2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

70 വര്‍ഷത്തെ വിലക്ക് നീക്കി: സഊദി വ്യോമപാതയിലൂടെ ആദ്യ വിമാനം ഇസ്രയേലിലേക്ക് പറന്നു

നിസാര്‍ കലയത്ത്

ജിദ്ദ: 70 വര്‍ഷത്തെ വിലക്ക് അവസാനിപ്പിച്ചതോടെ സഊദി വ്യോമപാത വഴി ഇസ്രയേലിലേക്ക് എയര്‍ഇന്ത്യ വിമാനം സര്‍വീസ് നടത്തി. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനമാണ് വ്യാഴാഴ്ച തെല്‍ അവീവില്‍ പറന്നിറങ്ങിയത്.

സഊദി അറേബ്യ ആദ്യമായാണ് ഇത്തരത്തില്‍ കമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്ക് വേണ്ടി വ്യോമപാത തുറന്നുനല്‍കുന്നത്. ഡല്‍ഹിയില്‍ നിന്ന് തെല്‍ അവീവിലേയ്ക്ക് വ്യാഴാഴ്ച മുതല്‍ സര്‍വീസ് നടത്തിയതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചിട്ടുണ്ട്. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഇതോടെ എയര്‍ഇന്ത്യ വിമാനങ്ങള്‍ നടത്തുക.

ഇസ്രയേലിലേയ്ക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സഊദി വ്യോമപാത തുറന്നുകൊടുക്കുമെന്ന് നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയിരുന്നു. ഇതോടെ ഇസ്‌റാഈലിലെ തെല്‍ അവീവിലേയ്ക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് സഊദിയുടെ വ്യോമാതിര്‍ത്തി വഴി സഞ്ചരിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് ആദ്യം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.

ഇന്ത്യയില്‍ നിന്ന് ഇസ്‌റാഈലിക്ക് എയര്‍ ഇന്ത്യയുടെ 7878 ബോയിങ് വിമാനമാണ് സഊദിയുടെ വ്യോമപാത വഴി ഇസ്‌റാഈലിലെ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ഇത് സഊദിയും ഇസ്‌റാഈലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും നിര്‍ണായക മാറ്റമാണുണ്ടാക്കുക. ഇത് ചരിത്ര നിമിഷമെന്ന് ഇസ്‌റാഈല്‍ ടൂറിസം മന്ത്രി യരീവ് ലവിന്‍ വ്യക്തമാക്കി. സഊദി വ്യോമപാത തുറന്നുനല്‍കിയതോടെ ഇന്ത്യയിലേയ്ക്കുള്ള സമയത്തില്‍ രണ്ട് മണിക്കൂറിലധികം കുറവ് വന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.