2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സഊദിയുടെ സ്വപ്‌ന പദ്ധതി ‘നിയോമില്‍’ സല്‍മാന്‍ രാജാവ് വിശ്രമത്തിനെത്തി; മന്ത്രിസഭയും ചേര്‍ന്നു

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ലോകത്തെ അത്ഭുതപ്പെടുത്തന്ന പ്രഖ്യാപനത്തോടെ തുടക്കമായ സഊദിയുടെ സ്വപ്‌ന പദ്ധതിയായ ‘നിയോ’ മില്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വിശ്രമത്തിനായി എത്തി. ഇവിടെ ആദ്യത്തെ ക്യാബിനറ്റ് മന്ത്രിസഭയും ചേര്‍ന്നു.

ഒരു പദ്ധതി പ്രദേശത്ത് ക്യാബിനറ്റ് ചേരുന്നതും അത്യപൂര്‍വ്വ സംഭവമാണ്. സഊദിയും ജോര്‍ദ്ദാനിന്റെയും ഈജിപ്തിന്റെയും ഏതാനും ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക സിറ്റിയുടെ സഊദി ഭാഗമായ തബൂക്ക് പ്രവിശ്യയില്‍ വച്ചാണ് രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ക്യാബിനറ്റ് ചേര്‍ന്നത്.

ചെങ്കടലില്‍ ഹുദൈദ തുറമുഖത്തിനടുത്ത് യമന്‍ വിമതരുടെ ആക്രമണം നേരിടേണ്ടി വന്ന സഊദി എണ്ണടാങ്കര്‍ ആക്രമണം, ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍, ഇറാന്‍ സഹായത്തോടെ യമനില്‍ സര്‍ക്കാരിനെതിരെയും സഊദിക്കെതിരെയും പ്രവര്‍ത്തിക്കുന്ന വിമതരായ ഹൂതികള്‍, തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധം ക്യാബിനറ്റ് രേഖപ്പെടുത്തി. സഊദി വിഷന്‍ 2030 നടപ്പിലാക്കാന്‍ ‘അന്താരാഷ്ട്ര മോണിറ്ററി ഫണ്ട്’ നല്‍കുന്ന പ്രചോദനത്തില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് മീഡിയ മന്ത്രി അവാദ് ബിന്‍ സാലിഹ് അല്‍ അവാദ് പറഞ്ഞു. ഞായറാഴ്ചയാണ് നിര്‍മ്മാണം തുടങ്ങിയ നിയോം സാമ്പത്തിക നഗരിയില്‍ സല്‍മാന്‍ രാജാവ് എത്തിയത്.

എന്താണ് ‘നിയോം’ പദ്ധതി

500 ബില്ല്യന്‍ യു.എസ് ഡോളറില്‍ നിര്‍മ്മിക്കുന്ന സ്വപ്‌ന പദ്ധതിയാണ് നിയോം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാ കേന്ദ്രമായി സഊദി മാറും. ഭാവിയിലേക്കൊരിടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ”നിയോം” പദ്ധതി വഴി ലോകത്തെ ഏറ്റവും പുരോഗമന പരവും സൗകര്യപ്രദവുമായ ജീവിതവും ജോലി സാഹചര്യങ്ങളുമായിരിക്കും ഒരുക്കുന്നത്.

ഈജിപ്ത് ജോര്‍ദ്ദാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് 26,500 ചതുരശ്ര കിലോമീറ്ററിലാണു നിയോം സിറ്റി. മുഴുവന്‍ ഭൂഖണ്ഡങ്ങളിലെയും ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഗ്ലോബല്‍ ഹബ്ബായിരിക്കും ഭാവിയില്‍ നിയോം മാറും. ഏഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട പദ്ധതി കിംഗ് സല്‍മാന്‍ പാലത്തിലേക്കുള്ള പ്രധാന കവാടത്തിന്റെ ഭാഗമായിരിക്കും നിയോം പദ്ധതി പ്രദേശം.

 

ലോകത്തെ 70% ജനങ്ങള്‍ക്കും 8 മണിക്കൂറിനുള്ളില്‍ നിയോമില്‍ എത്തിച്ചേരാനാകുമെന്നത് ഭാവിയില്‍ ലോകത്തിന്റെ സാമ്പത്തിക ജീവനാഡി തന്നെ സഊദി അറേബ്യ ആയി മാറുമെന്നതിന്റെ സൂചനയാണു നിയോം. സഊദി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പദ്ധതിയുടെ പിന്നില്‍.

കഴിഞ്ഞ വര്‍ഷം സഊദിയില്‍ നടന്ന ആഗോള നിക്ഷേപ പദ്ധതിയിലാണ് നിയോം പ്രഖ്യാപനം നടന്നത്. സഊദിയില്‍ ആണെങ്കിലും നിയോം സിറ്റിക്ക് പ്രത്യേക നിയമ ചട്ടങ്ങളായിരിക്കും ഉണ്ടായിരിക്കുക. ലോകത്തെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള പദ്ധതി കൂടിയാണ് നിയോം. ടെക്‌നോളജിയുടെ വരാനിരിക്കുന്ന പതിപ്പുകളായിരിക്കും നിയോമില്‍ കാണാന്‍ കഴിയുക.

റോബോട്ടുകളും പൈലറ്റില്ലാ വിമാനങ്ങളും സിറ്റിയില്‍ നിത്യ കാഴ്ച്ചയാകും. കാറ്റ്, സൗരോര്‍ജ്ജം എന്നിവ ഊര്‍ജ്ജ സ്രോതസ്സുകളായിരിക്കും ഉപയോഗിക്കപ്പെടുക. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്‍ രാജകുമാരന്റെ ദീര്‍ഘ വീക്ഷണമാണു നിയോമിന്റെ ഉത്ഭവത്തിന്റെ പിറകില്‍. ന്യൂയോര്‍ക്ക് സിറ്റിയേക്കാള്‍ 33 മടങ്ങ് വലിപ്പമാണു നിയോം സിറ്റിക്ക് എന്നത് ഇതിന്റെ ബാഹുല്യം എടുത്ത് കാണിക്കുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News