
വാക്കുകളിലെങ്കിലും നിലവില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ-മതേതര രാജ്യമെന്ന് നടിക്കുന്ന സമകാലിക ഇന്ത്യയുടെ വക്താക്കളാണ് നാം. ധിഷണാശാലികളായ നേതാക്കള്‍ രൂപപ്പെടുത്തിയെടുത്ത ഇന്ത്യയുടെ മഹത്തായ ഭരണഘടനയില്‍ ഓരോ മനുഷ്യജീവനും കൃത്യമായ മൗലികാവകാശങ്ങളും ഉറപ്പു വരുത്തുന്നുണ്ട്. അഥവാ രാഷ്ട്രത്തിലെ ഓരോ വ്യക്തിയും രാഷ്ട്രീയപരമായി തന്നെ സംരക്ഷിക്കപ്പെടുന്നുവെന്നു ചുരുക്കം.
അങ്ങനെ വിലയിരുത്തുമ്പോള്‍ ഒരു പൗരന്റെ നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം കടന്നു വരുന്നുവെന്ന് മനസിലാക്കാം. അതുകൊണ്ടു തന്നെ രാവും പകലുമെന്ന പോലെ, മഴയും വെയിവുമെന്ന പോലെ കാലവും കാലാവസ്ഥയും നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തെ വലിയൊരളവില്‍ സ്വാധീനിക്കുന്നു. രാഷ്ട്രീയപരമായി സംഭവബഹുലമായ ഒരു വര്‍ഷമാണ് നമുക്ക് കടന്നു പോയത്… വരുന്നതോ… അതിലും സംഭവബഹുലമായേക്കാവുന്ന, കുന്നോളം പ്രതീക്ഷകള്‍ക്ക് വകയുള്ള ഒരു വര്‍ഷവും.
എന്തുകൊണ്ട് പോയ വര്‍ഷം എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു… ലോകത്താകമാനം ഫാസിസത്തിനെതിരേ യുവത്വം തെരുവുകളില്‍ ഉറഞ്ഞുതുള്ളി എന്നതാണ്. അവകാശ സംരക്ഷണത്തിനും ധര്‍മ്മത്തിനും വേണ്ടി ശബ്ദമുയര്‍ത്താനും അനീതിക്കും ഫാസിസത്തിനുമെതിരേ മുഷ്ടി ചുരുട്ടാനും വ്യത്യസ്ത മതഗ്രന്ഥങ്ങളേന്തുന്ന കരങ്ങള്‍ ചേര്‍ത്ത് ഒരുമയുടെ മനുഷ്യച്ചങ്ങല തീര്‍ക്കാനും ഈ കലികാലത്തും വലിയൊരു യുവതലമുറ ഉറക്കമൊഴിച്ച് തെരുവുകള്‍ സജീവമാക്കിയപ്പോള്‍ തകര്‍ന്നടിയുന്നത് വലതുപക്ഷ ഫാസിസത്തിന്റെ തീവ്ര വര്‍ഗ്ഗീയ സ്വപ്നങ്ങളാണ്. തെരുവുകള്‍ കീഴടക്കിയ പോരാട്ടങ്ങള്‍ നിരവധി കണ്ട വര്‍ഷമായിരുന്നു 2019, അതേ… ജനകീയ അശാന്തിയുടെ ഒരു വര്‍ഷം. ഇന്ത്യയെക്കൂടാതെ ഹോങ്കോങ്, ചിലി, ഇക്വഡോര്‍, സ്പെയ്ന്‍, ബോളീവിയ, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, റഷ്യ, അള്‍ജീരിയ, ഇറാഖ്, ഇറാന് തുടങ്ങി നിരവധി ലോക രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളാണ് പോയ വര്‍ഷം തെരുവ് പ്രക്ഷോപങ്ങളുടെ ചൂടറിഞ്ഞത്.
2019ലെ പ്രക്ഷോപങ്ങള്‍ ഇതുവരെ ഒരു പ്രമുഖ ലോകനേതാവിനെയോ സര്‍ക്കാരിനെയോ അട്ടിമറിച്ചിട്ടില്ലെങ്കിലും തീര്‍ച്ചയായും അവ വലിയ ചില പാഠങ്ങള്‍ ലോകത്തിന് നല്‍കുന്നുണ്ട്. പ്രതിഷേധങ്ങളും പണിമുടക്കുകളും ബൊളീവിയയുടെ പ്രസിഡന്റ് ഇവോ മൊറേല്‍സിനെ 13 വര്‍ഷത്തിനുശേഷം കഴിഞ്ഞ നവംബറോടെ അധികാരത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു.
ഹോങ്കോങ് പ്രക്ഷോഭത്തില്‍ നിന്ന്
അള്‍ജീരിയയിലെ അബ്ദെലസിസ് ബൗട്ടെഫ്ലിക, സുഡാനിലെ ഒമര്‍ അല്‍ ബഷീര്‍ എന്നിവരും പതിറ്റാണ്ടുകള്‍ക്ക് ശേഷം ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് വീണു. അല്‍ ബഷീറിന്റെ കാര്യത്തില്‍, മാസങ്ങള്‍ നീണ്ട പ്രതിഷേധത്തിന് ശേഷം സൈന്യം അട്ടിമറി നടത്തുകയാണ് ചെയ്തത്. ലെബനന് പ്രധാനമന്ത്രി സാദ് അല്‍ ഹരിരിയെ രണ്ടാഴ്ചത്തെ ബഹുജന പ്രതിഷേധത്തിന് ശേഷം ഒക്ടോബര്‍ അവസാനം അധികാരത്തില്‍ നിന്ന് പുറത്താക്കി. തൊട്ടടുത്ത മാസം, ഇറാഖ് പ്രധാനമന്ത്രി അദല്‍ അബ്ദുല്‍ മഹ്ദിയും മാസങ്ങള്‍ നീണ്ട സമരങ്ങളെ തുടര്‍ന്ന് രാജിവച്ചു. ഇറാനിലും ഇറാഖിലും, ജനകീയ പ്രകടനങ്ങളില്‍ ഇരു രാജ്യങ്ങളുടെയും തെരുവുകളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു.
വടക്കേ ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും നിരവധി രാജ്യങ്ങള്‍ അത്തരം പ്രകടനങ്ങളാല്‍ പരിഭ്രാന്തരായിട്ടുണ്ട്. ഒരേ സമയം വിവിധ രാജ്യങ്ങളിലെ ഭരണകൂടത്തിനെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ തമ്മില്‍ യഥാര്‍ഥത്തില്‍ ബന്ധമുണ്ടെന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഇവിടങ്ങളിലെല്ലാം അറബ് വസന്തത്തെ അനുസ്മരിപ്പിക്കുന്ന ‘ജനങ്ങള്‍ ഭരണത്തിന്റെ പതനം ആഗ്രഹിക്കുന്നു’ എന്ന മുദ്രാവാക്യം വീണ്ടും ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.
ഒരേ സമയം ലോകത്തിന്റെ വ്യത്യസ്ത മേഖലകളിലെ പ്രക്ഷോപങ്ങള്ക്കെല്ലാം പലപ്പോഴും ഒരേ നിറമാകുന്നതില്‍ സോഷ്യല്‍ മീഡിയയുടേയും സ്മാര്‍ട്ട്ഫോണുകളുടേയും പങ്ക് ചെറുതല്ല. കാറ്റലന്‍ പ്രക്ഷോഭകര്‍ ഹോങ്കോങ്ങിന്റെ പതാകയേന്തിയത് അതിന് വലിയൊരുദാഹരണമാണ്. ബഹുജന പ്രകടനങ്ങള്‍ക്കുള്ള തീപ്പൊരി ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്. ഇന്ത്യയിലത് പൗരത്വം, അഭയാര്‍ഥികള്‍ എന്നിവ സംബന്ധിച്ച പുതിയ നിയമങ്ങളാണെങ്കില്‍ ഹോങ്കോങില്‍ കുറ്റവാളി കൈമാറ്റ കരാറാണ്. രണ്ടും രാഷ്ട്രീയപരമാണെന്ന് ചുരുക്കം.
സുദാന്‍ പ്രക്ഷോഭം
മറ്റു ചില സ്ഥലങ്ങളില്‍, ചിലിയിലെ മെട്രോ നിരക്കുകളുടെ വര്‍ധനവ് പോലെ, അതല്ലെങ്കില്‍ ലെബനനിലെ വാട്സ്ആപ്പിന് നികുതി ഏര്‍പ്പെടുത്തല്‍ പോലുള്ള സാമ്പത്തിക പ്രേരണകളായിരുന്നു. പ്രക്ഷോഭ മേഖലകളിലെല്ലാം സോഷ്യല്‍ മീഡിയയാണ് ശക്തമായ ഒരു ഓര്‍ഗനൈസിങ് ഉപകരണമായി വര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം വൈറലാകുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രക്ഷോഭങ്ങളാല്‍ അശാന്തമായ ചില സുപ്രധാന മേഖലകളില്‍ പോലും മൊബൈല്‍ ഇന്റര്‍നെറ്റ് ആശയവിനിമയം തന്നെ നിര്‍ത്തിവയ്ക്കാന്‍ മോദി ഭരണകൂടം നിര്‍ബന്ധിതമായി.
വലിയ പ്രക്ഷോഭങ്ങള്‍ സോഷ്യല്‍ മീഡിയ വഴി കൂടുതല്‍ എളുപ്പത്തില്‍ സംയോജിപ്പിക്കപ്പെടുമ്പോള്, പോയ വര്‍ഷം, ‘ലീഡര്‍ലെസ്സ്’ പ്രക്ഷോഭത്തിന്റെ പുതിയ രീതിയെ ലോകത്തിനു പരിചയപ്പെടുത്തി. ആളുകളെ വേഗത്തില്‍ തെരുവിലിറക്കാന്‍ ഹാഷ്ടാഗുകളും ഇന്റര്‍നെറ്റ് മീമുകളും ധാരാളമായിരുന്നു. 2019 അവസാനിച്ചപ്പോഴും ഇന്ത്യയില്‍ ബഹുജന പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ് ചെയ്തത്.
ലെബനോന് പ്രക്ഷോഭം
വിദ്യാസമ്പന്നരായ യുവതലമുറയും സാംസ്കാരിക നായകരുമടക്കം രാജ്യമൊന്നടങ്കം പ്രതിഷേധ പ്രകടനങ്ങളുമായി മോദിയേയും അമിത്ഷായേയും വിറപ്പിക്കുകയാണ്. എന്നാല്‍ മോദി ഭരണകൂടത്തിന്റെ പ്രതികരണം വിചിത്രവും അക്രമാസക്തവുമാണ്. പ്രമുഖ ബുദ്ധിജീവികളെ വരേ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ക്കുമുന്നില്‍ വച്ചു തന്നെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുമ്പോള്‍ ഒരോ ജനാധിപത്യ വിശ്വാസിയും മൂക്കത്ത് വിരല്വച്ചുപോവുകയാണ്. ലോകത്തിന്റെ ത്തിന്റെ ഭാവിയായ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ഭരണകൂടം അധികാരത്തിന്റെ ദണ്ഡുകള് കൂടുതല്‍ പ്രയോഗിക്കുന്നത്. ഫാസിസത്തിനെതിരേ എന്നും ശബ്ദങ്ങള്‍ ആദ്യമുയരാറുള്ള സര്‍ഗ്ഗാത്മകതയുടെ ഇടനാഴികളായ കലാലയങ്ങളിലാണ് ഫാസിസ്റ്റ് ബൂട്ടുകള്‍ ആദ്യം പതിയുന്നതും.
ഇതെല്ലാം തന്നെയാണ് പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയും… അഥവാ അനീതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ വിദ്യാസമ്പന്നരായ ഇന്ത്യന്‍ യുവത മുന്നില്‍ തന്നെയുണ്ടാവുമെന്ന് കാണിച്ചുതന്ന വര്‍ഷമാണ് കടന്നുപോയതെന്നു ചുരുക്കം. കാറ്റലിയന്‍, ചിലി പ്രക്ഷോപങ്ങളും ഇനിയും രൂക്ഷമാകും. ഹോങ്കോങിലെ പ്രതിഷേധങ്ങളും അത്ര പെട്ടെന്ന് കെട്ടടങ്ങുകയില്ല.
കഴിഞ്ഞ 12 മാസങ്ങളില്‍ സംഭവിച്ചതു പോലെ, അപ്രതീക്ഷിത കാരണങ്ങളാല്‍ അപ്രതീക്ഷിത ഇടങ്ങളില്‍ അനീതി ഉടലെടുക്കുമ്പോള്‍ ഇനിയും സാമൂഹിക അസ്വസ്ഥതകളും പ്രക്ഷോഭങ്ങളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
കാലവും രൂപവും അതിവേഗം മാറുകയാണ്, കൂടെ സമരമുറകളും. ഒരു പക്ഷെ, പോയ വര്‍ഷങ്ങളേക്കാള്‍ പ്രക്ഷുബ്ധമാവാന്‍ എന്തുകൊണ്ടും ഇിയുള്ള ട്വന്റി-ട്വന്റി ആണ്ടിനു സാധിച്ചേക്കാം.
Comments are closed for this post.