2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നാല് വിവാഹവും മൂന്ന് മോചനവും

തായ്‌പേയ് എന്നൊരു നഗരമുണ്ട്. തായ്‌വാന്റെ തലസ്ഥാനമാണത്. അവിടെ ഇക്കഴിഞ്ഞ വര്‍ഷം ഒരാള്‍ നാലുതവണ വിവാഹംകഴിച്ച സംഭവം നോക്കാം.      ‘ഹൊ, ഇതാണോ ഇത്ര വലിയ സംഭവം’ എന്നാണോ ആലോചിക്കുന്നത് ?. ശരിയാണ്. ഇതില്‍ പുതുമയൊന്നുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴും സംഭവിക്കുന്നതുതന്നെ. പക്ഷെ ഇവിടെ വിവരിക്കുന്ന സംഭവത്തില്‍ പുതുമയുണ്ട്. ഒരേ സ്ത്രീയെ തന്നെയാണ് അയാള്‍ വിവാഹം കഴിച്ചത് !! അതായത് വിവാഹം ചെയ്യുന്നു. വിവാഹമോചനം ചെയ്യുന്നു. വീണ്ടും കെട്ടുന്നു, മൊഴി ചൊല്ലുന്നു, അങ്ങനെ !!
  ആദ്യത്തെ മൂന്നുതവണയും വിവാഹമോചനം നടത്തി. നാലാമതും കെട്ടി. ആ വിവാഹത്തിലെ വധു ഇപ്പോഴും തുടരുന്നു. അതായത് ആദ്യവധു തന്നെ !! 2020 ഏപ്രിലില്‍ നടന്ന തുടര്‍വിവാഹകഥ, ഈ വര്‍ഷമാണ് അന്താരാഷ്ട്രമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയായത്. ഇവര്‍ക്കെന്താ വട്ടാണോ എന്നാണോ ചിന്തിക്കുന്നത്? അല്ലേയല്ല. മറിച്ച് യുവാവിന് ബുദ്ധി അല്‍പം കൂടുതലാണ് എന്നാണ് പറയേണ്ടത്. 
തായ്‌പേയിലെ ഒരു ബാങ്കിലാണ് അയാള്‍ക്ക് ജോലി. വിവാഹം കഴിക്കാന്‍ എട്ടുദിവസത്തെ അവധി, ശമ്പളത്തോടെ കിട്ടും. അങ്ങിനെ ലീവെടുത്തു. വിവാഹവും കഴിച്ചു.  പക്ഷെ, വിവാഹാനന്തരം കേവലം എട്ടുദിവസം കഴിഞ്ഞ് ജോലിക്ക് പോവുന്ന കാര്യം പുള്ളിയ്ക്ക് ആലോചിക്കാന്‍ വയ്യ !! ലീവ് നീട്ടണം. എന്നാല്‍ ശമ്പളം നഷ്ടപ്പെടുത്താനും പറ്റില്ല !! അതോടെയാണ് ബുദ്ധി ഉദിച്ചത്; വീണ്ടും വിവാഹം നടത്തുക!! ഭാര്യ ഇതുതന്നെ മതി. പക്ഷെ, നിലവിലുള്ള ഭാര്യയെ വീണ്ടും വിവാഹം നടത്താനാവില്ലല്ലോ. അതിനാല്‍ വിവാഹമോചനം ചെയ്ത് വീണ്ടും അവളെത്തന്നെ കെട്ടി !! 
ഭാര്യയുടെ പൂര്‍ണസമ്മതത്തോടെയും സമ്പൂര്‍ണസഹകരണത്തോടെയും തന്നെയാണത്രേ ഈ തുടര്‍പരമ്പര വിവാഹം. ഒന്നാം വിവാഹമോചനവും തുടര്‍ന്ന് രണ്ടാം വിവാഹവും നടത്തി എട്ടുദിനങ്ങള്‍ കൂടി കടന്നുപോയപ്പോള്‍ വീണ്ടും വന്നു, ഐഡിയ. വീണ്ടും വേണം ശമ്പളത്തോടെ ലീവ് !! അങ്ങനെയാണ് മൊത്തം നാലുവിവാഹങ്ങളും മൂന്ന് വിവാഹമോചനവും നടന്നത്.!! 
 
നാലാംകെട്ടും, അവധിദിനങ്ങളും ഹണിമൂണും കഴിഞ്ഞ് ബാങ്കിലെത്തിയ വരന്‍ മൊത്തം മുപ്പത്തിരണ്ടു ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിക്ക് അപേക്ഷ സമര്‍പ്പിച്ചു. വിവാഹരേഖകളും ഹാജരാക്കി.  പക്ഷെ ബാങ്ക് അധികാരികള്‍ അപേക്ഷ തള്ളിക്കളഞ്ഞു. ഒരു വിവാഹത്തിനു മാത്രമേ ശമ്പളത്തോടെ അവധി തരൂ എന്നായി. എന്നാല്‍ നമ്മുടെ വിവാഹവീരന്‍ വിട്ടുകൊടുത്തില്ല. തൊഴിലാളിയുടെ ന്യായമായ പെണ്ണുകെട്ടവകാശത്തിന് തടസം പറയുന്ന ബാങ്കിനെതിരേ തായ്‌പേയ് സിറ്റി ലേബര്‍ ബ്യൂറോയില്‍ പരാതി കൊടുത്തു! ബ്യൂറോ വിശദമായ അന്വേഷണം നടത്തി. നിയമം പരിശോധിച്ചു. കാര്യം ശരിയാണ്. വിവാഹത്തിന് ശമ്പളത്തോടെ എട്ടുദിവസത്തെ ലീവ് കൊടുക്കാന്‍ വകുപ്പുണ്ട്. ഇവിടെ നാല് വിവാഹം നടന്നിരിക്കുന്നു. അതിനാല്‍ 32 ദിവസത്തെ അവധി അനുവദിക്കാം!! അതിനുള്ള ഉത്തരവുമിറക്കി. തന്നെയല്ല, നിയമം പാലിക്കാത്തതിന് ബാങ്കിന് പിഴയുമിട്ടു !!
 
  എന്തുതോന്നുന്നു കഥാനായകനെക്കുറിച്ച് ?  ആള്‍ സമര്‍ഥനും മിടുക്കനുമാണോ ? നല്ല മാതൃകയാണോ ? അതോ ദുസാമര്‍ഥ്യക്കാരനും തരികിടയുമാണോ ? വല്ലാത്തൊരു ചോദ്യം, അല്ലേ ? ഭാവിയില്‍ ഡിബേറ്റുകളിലും ഡിസ്‌കഷനിലുമൊക്കെ പങ്കെടുക്കാനുള്ളവരാണ് ഇന്നത്തെ വിദ്യാര്‍ഥികള്‍. ചിലരൊക്കെ നിയമം പഠിച്ച് കേസ് വാദിക്കുന്നവരുമായിത്തീര്‍ന്നേക്കും. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന, അനുകൂലമായാലും പ്രതികൂലമായാലും അതിശക്തമായി വാദിക്കാന്‍ പറ്റുന്ന ലോ പോയിന്റുകളുള്ള ഈ കേസ് നിങ്ങള്‍ എങ്ങിനെയായിരിക്കും വാദിക്കുക ? 
വാദമുഖങ്ങള്‍ യുക്തിപൂര്‍വം അവതരിപ്പിക്കുക ? ബൗദ്ധിക വ്യായാമത്തിന് പറ്റിയ കേസ്, അല്ലേ ?  ഇനി ധാര്‍മികവശമോ ?  ഈ യുവാവിന്റെ പ്രവൃത്തിയുടെ ധാര്‍മികവശത്തെ എങ്ങിനെ കാണുന്നു ?   വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍, പണ്ഡിതര്‍, സാധാരണക്കാര്‍ എന്ന ഭേദമൊന്നുമില്ലാതെ പൊതുപ്രസക്തിയുള്ള സംഭവങ്ങള്‍ ചര്‍ച്ചാവിഷയമാക്കുന്നവരാണ് നമ്മുടെ സമൂഹം. എന്നാല്‍ സ്വന്തമായ ആലോചന ഒട്ടുമില്ലാതെ, ബുദ്ധിജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിലരുടെ വാദമുഖങ്ങള്‍ അപ്പടി വിഴുങ്ങുകയും അതിനനുസരിച്ച് നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്യുകയാണ് പലരുടേയും രീതി. അങ്ങിനെ മതിയോ ? 
 
 പോരാ. സ്വന്തമായ അഭിപ്രായ രൂപീകരണം പ്രധാനമാണ്. വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നത് ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാവണം.  അതിനുള്ള അവസരമായി കണക്കാക്കി വിവിധ വിഷയങ്ങളില്‍ ഇപ്പോഴേ പരിശീലനം തുടങ്ങുന്നതാവും ഗുണകരം. തനിയേയോ, കൂട്ടായ്മകളിലൂടെയോ ആവാം. 
 
അര്‍ഥവത്തായി, ഭംഗിയായി സംസാരിക്കുന്നതിന് പരിശീലനം നല്‍കുന്ന, ലോകമെങ്ങുമുള്ള 141 രാജ്യങ്ങളില്‍ ശാഖകളുള്ള, ഒരു പ്രസ്ഥാനം ഒരു നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്നുണ്ട്. ‘ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷനല്‍’ എന്നാണ് പേര്. അതിന്റെ മാതൃകയിലുള്ള  കൂട്ടായ്മകള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടേ. സംഘചര്‍ച്ചയിലും അഭിമുഖങ്ങളിലും മറ്റും പിന്തള്ളപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇത് സഹായകമാവും. രസകരവും ചിന്തിക്കാന്‍ വകയുള്ളതുമായ വിഷയങ്ങളിലാവട്ടെ പരിശീലനം.
 
    ചര്‍ച്ച ചെയ്യപ്പെടാവുന്ന ചില വിഷയങ്ങള്‍ കാണുക.  മൃഗസംരക്ഷണ നിയമങ്ങള്‍ മനുഷ്യര്‍ക്കെതിരാവുമ്പോള്‍, നമ്മുടെ പട്ടിസംരക്ഷണ നിയമങ്ങള്‍,   പൗരന്മാര്‍ തോക്കുകള്‍ കൈവശംവയ്ക്കുന്ന അമേരിക്കന്‍ നിയമത്തിന്റെ അപകടങ്ങള്‍,  മൃഗങ്ങളിലെ മരുന്നു പരീക്ഷണങ്ങള്‍.   ബാലവേല നിരോധനത്തിന്റെ മറുവശം, പ്രസംഗവും വിദ്വേഷപ്രസംഗവും,   സോഷ്യല്‍ മീഡിയ.
   ‘സുകുമാരക്കുറുപ്പ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഷുറന്‍സ് നിയമങ്ങള്‍’ എന്നൊരു വിഷയത്തില്‍ മുന്‍പ് രസികന്‍ ചര്‍ച്ച സംഘടിപ്പിച്ചതോര്‍ക്കുന്നു. താന്‍ മരിച്ചതായി രേഖയുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ, മറ്റൊരു യുവാവിനെ കൊന്ന് തന്റെ കാറിലിട്ട് കത്തിച്ച കഥയിലെ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. 
1984 ലെ സംഭവത്തിലെ പ്രതിയെക്കുറിച്ച് ഇന്നും യാതൊരു പിടിയുമില്ല. വഴിയില്‍ നിന്ന് കാറില്‍കയറ്റിക്കൊണ്ടുപോയാണ് ചാക്കോ എന്ന യുവാവിനെ കൊന്നുകളഞ്ഞത്. അബൂദബിയില്‍നിന്ന് വലിയൊരു തുകയ്ക്ക് ഇന്‍ഷുറന്‍സെടുത്ത ശേഷമായിരുന്നു പദ്ധതി നടപ്പാക്കിയത് !! 
 
ഇത്തരം ചര്‍ച്ചകള്‍ നിങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തെത്തിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂട്ടായ്മകള്‍ കൊണ്ടുള്ള ഉപകാരവും ശ്രദ്ധേയമാണെന്നതാണ് വസ്തുത.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News