2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗുരുവായൂരിലെ ബി.ജെ.പി പിന്തുണയില്‍ തീരുമാനം ഇന്ന്

തൃശൂര്‍: ഗുരുവായൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് സ്വതന്ത്രന് പിന്തുണ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നു. തീരുമാനം ഇന്നുണ്ടായേക്കും.
ഇന്നലെ രാത്രി എറണാകുളത്ത് നടന്ന യോഗത്തില്‍ അമിത്ഷായുമായി സംസ്ഥാന നേതൃത്വം വിഷയം ചര്‍ച്ചചെയ്തു. സ്വതന്ത്രനായി മത്സരരംഗത്തുള്ള ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡി.എസ്.ജെ.പി) സ്ഥാനാര്‍ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കുന്ന കാര്യമാണ് ബി.ജെ.പിയുടെ പ്രഥമ പരിഗണനയിലുള്ളത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് എന്‍.ഡി.എയുടെ ഭാഗമായി മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ഡി.എസ്.ജെ.പിയെ ബി.ജെ.പി. നേതൃത്വം തഴയുകയായിരുന്നു. തുടര്‍ന്ന് ഗുരുവായൂരടക്കം പത്തു മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തി.
ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്റെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളുകയും തുടര്‍ന്ന് കോടതി വിഷയത്തില്‍ ഇടപെടാതിരിക്കുകയും ചെയ്തതോടെയാണ് സ്വതന്ത്രനു പിന്തുണ നല്‍കാനുള്ള തീരുമാനത്തിലെത്തിയത്.

കഴിഞ്ഞതവണ നിവേദിത മണ്ഡലത്തില്‍ 25,490 വോട്ട് നേടിയിരുന്നു. ഡി.എസ്.ജെ.പി സംസ്ഥാന ട്രഷറര്‍ കൂടിയായ ദിലീപ് നായര്‍ എന്‍.ഡി.എയുടെ ഭാഗമായി മത്സരിക്കാന്‍ പൂര്‍ണസമ്മതമാണെന്ന് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പ്രസ്ഥാനത്തിനായി മത്സരിക്കുന്ന ആന്റണി തലക്കോട്ടൂരാണ് ഗുരുവായൂരില്‍ ജനവിധി തേടുന്ന മറ്റൊരു സ്വതന്ത്രന്‍. അദ്ദേഹവുമായും ബി.ജെ.പി നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. മണ്ഡലം കമ്മിറ്റി അനുവദിച്ചാല്‍ എന്‍.ഡി.എയുടെ പിന്തുണയോടെ മത്സരിക്കാന്‍ സമ്മതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിലെ സാഹചര്യത്തില്‍ ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.