന് ഏതാണ്ട് വ്യക്തമാണ്. അന്നുതന്നെ വൈറ്റ് ഹൗസില്‍നിന്ന് തന്റെ സ്വകാര്യ വസതിയിലേക്ക് താമസം മാറാനാണ് ട്രംപിന്റെ നീക്കം. ട്രംപിനെ യാത്രയയക്കുന്ന ഔദ്യോഗിക ചടങ്ങ് വാഷിങ്ടണിനു പുറത്തു പതിവുപോലെ നടക്കും. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ട്രംപിന് വൈറ്റ് ഹൗസില്‍ തുടരാന്‍ കഴിയുക. സ്റ്റാഫിലെ ഒരു സംഘത്തെ തന്റെ പരിചാരകരായി നിലനിര്‍ത്താന്‍ അദ്ദേഹം കൂടെക്കൂട്ടുകയും ചെയ്യുന്നുണ്ട്. അതിനിടെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സ്ഥാനമൊഴിയലിന്റെ ഭാഗമായ നടപടിക്രമങ്ങളിലാണ്. അദ്ദേഹം യു.എസ് സൈനികരെ സന്ദര്‍ശിച്ചു. രാജ്യത്തെ 50 സംസ്ഥാനങ്ങളുടെയും ആസ്ഥാനത്ത് ഭീകരാക്രമണമോ കലാപമോ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് യു.എസ് പൊലിസ്. ടെക്‌സസില്‍ ഭീകരാക്രമണ സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. സംഭവ ബഹുലമായ അധികാരക്കൈമാറ്റ ചടങ്ങിനാകും ഇത്തവണ യു.എസ് സാക്ഷിയാകുക. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലോകം ശ്രദ്ധിക്കാറുണ്ടെങ്കിലും ഇത്തവണ അതിലേറെ ശ്രദ്ധ അധികാരക്കൈമാറ്റ ചടങ്ങിലാകും.

ട്രംപ് പിന്നോട്ടടിച്ച അമേരിക്കയെ പൂര്‍വസ്ഥിതിയിലെത്തിക്കാനുള്ള ദൗത്യമാണ് ബൈഡനു മുന്നിലുള്ളത്. പക്വതയുള്ള പെരുമാറ്റവും പ്രകടനവും കാഴ്ചവച്ച രാഷ്ട്രീയക്കാരനാണ് ജോ ബൈഡന്‍. പുതിയ ഭരണസംവിധാനത്തില്‍ അദ്ദേഹം അണിനിരത്തിയിരിക്കുന്നത് കഴിവുറ്റ സഹപ്രവര്‍ത്തകരെയാണ്. ഇന്ത്യന്‍ വംശജകര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും മതിയായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ട്രംപ് സൃഷ്ടിച്ച വിദ്വേഷത്തിന്റെ മതില്‍ തകര്‍ക്കുമെന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം ലോകം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ട്രംപിന്റെ വിസാ നയം കാരണം ആശങ്കയിലായ ഇന്തോ -അമേരിക്കന്‍ സമൂഹത്തിനും ബൈഡന്‍ പ്രതീക്ഷയാണ്. മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള യാത്രാവിലക്ക് അധികാരമേറ്റ ഉടന്‍ നീക്കുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം സ്വയം വികസിക്കുമ്പോള്‍ തങ്ങള്‍ പിന്നോട്ടുപോകരുതെന്ന ലക്ഷ്യം ബൈഡനുണ്ട്. യു.എസ് നിര്‍ണായക ശക്തിയായി തുടരണമെങ്കില്‍ ആഭ്യന്തര സുരക്ഷ അനിവാര്യമാണ്. സ്വന്തം രാജ്യത്തെ ജനങ്ങള്‍ തമ്മിലടിച്ചാല്‍ ആ രാജ്യം തകരും എന്ന രാഷ്ട്രീയ ബോധം ബൈഡനുണ്ട്.

സുശക്തമല്ലാത്ത രാജ്യത്തിന് ലോകത്തെ നിര്‍ണായക ശക്തിയാകാന്‍ കഴിയില്ല. ഇറാന്‍ പോലും വലിയ ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ യു.എസ് ആഗോള വെല്ലുവിളികളും നേരിടുന്നു. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്ന നേതാവാകും ബൈഡന്‍ എന്നാണ് അമേരിക്കന്‍ ജനത നല്‍കിയ ജനവിധി. വിദ്വേഷ രാഷ്ട്രീയത്തെ അവര്‍ തൂത്തെറിഞ്ഞു. ട്രംപ് സൃഷ്ടിച്ച വിവേചനത്തിന്റെയും വംശവെറിയുടെയും മതിലുകള്‍ പൊളിക്കാന്‍ ബൈഡന് കഴിയട്ടെ എന്നാശംസിക്കാം. ലോകത്ത് സമാധാനം വിതയ്ക്കാന്‍ കഴിയുന്ന പ്രസിഡന്റായി ജോ ബൈഡന്‍ പ്രവര്‍ത്തിക്കുമെന്നും പ്രത്യാശിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.