2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നരകത്തില്‍നിന്നു വരുന്ന സാരോപദേശങ്ങള്‍

എ. റശീദുദ്ദീന്‍

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2016 സെപ്റ്റംബറില്‍ ഡല്‍ഹിയിലെ പാകിസ്താന്‍ നയതന്ത്ര കാര്യാലയത്തിനു സമീപം ഒരു പ്രതിഷേധ പ്രകടനം അരങ്ങേറി. ബലൂചിസ്ഥാനെ പാകിസ്താന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ നരേന്ദ്ര മോദി ഇടപെടണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇന്ത്യയില്‍ അഭയം തേടിയ ബലൂചി വിമത നേതാവ് മസ്ദാക്ക് ബലൂച്ചായിരുന്നു പാകിസ്താനെതിരേ മോദിയുടെ സഹായവും ഐക്യരാഷ്ട്രസഭയുടെ ഇടപെടലും തേടി ചാണക്യപുരിയില്‍ ഈ പ്രകടനം നയിച്ചത്. ബലൂചിസ്ഥാനില്‍ പാകിസ്താന്‍ സൈന്യം രാസ, ആണവ ആയുധങ്ങള്‍ പരീക്ഷിക്കുന്നുണ്ട് എന്ന ആരോപണമുന്നയിച്ച് നടത്തിയ ഈ റാലിക്ക് ദേശീയ മാധ്യമങ്ങള്‍ വമ്പിച്ച പ്രചാരവും നല്‍കി. ഇന്ത്യക്കും പാകിസ്താനുമിടയിലെ ശീതസമരത്തെ സസൂക്ഷ്മം വിലയിരുത്തുമ്പോള്‍ കശ്മിര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പാകിസ്താനെ സംബന്ധിച്ചിടത്തോളം വലിയൊരു കീറാമുട്ടിയായി മാറുന്നത് ബലൂചിസ്ഥാന്‍ കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന ഇത്തരം വിമത നീക്കങ്ങളായിരുന്നു. കശ്മിര്‍ വിഷയത്തില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരേ ഉന്നയിച്ച മിക്ക ആരോപണങ്ങളും ബലൂചിസ്ഥാനില്‍ അവരെ തിരിഞ്ഞുകുത്തുന്ന, അന്താരാഷ്ട്ര സമൂഹത്തിന് മുമ്പാകെ ഇംറാന്‍ ഖാന് മുഖം നഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു പിന്നീടിങ്ങോട്ട്.

ഇന്ത്യന്‍ മീഡിയയെ സംബന്ധിച്ചിടത്തോളം രസകരമായ നിലപാടു മാറ്റങ്ങളുടെ കഥകളാണ് ഈ ബലൂചി വിമതരുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരുന്നത്. 2018 ഡിസംബറില്‍ ഒരു അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം കൊടുത്ത, ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, ഹയര്‍ബയ്യാര്‍ മറി എന്ന വിമത നേതാവിന്റെ കാര്യം ഉദാഹരണം. ആര്‍.എസ്.എസിനു വേണ്ടി ബൗദ്ധിക വ്യാപാരം നടത്തുന്ന ഡല്‍ഹി സ്റ്റഡീ ഗ്രൂപ്പ് (ഡി.എസ്.ജി) ആയിരുന്നു സംഘാടകര്‍. ഇതിന്റെ മറുവശം എന്തായിരുന്നുവെന്നാല്‍, കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേര്‍ക്ക് നടന്ന ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായിരുന്നു ഹയര്‍ ബയ്യാര്‍. ഡി.എസ്.ജി തലവന്‍ വിജയ് ജോളിയോട് മറിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ലഭിച്ച മറുപടി ഭീകരത എന്ന രാഷ്ട്രീയ ആയുധത്തിന്റെ അപഹാസ്യതയെയാണ് അടിവരയിട്ടത്. ഹയര്‍ ബയ്യാറിനെ ഒരു പോരാളിയായാണ് കാണുന്നതെന്നും അദ്ദേഹം ഭീകരനാണെന്ന വാദത്തെ അംഗീകരിക്കുന്നില്ലെന്നുമാണ് ജോളി പറഞ്ഞത്. ഡി.എസ്.ജി അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നതായിരുന്നില്ലല്ലോ ചോദ്യം. അദ്ദേഹം ഭീകരനായിരുന്നോ അല്ലേ എന്നതായിരുന്നില്ലേ? ഈ പട്ടികയില്‍ കൂടുതല്‍ കൂടുതല്‍ ‘പോരാളി’കളെ ഇന്ത്യ അംഗീകരിച്ചു തുടങ്ങിയ കാലത്താണ് കുല്‍ഭൂഷണ്‍ ജാദവിനെ പിടികൂടി, ബലൂചിസ്ഥാനിലേക്ക് ഇന്ത്യ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പറഞ്ഞയച്ച റോയുടെ ഉദ്യോഗസ്ഥനാണെന്ന അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച്, പാകിസ്താന്‍ രംഗത്തെത്തിയത്.

ബലൂചിസ്ഥാന്‍ കേന്ദ്രീകരിച്ചു നടക്കുന്ന ഈ വിമത പോരാട്ടങ്ങളുടെ മുന്നിലുണ്ടായിരുന്ന യുവ മനുഷ്യാവകാശ പോരാളി മന്‍സൂര്‍ പശ്തീനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പോയവാരം ഉണ്ടായ ഒരു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇതൊക്കെ ഇപ്പോള്‍ ഓര്‍മിക്കേണ്ടി വന്നത്. ബലൂചിസ്ഥാനില്‍ പാക് സൈന്യം കുഴിച്ചിട്ട മൈനുകള്‍ നീക്കം ചെയ്യണമെന്നും ‘ബലം പ്രയോഗിച്ചുള്ള അപ്രത്യക്ഷമാകലുകള്‍’ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തുള്ള പക്തൂണ്‍ തഹഫുസ് മൂവ്‌മെന്റിന്റെ (പി.ടി.എം) നേതാവായിരുന്ന മന്‍സൂറിനെ രാജ്യദ്രോഹക്കുറ്റവും അവരുടെ രാജ്യത്തെ യു.എ.പി.എയും ചുമത്തിയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. 2018ല്‍ ഇതിനു മുമ്പൊരിക്കല്‍ മന്‍സൂറിനെ പാക് സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. അതിശക്തമായ സോഷ്യല്‍ മീഡിയാ പ്രതിഷേധത്തെ തുടര്‍ന്ന് നിവൃത്തിയില്ലാതെ ഒടുവില്‍ വിട്ടയക്കുകയാണുണ്ടായത്. നഖീബുല്ലാ മഖ്‌സൂദ് എന്ന വ്യാപാരിയെ കറാച്ചിയില്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച സംഭവമായിരുന്നു മന്‍സൂറിനെ സമരമുഖത്തെത്തിച്ചത്. ദേരാ ഇസ്മായില്‍ ഖാന്‍ എന്ന പാക് നഗരത്തില്‍ നിന്നും ആരംഭിച്ച് പേഷാവര്‍ വഴി ഇസ്‌ലാമാബാദിലെത്തിയ പടുകൂറ്റന്‍ പ്രകടനത്തിന് നേതൃത്വം നല്‍കിയത് മന്‍സൂറായിരുന്നു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചു മാത്രമല്ല, കസ്റ്റഡിയില്‍ എടുത്തതിനു ശേഷം കാണാതായ ബലൂചികളെക്കുറിച്ചും അന്വേഷണം വേണമെന്ന സംഘടനയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഈ റാലിക്കു ശേഷമാണ് പി.ടി.എം എന്ന സംഘടന തന്നെ സ്ഥാപിക്കപ്പെട്ടത്.
മന്‍സൂറിനെയും ഒപ്പമുള്ള ആറ് നേതാക്കളെയും അര്‍ധരാത്രിയിലാണ് വീണ്ടുമൊരിക്കല്‍ കൂടി ഇക്കഴിഞ്ഞ ജനുവരി അവസാനവാരം പാകിസ്താന്‍ പൊലിസ് പേഷാവറില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ആവാമി പാര്‍ട്ടിയുടെ 23 പ്രവര്‍ത്തകരെയും പലയിടങ്ങളില്‍ നിന്നായി പിടികൂടിയിരുന്നു. നോര്‍ത്ത് വസീറിസ്ഥാനില്‍ നിന്നുള്ള ഒരു പാര്‍ലന്റംഗവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവര്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റവും ഗൂഢാലോചന കുറ്റവുമൊക്കെയാണ് ചുമത്തിയത്. മുന്‍ തവണത്തേതിന്റെ തനിയാവര്‍ത്തനമായിരുന്നു ഇക്കുറിയും. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല നേരിട്ടുള്ള ജനകീയ പ്രതിഷേധ സമരങ്ങളും പാകിസ്താനില്‍ ഉടനീളം അരങ്ങേറി. കാനഡ, അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ബലൂചി പ്രവാസികളും പ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങി. മന്‍സൂറിനെ വിട്ടയക്കരുതെന്നാവശ്യപ്പെട്ട് പാകിസ്താന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അതിശക്തമായി കേസ് നടത്തി. രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുമെങ്കിലും ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയത് എടുത്തുകളയാനാവില്ലെന്നും മന്‍സൂര്‍ പശ്തീന്‍ നടത്തിയ പ്രസംഗം ജനങ്ങളെ ഇളക്കിവിടുന്നതാണെന്നും അഡ്വക്കറ്റ് ജനറല്‍ താരീഖ് മഹ്മൂദ് ജഹാംഗീര്‍ ശക്തമായി വാദിച്ചെങ്കിലും പാകിസ്താന്‍ പരമോന്നത കോടതി സര്‍ക്കാര്‍ വാദങ്ങളെ തള്ളുകയാണുണ്ടായത്. എതിര്‍പ്പിന്റെ സ്വരങ്ങള്‍ക്ക് ജനാധിപത്യത്തില്‍ ഇടമുണ്ടെന്നും ഇക്കാര്യത്തില്‍ ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിക്കു ബാധ്യതയുണ്ടെന്നും ഓര്‍മിപ്പിച്ച പാക് ചീഫ് ജസ്റ്റിസ് അത്ഹര്‍ മിനല്ലാഹ് ഇത് ഇന്ത്യയല്ലെന്ന അത്യസാധാരണമായ ഒരു പരാമര്‍ശവും നടത്തുകയുണ്ടായി.

പാകിസ്താന്‍ കോടതിയെക്കുറിച്ച് മുമ്പൊരിക്കല്‍ ഇന്ത്യയുടെ മുന്‍ നിയമമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സ്വകാര്യ സംഭാഷണത്തിനിടെ ആദരവോടെ സംസാരിക്കുന്നതിന് ഈ ലേഖകന്‍ സാക്ഷിയായിട്ടുണ്ട്. നവാസ് ശരീഫിനെ തടവിലിടാന്‍ ഉത്തരവിട്ടപ്പോഴായിരുന്നു അത്. നവാസിനെ മാത്രമായിരുന്നില്ല പൊതുഖജനാവ് ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയ ആസിഫലി സര്‍ദാരിയെയും പര്‍വേസ് മുശര്‍റഫിനെയും ബേനസീറിനെയും മറ്റു നിരവധി രാഷ്ട്രീയ നേതാക്കളെയുമൊക്കെ പാകിസ്താന്‍ കോടതികള്‍ വിചാരണ നടത്തുകയും ശിക്ഷിച്ചിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഇന്ത്യയുമായി ചേര്‍ത്തുപറയുന്നതിന്റെ അനൗചിത്യം തിരിച്ചറിയാറുണ്ടായിരുന്ന പാക് കോടതി പക്ഷേ ഇത്തവണ പരിധി ലംഘിച്ചു മുന്നോട്ടുപോയി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കുറ്റകരമാണെന്ന ജഹാംഗീറിന്റെ വാദത്തോടു പ്രതികരിക്കവെ പാക് കോടതി നടത്തിയ ചില ശ്രദ്ധേയമായ നിരീക്ഷണങ്ങളെ പക്ഷേ അത്രയെളുപ്പം അവഗണിച്ചു തള്ളാനാവില്ല. സര്‍ക്കാരും അതിന്റെ സ്ഥാപനങ്ങളും വെറും വാക്കുകളെ പോലും പ്രതിരാധിക്കാന്‍ കഴിയാത്ത അത്രയും ദുര്‍ബലമായവയല്ല എന്നായിരുന്നു അത്ഹര്‍ മിനല്ലാഹ് നല്‍കിയ മറുപടി. ഭീകരവാദം കൊണ്ട് പണ്ടാരമടങ്ങിയ ഒരു രാജ്യത്തു നിന്നുതന്നെ ഈ വാക്കുകള്‍ കേള്‍ക്കേണ്ടി വന്നു എന്നതായിരുന്നു അത്ഭുതകരം.

സോഷ്യല്‍ മീഡിയക്ക് അവരുടെ രാജ്യം നല്‍കുന്ന അംഗീകാരം മുതല്‍ ഈ കേസ് പാകിസ്താനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ വരെ ചില പുതിയ പാഠങ്ങളുണ്ട്. പ്രത്യേകിച്ചും വര്‍ഗീയതയും പരമതവിദ്വേഷവും മാത്രം പ്രചരിപ്പിക്കാനായി സോഷ്യല്‍ മീഡിയയെ അംഗീകരിക്കുന്ന, കര്‍ഷക സമരം പോലും കുറ്റകൃത്യമായി വിലയിരുത്തുന്ന രാഷ്ട്രീയ നേതാക്കളുള്ള പുതിയ കാലത്ത്. വികസിത രാജ്യങ്ങളില്‍ മിക്കവയും രാജ്യദ്രോഹ നിയമം തന്നെ ഉപേക്ഷിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുമ്പോള്‍ 400ല്‍ പരം രാജ്യദ്രോഹക്കേസുകളാണ് രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാരുകളെയും വിമര്‍ശിച്ചതിന്റെ പേരില്‍ 2014നു ശേഷം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്! 2009ല്‍ ഗോര്‍ഡന്‍ ബ്രൌണിന്റെ കാലത്ത് ഇംഗ്ലണ്ട് രാജ്യദ്രോഹ നിയമം എടുത്തുകളഞ്ഞു. ഭഗത് സിങ്ങിനെ തൂക്കിലേറ്റാനും എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളെ തടവിലിടാനും ഒരുകാലത്ത് ഇതേ നിയമമായിരുന്നു ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്നതെന്നോര്‍ക്കുക. അവര്‍ക്ക് രാജ്യദ്രോഹികളായിരുന്നവരൊക്കെയും ഇന്ത്യക്ക് പിന്നീട് സമാദരണീയരായ നേതാക്കളായി മാറുകയാണല്ലോ സംഭവിച്ചത്. മുകളില്‍ പറഞ്ഞ ഹയര്‍ബയ്യാര്‍ മറിയും മന്‍സൂര്‍ പശ്തീനുമൊക്കെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബലൂചി സ്വാതന്ത്ര്യ സമര പോരാളികളല്ലേ. കശ്മിര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിക്കുന്നവരാണ് ഈ ബലൂചി നേതാക്കള്‍ എന്നതുകൊണ്ടാണ് അവര്‍ നമുക്ക് പ്രിയപ്പെട്ടവരായി മാറിയത്. ജനങ്ങളുടെ അവകാശ സമരങ്ങളെ ഭീകരതയും പോരാട്ടവുമായി സൗകര്യം പോലെ വളച്ചൊടിച്ച് വ്യാഖ്യാനിക്കപ്പെടുന്നതിലെ ബുദ്ധിശൂന്യതയാണ് ഇംഗ്ലണ്ടിനെ കൊണ്ട് ഈ നിയമം ചവറ്റുകൊട്ടയിലേക്ക് എറിയിച്ചതെങ്കില്‍ അതേ ബ്രിട്ടീഷ് നിയമമാണ് ഇന്ത്യയും പാകിസ്താനും ഇപ്പോഴും തിരിച്ചും മറിച്ചും വ്യാഖ്യാനിക്കുന്നതെന്നോര്‍ക്കുക. നിയമത്തില്‍ പറയുന്ന രാജ്യവും ഗവണ്‍മെന്റും തമ്മിലുള്ള വ്യത്യാസം പോലും ഇല്ലാതായ അവസ്ഥയിലാണ് നിലവില്‍ രാജ്യദ്രോഹ കേസുകളുടെ പോക്ക്.

ടൂള്‍ കിറ്റ് കേസില്‍ ദിശ രവിക്ക് ജാമ്യം നല്‍കാന്‍ പറയുന്ന കാരണങ്ങള്‍ എന്തുകൊണ്ട് സിദ്ദീഖ് കാപ്പന് ബാധകമായില്ല എന്ന ചോദ്യംപോലും രാജ്യദ്രോഹമാകുന്ന അവസ്ഥയിലാണ് പക്ഷേ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇപ്പോഴുമുള്ളത്. തത്വവും പ്രയോഗവും ആളും തരവും നോക്കിയാവുകയാണോ? കാണരുത്, മിണ്ടരുത് എന്നൊക്കെയാണ് ജാമ്യത്തിനു പോലുമുള്ള വ്യവസ്ഥകള്‍. കുറ്റാരോപിതന്‍ ഒന്നും മിണ്ടരുതെന്നും ഭരണകൂടം മാത്രം സംസാരിക്കുമെന്നാണോ ഇതിന്നര്‍ഥം? സോഷ്യല്‍ മീഡിയില്‍ നിയന്ത്രങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ചും പത്രപ്രവര്‍ത്തകരെ രാജ്യദ്രോഹത്തിന് തടവിലിടുന്നതിനെ കുറിച്ചുമൊക്കെ അനുകൂലമായ സെമിനാറുകളും വാദങ്ങളും പൊടിപൊടിക്കുന്ന കാലത്ത് ജനാധിപത്യത്തെയും പൗരാവകാശങ്ങളെയുമൊക്കെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന വാര്‍ത്തകളല്ലേ, അത് ഏത് നരകത്തില്‍ നിന്നാണ് വരുന്നതെങ്കില്‍ പോലും നമ്മെ ചിന്തിപ്പിക്കേണ്ടത്?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.