2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സിൽവർ ലൈൻ യാത്രയിൽ സിൽവർ ലൈൻ യാത്രയിൽ 164 പ്രളയസാധ്യതാ പ്രദേശങ്ങൾ

വെള്ളപ്പൊക്കമുണ്ടായാൽ കൊല്ലം
സ്റ്റേഷൻ മുങ്ങും

യു.എം മുഖ്താർ
തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതി പ്രകൃതിദുരന്തങ്ങൾക്ക് കാരണമാവുമെന്ന ആശങ്ക പങ്കുവച്ച് ഡി.പി.ആർ റിപ്പോർട്ട്. 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുക. ഇതിൽ 25 സ്ഥലങ്ങൾ അതീവ അപകട സാധ്യതാപ്രദേശങ്ങളാണ്.
മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയവയും അപകടസാധ്യത കൂടിയ പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. നിർമാണഘട്ടത്തിൽ നീരൊഴുക്കിന് തടസമുണ്ടാകുന്നതിനാൽ വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. പ്രളയമുണ്ടായാൽ കൊല്ലം സ്റ്റേഷനും യാർഡും കാസർകോട് യാർഡും വെള്ളത്തിനടിയിലാവുമെന്നും റിപ്പോർട്ട് പറയുന്നു.

അടുത്തിടെ കേരളം നേരിട്ട രണ്ട് പ്രളയങ്ങളും പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടുമെല്ലാം കേരളീയർക്ക് സിൽവർ ലൈനിനെക്കുറിച്ച് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മണ്ണിടിച്ചിൽ, വരൾച്ച, വെള്ളപ്പൊക്കം, സുനാമി എന്നിവ മുൻകൂട്ടിക്കണ്ട് അതീവസൂക്ഷ്മതയോടെ മാത്രമേ പദ്ധതി നടപ്പാക്കാവൂവെന്നും റിപ്പോർട്ട് സർക്കാരിനോട് അഭ്യർഥിക്കുന്നു.
നിർമാണഘട്ടത്തിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെങ്കിലും നിർമാണം പൂർത്തിയാവുന്നതോടെ ആശങ്കപ്പെടേണ്ടതില്ല. അതിനാൽ ഇത്തരം പ്രദേശങ്ങളിൽ അനുയോജ്യമായ കാലാവസ്ഥയിൽ പെട്ടെന്ന് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കണം. കൂടാതെ വെള്ളപ്പൊക്കം ഉണ്ടാവാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം.

അതതുപദേശങ്ങളിൽ കഴിഞ്ഞ 100 വർഷത്തെ ജലമൊഴുക്ക് വിശകലനംചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പാത കടന്നുപോകുന്ന ഉയർന്ന തിട്ടയും പാലങ്ങളും നീരൊഴുക്കിനെ തടഞ്ഞുനിർത്തും. വെള്ളപ്പൊക്കം ഇല്ലാതാക്കാൻ ഈ വെള്ളം ഒഴുക്കിക്കളയേണ്ടിവരും.

അതിനാൽ ഇത്തരം പ്രദേശങ്ങളിൽ പാതയുടെ ഇരുഭാഗത്തുമായി നീണ്ട കനാലുകൾ കുഴിക്കേണ്ടിവരും.
530 കിലോമീറ്ററാണ് സിൽവർ ലൈനിന്റെ ആകെ ദൂരം. ഇത്രയും നീളത്തിൽ പാത നിർമിക്കുന്നതിന് വൻതോതിൽ കല്ലും മണ്ണും ആവശ്യമാണ്. ഇതെല്ലാം എവിടെനിന്ന് ലഭിക്കുമെന്നത് തുടക്കംമുതലേ ഉയരുന്ന ചോദ്യമാണ്. ഡി.പി.ആറിലും ഇതിന് ഉത്തരമില്ല.
പാതയുടെ 60 ലേറെ ശതമാനവും ഉയർന്ന തിട്ടയിലൂടെയാവും യാത്ര. ചിലസ്ഥലങ്ങളിൽ ഈ തിട്ടയുടെ ഉയരം എട്ടുമീറ്ററാണ്. എന്നാൽ പരിസ്ഥിതിദുർബല പ്രദേശങ്ങളിൽ ഇത് രണ്ടുമീറ്ററായിരിക്കും. ഈ തിട്ടമൂലമുണ്ടാവുന്ന സമ്മർദം മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇതു മുൻകൂട്ടി കണ്ടു വേണം നിർമാണമെന്നും റിപ്പോർട്ട് ശുപാർശചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.