2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

രാജ്യദ്രോഹക്കുറ്റത്തിന് പുതിയ വ്യാഖ്യാനം വേണം


സര്‍ക്കാരിനെതിരേ മാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങള്‍ രാജ്യദ്രോഹമല്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യദ്രോഹക്കുറ്റത്തിനു പുതിയ വ്യാഖ്യാനം വേണമെന്നുമുള്ള സുപ്രിംകോടതി വിധിയുടെ ചൂടാറും മുന്‍പെ മറ്റൊരു രാജ്യദ്രോഹക്കുറ്റം ചുമത്തല്‍ കൂടി സംഭവിച്ചിരിക്കുകയാണ്. ലക്ഷദ്വീപിലെ കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഐഷാ സുല്‍ത്താനക്കെതിരേയാണ് കവരത്തി പൊലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് തന്റെ നിലപാട് വ്യക്തമാക്കിയതിനാണ് രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യദ്രോഹത്തിനും പുതിയ വ്യാഖ്യാനം സുപ്രിംകോടതിയില്‍ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ഐഷാ സുല്‍ത്താനക്കെതിരേയുള്ള രാജ്യദ്രോഹക്കുറ്റാരോപണം അത്തരമൊരാവശ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരാളുടെ അഭിപ്രായം എത്രത്തോളമെന്ന് വ്യാഖ്യാനിക്കാനും പരിധി നിശ്ചയിക്കാനും സുപ്രിംകോടതി സ്വമേധയാ ആവശ്യപ്പെടേണ്ട നിര്‍ണായക സമയവും കൂടിയായി മാറിയിരിക്കുകയാണ് ഐഷാ സുല്‍ത്താനക്കെതിരേയുള്ള രാജ്യദ്രോഹക്കുറ്റം ചുമത്തല്‍.

ഭരിക്കുന്ന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അച്ചടി- ഇലക്ട്രോണിക്ക് മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഈ അവകാശങ്ങളുടെ പശ്ചാത്തലത്തില്‍ 124 എ (രാജ്യദ്രോഹം), 153 എ (ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍) എന്നീ വകുപ്പുകള്‍ക്ക് പുതിയ വ്യാഖ്യാനം വേണമെന്നും സുപ്രിംകോടതി ജൂണ്‍ ഒന്നിന് നല്‍കിയ വിധി ഐഷാ സുല്‍ത്താനയുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്മേല്‍ ചുമത്തിയ രാജ്യദ്രോഹ കുറ്റാരോപണത്തിലും ബാധകമാകേണ്ടതുണ്ട്.

മാധ്യമങ്ങള്‍ക്കെന്നതുപോലെ തങ്ങള്‍ക്ക് അനഭിമതരെന്ന് തോന്നുന്നവര്‍ക്കെതിരേയും രാജ്യദ്രോഹക്കുറ്റം യഥേഷ്ടം ചാര്‍ത്തിക്കൊണ്ടിരിക്കുകയാണ് ഭരണകൂടം.
നോട്ട് നിരോധനം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് കള്ളപ്പണക്കാര്‍ക്കെതിരേയുള്ള രാജ്യത്തിന്റെ യുദ്ധമാണതെന്നും കള്ളപ്പണം സൂക്ഷിക്കുന്നവര്‍ രാജ്യത്തോട് യുദ്ധം ചെയ്യുന്നവരാണെന്നും അവര്‍ രാജ്യദ്രോഹികളാണെന്നുമായിരുന്നു. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കേരളത്തിലേക്ക് ബി.ജെ.പി നേതൃത്വം ഒഴുക്കിയ കോടികള്‍ കള്ളപ്പണമായിരുന്നില്ലേ.അതിലൊരു വലിയ പങ്ക് കൊടകരയില്‍ പിടിച്ചെടുത്ത പ്പോള്‍ പ്രതികളായി ചോദ്യം ചെയ്യപ്പെട്ട ബി.ജെ.പി നേതാക്കള്‍ എന്തുകൊണ്ട് രാജ്യദ്രോഹ പട്ടികയില്‍ വരുന്നില്ല. കള്ളപ്പണം ഉപയാഗിച്ചു തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ ശ്രമം മോദിയുടെ ഭാഷയില്‍ രാജ്യത്തോടുള്ള യുദ്ധമാണ്. യു. എ.പി.എ ചുമത്തി ജയിലറകളില്‍ അടയ്ക്കപ്പെടേണ്ട കുറ്റം. എന്നിട്ടും ബി.ജെ.പി നേതാക്കള്‍ രാജ്യസ്‌നേഹികളായി പുറത്തുവിലസുമ്പോഴാണ് തന്റെ അഭിപ്രായസ്വാതന്ത്ര്യം ചാനല്‍ ചര്‍ച്ചയില്‍ പ്രകടിപ്പിച്ചതിന് ഐഷാ സുല്‍ത്താനക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.

2014ല്‍ അധികാരമേറ്റ നാള്‍ മുതല്‍ ബി.ജെ.പി സര്‍ക്കാര്‍ ഏകാധിപത്യത്തോടെ തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി വരുന്നതിലെ അവസാനത്തെ ഇരയാണ് ദ്വീപുകാര്‍ക്കുവേണ്ടി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഐഷാ സുല്‍ത്താന. അഭിപ്രായസ്വാതന്ത്ര്യത്തിന് പുകള്‍പെറ്റ ഒരു രാജ്യത്താണ് അഭിപ്രായസ്വാതന്ത്ര്യം രാജ്യദ്രോഹക്കുറ്റമായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്. 2014ല്‍ അധികാരമേല്‍ക്കുമ്പോള്‍ ‘അഭിപ്രായ സ്വാതന്ത്ര്യത്തിനു നാം ഉറപ്പുനല്‍കുന്നില്ലെങ്കില്‍ ജനാധിപത്യം നിലനില്‍ക്കുകയില്ലെന്ന്’ ഇന്ത്യന്‍ ജനതയെ ഉദ്‌ബോധിപ്പിച്ച അതേ നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴിലാണ് അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നവര്‍ക്കെതിരേ നിരന്തരം രാജ്യദ്രോഹ ചാപ്പ കുത്തിക്കൊണ്ടിരിക്കുന്നത്. അതേ ഭരണാധികാരിയുടെ കീഴിലാണ് ലോക മനുഷ്യാവകാശ സംഘടനയായ ആനംസ്റ്റിയെ ഇന്ത്യയില്‍ നിന്നു കെട്ടുകെട്ടിച്ചത്. രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യത്തിലും പൗരാവകാശത്തിലും ഭരിക്കുന്ന ബി.ജെ.പിക്ക് വിശ്വാസമില്ലാത്തതിനാലാണ് അഭിപ്രായം പറയുന്നവര്‍ക്കെതിരേ ഉദാരമായി രാജ്യദ്രോഹക്കുറ്റം ചുമത്തിക്കൊണ്ടിരിക്കുന്നത്.

രാജ്യദ്രോഹക്കുറ്റം കാലഹരണപ്പെട്ടതാണ്. ഈ നിയമം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുത്തിയ ബ്രിട്ടിഷുകാര്‍ ആ നിയമം ബ്രിട്ടനില്‍ റദ്ദ് ചെയ്തിട്ടുണ്ട്.നിയമ കമ്മിഷന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുന്നത് സംബന്ധിച്ച് സര്‍വകക്ഷി യോഗം വിളിക്കാമെന്ന് 2014ല്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങ് രാജ്യസഭയില്‍ ഉറപ്പുനല്‍കിയതാണ്. വര്‍ഷം ഏഴ് കഴിഞ്ഞിട്ടും നിയമ കമ്മിഷന്റെ റിപ്പോര്‍ട്ട് ബി.ജെ.പി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നാണോ പൊതുസമൂഹം വിശ്വസിക്കേണ്ടത്. ഇഷ്ടമില്ലാത്തവരെ ഒതുക്കാന്‍ കിട്ടിയ ഒരായുധം ഏകാധിപത്യ പ്രവണതയുള്ള ഭരണകൂടം കൈയൊഴിയുകയില്ല. ബി.ജെ.പിയുടെ നേതൃത്വത്തില്‍ അഭിപ്രായസ്വാതന്ത്ര്യ ധ്വംസനവും അക്കാദമിക് സ്വാതന്ത്ര്യ നിരാസവും ഒരേസമയം നടക്കുകയാണ്. സര്‍ക്കാരിന്റെ അഭിപ്രായ അടിച്ചമര്‍ത്തലിനെത്തുടര്‍ന്നാണ്, ഡല്‍ഹി അശോക സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറും പ്രമുഖ കോളമിസ്റ്റുമായ പ്രതാപ്ഭാനു മേത്ത രാജിവച്ച് ഇറങ്ങിപ്പോന്നത്.കോളങ്ങളിലും അക്കാദമിക് പ്രവര്‍ത്തനങ്ങളിലും മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിരുന്നു മേത്ത. ഇദ്ദേഹത്തിന് പിന്തുണ നല്‍കിക്കൊണ്ടാണ് മോദിയുടെ മുന്‍ സാമ്പത്തികോപദേഷ്ടാവായിരുന്ന, അശോകയിലെ തന്നെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ അരവിന്ദ് സുബ്രഹ്മണ്യനും രാജിവച്ചത്.

ബി.ജെ.പിയുടെ ഭൂരിപക്ഷവാദത്തെ നിരന്തരം എതിര്‍ത്തുപോരുന്ന ഈ പ്രമുഖ വ്യക്തികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താതിരിക്കുന്നത്, കാലഹരണപ്പെട്ട ഒരു നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന ഭയത്താലാണ്. കാലഹരണപ്പെട്ട രാജ്യദ്രോഹ നിയമത്തെക്കുറിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ വ്യാഖ്യാനം വേണമെന്ന ആവശ്യം കോടതിയില്‍ നിന്നുണ്ടായാല്‍ അത് ദോഷം ചെയ്‌തേക്കുമോ എന്ന ഭരണകൂടഭയം കാരണമാണ് ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താതിരിക്കുന്നത്. അറസ്റ്റ് സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ രാജ്യദ്രോഹ നിയമം തന്നെ കോടതി റദ്ദാക്കിയേക്കുമോ എന്ന ഭയവും സര്‍ക്കാരിന് ഉണ്ടായിരുന്നിരിക്കണം.

ബി.ജെ.പി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അക്കാദമിക് സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അതിവേഗതയിലാണ് ഇന്ത്യയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതെന്ന് ടൈം മാഗസിന്‍ വളരെ നേരത്തേ വിലയിരുത്തിയതാണ്. ഇഷ്ടമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരെയും അക്കാദമിക് പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റവും ഭീകരവിരുദ്ധ നിയമങ്ങളും കൂടുതലായി ഉപയോഗിക്കുന്നതെന്നും ടൈം മാഗസിന്‍ അവരുടെ മാര്‍ച്ച് ലക്കത്തില്‍ കുറ്റപ്പെടുത്തുകയുണ്ടായി.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യദ്രോഹക്കുറ്റത്തിന് പുതിയ വ്യാഖ്യാനം ആവശ്യമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ ഉണ്ടായിരുന്ന സുപ്രിംകോടതി സ്‌പെഷല്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയതാണ്.അതുപോലെ അഭിപ്രായസ്വതന്ത്ര്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യദ്രോഹത്തെ സംബന്ധിച്ചുള്ള പുതിയ വ്യാഖ്യാനവും കൂടി ആവശ്യപ്പെട്ടുകൊണ്ടുള്ള നിരീക്ഷണം സുപ്രിംകോടതിയില്‍ നിന്നു സ്വമേധയാ ഉണ്ടാവുകയാണെങ്കില്‍ ഇരുളടഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ പൊഴിക്കുന്ന പ്രത്യാശയുടെ പൊന്‍വെളിച്ചമായിരിക്കുമത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.