2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

നിയന്ത്രണങ്ങളില്‍ വീണ്ടും പാളിച്ചകള്‍


 

ടി.പി.ആര്‍ അടിസ്ഥാനമാക്കി പ്രദേശങ്ങളെ എ.ബി.സി.ഡി കാറ്റഗറിയായി തിരിച്ചു കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത് വ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാരും വിദഗ്ധരും പുനരാലോചനക്ക് സന്നദ്ധമായത്. ആലോചനക്ക് ശേഷം എടുത്ത തീരുമാനം മുന്‍പുണ്ടായിരുന്നതിനെ കടത്തിവെട്ടുന്ന വിധത്തിലായിപ്പോയി. പുതിയ നിബന്ധനകള്‍ പൊതുജനങ്ങള്‍ക്ക് വലിയ പ്രയാസങ്ങളാണ് വരുത്തി വച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങളും ഇളവുകളും രോഗവ്യാപനം കൂട്ടുകയേയുള്ളൂവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാരും വിദഗ്ധരും ഇതില്‍ മാറ്റം വരുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുഖമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദഗ്ധരുടെ അവലോകന സമിതിയാണ് ഇളവുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.

നേരത്തെ എ കാറ്റഗറിയില്‍പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കാര്യമായ നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നു. തൊട്ടടുത്ത പ്രദേശം ഡി കാറ്റഗറിയില്‍ ആണെങ്കില്‍ അവര്‍ മുഴുവന്‍ സമയവും അടച്ചുപൂട്ടി കഴിയണമായിരുന്നു. ഇതിലെ അശാസ്ത്രീയത അന്നേ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഡി കാറ്റഗറിയില്‍പെട്ടവര്‍ തൊട്ടടുത്തുള്ള എ കാറ്റഗറി പ്രദേശത്ത് ഇടപഴകുന്നത് കാരണം എ കാറ്റഗറി പ്രദേശത്തും രോഗവ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ല. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക്ഡൗണും അശാസ്ത്രീയമായ നടപടിയായിരുന്നു. ഇത് വെള്ളിയാഴ്ചയും തിങ്കളാഴ്ചയും പൊതു ഇടങ്ങളിലും വ്യാപാര സ്ഥലങ്ങളിലും തിരക്ക് വര്‍ധിപ്പിക്കുകയും അതുവഴി രോഗവ്യാപനം ഉണ്ടാവുകയും ചെയ്യുമെന്ന പരാതികള്‍ക്കും സര്‍ക്കാര്‍ ചെവി കൊടുത്തില്ല.

ഐ.എം.എ അടക്കമുള്ള സംഘടനകളും പൊതുസമൂഹവും കൊവിഡ് നിയന്ത്രണങ്ങളിലെയും ഇളവുകളിലെയും പാളിച്ചകള്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. അതാകട്ടെ കൂടുതല്‍ പ്രയാസങ്ങളാണ് പൊതുസമൂഹത്തിനും സ്ഥാപനങ്ങള്‍ക്കും വരുത്തിവച്ചിരിക്കുന്നത്.
കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവര്‍ രണ്ടഴ്ച മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. അല്ലാത്തപക്ഷം കടയില്‍ ചെല്ലുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി-പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരോ അതുമല്ലെങ്കില്‍ ഒരു മാസം മുമ്പ് കൊവിഡ് പോസിറ്റീവായി പിന്നീട് സുഖം പ്രാപിച്ചവരോ ആയിരിക്കണം. ഒരു കിലോ അരിയും അതിനുള്ള ഉപ്പും മുളകും വാങ്ങാനെത്തുന്നവരാണ് ഈ നിബന്ധനകളൊക്കെയും പാലിച്ചതായുള്ള രേഖകളുമായി എത്തേണ്ടത്. ഇപ്പോഴും ജനസംഖ്യയിലെ പകുതി പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് രണ്ടാഴ്ച മുമ്പ് എടുത്ത വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായാണ് അരിയും മുളകും വാങ്ങാന്‍ വരേണ്ടതെന്ന് നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്.

ഇതുവരെ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവര്‍ 42 ശതമാനം മാത്രമാണ്. മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കിയതിന് ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെങ്കില്‍ സമ്മതിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. കടകളില്‍ നിബന്ധനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം വ്യപാരികള്‍ക്ക് പൊലിസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ വരുന്നവര്‍ കൈയില്‍ കൊവിഡ് മുക്തരേഖ കരുതിയിട്ടുണ്ടോ എന്ന് ആരാണ് പരിശോധിക്കേണ്ടത്. ഓരോ കടയ്ക്ക് മുമ്പിലും അതുപോലെ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും രേഖകള്‍ പരിശോധിക്കാനായി പൊലിസിനെ നിയോഗിക്കാനാണോ ആഭ്യന്തര വകുപ്പിന്റെ ഉദ്ദേശം. ആവശ്യത്തിനു ആളുകള്‍ ഇല്ലാത്തതിനാല്‍ ജോലി ഭാരത്താല്‍ ശ്വാസം മുട്ടുകയാണെന്നാണ് പൊലിസിന്റെ പരാതി. ജോലി സമ്മര്‍ദത്താലാണ് പൊലിസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നതെന്നും അവരുടെ ആവലാതിയാണ്. സ്ഥാപനങ്ങളിലെത്തുന്നവരുടെ കൊവിഡ് മുക്തരേഖകള്‍ പരിശോധിക്കാന്‍ ഓരോയിടത്തും പൊലിസിനെ നിയോഗിക്കേണ്ടി വരുമ്പോള്‍ ജോലി ഭാരം പിന്നെയും കൂടുകയല്ലേ ചെയ്യുക. ഇത് അവരുടെ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുകയും അതിന്റെ ഫലമായി പൊലിസില്‍നിന്ന് പൊതുജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ കൂട്ടുകയും ചെയ്യും.

ഇനി കട ഉടമകളും സ്ഥാപന മേധാവികളുമാണ് രേഖകള്‍ പരിശോധിച്ചു തിട്ടപ്പെടുത്തേണ്ടതെങ്കില്‍, ഇതെല്ലാം ഉറപ്പുവരുത്തിയതിനു ശേഷം വന്നവര്‍ക്ക് അരിയും മുളകും നല്‍കാനും സ്ഥാപന മേധാവികള്‍ക്ക് വന്നവരുടെ കാര്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കാനും സമയം മതിയാകുമോ? പുതിയ നിബന്ധനകള്‍ക്കെതിരേ രൂക്ഷമായ എതിര്‍പ്പുകളും പരിഹാസങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബെവ്‌കോ മദ്യ വില്‍പനശാലകളില്‍ വരിനില്‍ക്കുന്നവര്‍ക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ല.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ കേരളത്തിലാണെന്ന് തെളിഞ്ഞിരിക്കെ, അപ്രായോഗികവും അശാസ്ത്രീയവുമായ നിബന്ധനകള്‍ പൊതുസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് മുമ്പ് എല്ലാവര്‍ക്കും വാക്‌സിന്‍ ഒരു ഡോസെങ്കിലും നല്‍കി കാര്യപ്രാപ്തി തെളിയിക്കുകയായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചെയ്യേണ്ടിയിരുന്നത്. ശാസ്ത്രീയാടിസ്ഥാനമില്ലാത്തതും മനുഷ്യരോട് കരുണ കാണിക്കാത്തതുമാണ് പുതിയ നിബന്ധനകള്‍. ജനങ്ങള്‍ക്ക് അവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പല ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങേണ്ടി വരും. അതല്ലാതെ ഓരോ തവണയും സാധനങ്ങള്‍ വാങ്ങാനായി ആര്‍.ടി -പി.സി.ആര്‍ ടെസ്റ്റ് എടുക്കാന്‍ പോവുകയെന്നത് പ്രായോഗികവുമല്ല. നിബന്ധനകളൊക്കെയും അഭികാമ്യമാണെന്നായിരുന്നു നിയമസഭയില്‍ കഴിഞ്ഞ ദിവസം മന്ത്രി വീണാജോര്‍ജ് പറഞ്ഞിരുന്നത്. എന്നാല്‍ ഉത്തരവായി പുറത്തു വന്നപ്പോള്‍ മന്ത്രിയുടെ അഭികാമ്യം ചീഫ് സെക്രട്ടറി വെട്ടി. നിബന്ധനകളൊക്കെയും കര്‍ശനമാക്കുകയും ചെയ്തു. തന്റെ ഉത്തരവ് വെട്ടുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താന്‍ കഴിയാത്ത ആരോഗ്യ മന്ത്രിക്കെങ്ങിനെയാണ് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുക. ചട്ടം 300 പ്രകാരം മന്ത്രി നടത്തിയ പ്രഖ്യാപനത്തിനു വിരുദ്ധമായി ഉത്തരവിറങ്ങിയാല്‍ സഭയെ അവഹേളിക്കലാണ്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുകയാണ് വേണ്ടത്. അതിനു പോലും സര്‍ക്കാരിന് കഴിയുന്നില്ല. വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയില്ലെന്നു സര്‍ക്കാര്‍ പറയുന്നതില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വരുത്തിയ പിഴവ് തിരുത്തുകയില്ലെന്നാണ് മനസിലാക്കേണ്ടത്. അപ്രായോഗികവും അശാസ്ത്രീയവുമായമായ ഇപ്പോഴത്തെ നിബന്ധനകളും സര്‍ക്കാര്‍ തിരുത്തേണ്ടി വരും. നേരത്തെയുണ്ടായിരുന്ന അപക്വ നിബന്ധനകള്‍ തിരുത്തിയത് പോലെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.