2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

സി.ബി.ഐ അന്വേഷണം രാഷ്ട്രീയക്കൊലകൾക്ക് അന്ത്യം കുറിക്കുമോ ?


പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ പൊതുഖജനാവിൽ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങളാണ്. ഹൈക്കോടതിയിൽ 88 ലക്ഷവും സുപ്രിംകോടതിയിൽ വേറെയും ചെലവഴിച്ചു. അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അടിക്കടി മാറ്റിയപ്പോൾ തന്നെ കേസന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. പാർട്ടി പറഞ്ഞാൽ ആരെയും വകവരുത്താൻ തയാറായിനിൽക്കുന്ന അനുയായിവൃന്ദത്തിനും അവരെ കേസിൽ നിന്ന് രക്ഷിക്കാൻ തയാറാകുന്ന ഡമ്മി പ്രതികൾക്കുമുള്ള മറുപടിയാണ് പെരിയ കേസിൽ സി.ബി.ഐയുടെ അറസ്റ്റ്. ഒന്നാംപ്രതിയായ എ. പീതാംബരന്റെ ഭാര്യ ഈ യാഥാർഥ്യം വിളിച്ചുപറഞ്ഞതാണ്. കൊലപാതകം നടന്നതിന്റെ പിറ്റേദിവസം, പാർട്ടി പറഞ്ഞിട്ടാണ് തന്റെ ഭർത്താവ് കൊലപാതകം നടത്തിയതെന്ന് അവർ തുറന്നുപറയുകയുണ്ടായി.
മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ അഞ്ചുപേർകൂടി സി.ബി.ഐയുടെ പ്രതിപ്പട്ടികയിൽ വരുമ്പോൾ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും അരങ്ങേറുന്നത് എന്നല്ലേ മനസിലാക്കേണ്ടത്. സി.പി.എം സംസ്ഥാന കമ്മിറ്റി രാഷ്ട്രീയ കൊലപാതകങ്ങൾക്കും സംഘർഷങ്ങൾക്കും എതിരായ തീരുമാനമെടുത്തിട്ടും കൊലപാതകങ്ങൾ അരങ്ങേറുന്നത് എന്തുകൊണ്ടാണ് ? സി.പി.എമ്മിന്റെ എക്കാലത്തെയും രാഷ്ട്രീയ എതിരാളികളായ ബി.ജെ.പിയും കൊലപാതക രാഷ്ട്രീയത്തിൽ വ്യത്യസ്തരല്ല. കോൺഗ്രസും മുസ് ലിം ലീഗും കൊടുവാൾ രാഷ്ട്രീയത്തിൻ്റെ ഭാഗമാകാതിരുന്നിട്ടും അവരും ഇടയ്ക്കിടെ രാഷ്ട്രീയ പ്രതിയോഗികളുടെ കൊലക്കത്തിക്കിരയാകുന്നു.

കൃപേഷും ശരത് ലാലും നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഇരുവരും ഓലമേഞ്ഞ കുടിൽ ഓടിടുന്നത് സ്വപ്നം കണ്ടവരായിരുന്നു. എല്ലാ സ്വപ്നങ്ങളും 2019 ഫെബ്രുവരി 17ന് രാത്രി ഏതാനും സി.പി.എം പ്രവർത്തകരുടെ കൊലക്കത്തിയിൽ അമർന്നു. നീതിയുക്തമായ അന്വേഷണത്തിനായി കൊല്ലപ്പെട്ട കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും രക്ഷിതാക്കൾ സർക്കാരിനെ സമീപിച്ചെങ്കിലും അവഗണനയായിരുന്നു മറുപടി. രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അവരെ തോൽപ്പിക്കാൻ ഡൽഹിയിൽ നിന്ന് പ്രഗത്ഭരായ അഭിഭാഷകരെ സർക്കാർ കൊണ്ടുവരികയും ചെയ്തു. സർക്കാർ അറിവോടെയാണ് പെരിയ ഇരട്ടക്കൊല നടന്നതെന്ന് ഇതിലൂടെ പരസ്യപ്പെടുത്തുകയായിരുന്നില്ലേ. നീതിയുക്തമായ അന്വേഷണത്തിനുവേണ്ടിയുള്ള കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും മാതാപിതാക്കളുടെ അപേക്ഷ അവഗണിക്കുക, നീതികിട്ടാനായി അവർ കോടതിയിൽ പോകുമ്പോൾ തോൽപിക്കാൻ മണിക്കൂറുകൾക്ക് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന സുപ്രിംകോടതിയിലെ അഭിഭാഷകരെ കൊണ്ടുവരിക- ഇതിൽ നിന്നൊക്കെ സാധാരണക്കാരൻ എന്താണ് മനസിലാക്കേണ്ടത്.

സാധാരണക്കാരന്റെ നികുതിപ്പണമെടുത്താണ് സർക്കാർ പാർട്ടി കൊലപാതകികളെ രക്ഷിക്കാൻ തുനിഞ്ഞത്. കൊലപാതകത്തിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ച് നല്ലരീതിയിലാണ് മുമ്പോട്ടുകൊണ്ടുപോകുന്നതെന്നും പതിനഞ്ചോളം പ്രതികൾ അറസ്റ്റിലായിട്ടുണ്ടെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്. ക്രൈംബ്രാഞ്ച് ചോദ്യംചെയ്യാൻ പോലും വിളിപ്പിക്കാതിരുന്ന അഞ്ചുപേരെയാണ് കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. വ്യാഴാഴ്‌ച മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ അടക്കം അഞ്ചുപേരെക്കൂടി സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൊലപാതകത്തിൽ പാർട്ടിക്കും സർക്കാരിനും പങ്കുള്ളതിനാലാണ് സി.ബി.ഐ അന്വേഷണത്തെ സർക്കാർ ഭയക്കുന്നതെന്ന് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു. അത് സത്യമായിരുന്നു എന്നല്ലേ സി.ബി.ഐയുടെ അറസ്റ്റിലൂടെ വ്യക്തമാകുന്നത്. പാർട്ടി പ്രവർത്തകരും ജനപ്രതിനിധികളും പ്രതികളായ ഇരട്ടക്കൊലക്കേസിൽ ഏതുവിധേനയും പ്രതികളെ രക്ഷിക്കുകയെന്നത് ഇടതുമുന്നണി സർക്കാരിന് നേതൃത്വം നൽകുന്ന സി.പി.എമ്മിന്റെ ആവശ്യമായിരുന്നു. അതിനുവേണ്ടി പൊതുഖജനാവിൽ നിന്ന് സാധാരണക്കാരന്റെ നികുതിപ്പണമെടുത്ത് അഭിഭാഷകർക്ക് നൽകിയത് എങ്ങനെയാണ് ന്യായീകരിക്കാനാവുക.

ഹൈക്കോടതിയിൽ സുപ്രിംകോടതിയിലെ പ്രഗത്ഭരായ അഭിഭാഷകർ വന്ന് വാദിച്ചിട്ടും ലോക്കൽ പൊലിസിന്റെ അന്വേഷണം ശരിയായദിശയിലാണ് നീങ്ങുന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാരിനായില്ല. സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനുപിന്നാലെ ലക്ഷങ്ങൾ ചെലവാക്കിയുള്ള ഓട്ടം അവസാനിപ്പിച്ചിരുന്നെങ്കിൽ സർക്കാർ നിലപാടിനെ വിശ്വാസത്തിലെടുക്കാമായിരുന്നു. എന്നാൽ, ഹൈക്കോടതി വിധിക്കെതിരേ സർക്കാർ സുപ്രിംകോടതിയിൽ പോയപ്പോൾ സർക്കാർ നിലപാട് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു. സർക്കാർ സി.ബി.ഐ അന്വേഷണത്തെ എന്തുകൊണ്ട് ഭയപ്പെടുന്നുവെന്ന് പൊതുസമൂഹത്തിന് ബോധ്യമായി.

പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷണത്തിലൂടെ ഉന്നത നേതാക്കളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും അതെത്രത്തോളം യാഥാർഥ്യമാകുമെന്ന് കണ്ടറിയണം. ടി.പി ചന്ദ്രശേഖരൻ വധക്കേസും സി.പി.എമ്മിന്റെ ഉന്നത നേതാക്കളിലെത്തുമെന്ന് യു.ഡി.എഫ് ഭരണത്തിൽ പ്രതീക്ഷിക്കപ്പെട്ടെങ്കിലും അന്വേഷണം കുഞ്ഞനന്തനിൽ അവസാനിക്കുകയായിരുന്നു. ഗൂഢാലോചന നടത്തിയ ഉന്നതരെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കെ.കെ രമയുടെ ആവശ്യം ഇപ്പോൾ കോടതിയിലാണ്. സി.പി.എമ്മിന്റെ ശക്തിദുർഗമെന്നറിയപ്പെട്ടിരുന്ന മുടക്കോഴിയിൽ വരെ കേരള പൊലിസെത്തി ടി.പി വധക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും യഥാർഥ പ്രതികൾ ഇപ്പോഴും മറയ്ക്കുപിന്നിലാണ്.

ഗൂഢാലോചന നടത്തുകയും അത് പ്രാവർത്തികമാക്കാൻ താഴേത്തട്ടിലേക്ക് നിർദേശം നൽകുകയും ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ കൈകളിൽ വിലങ്ങ് വീഴാത്തിടത്തോളം സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കാൻ പോകുന്നില്ല. കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതുപോലെ പ്രതികളുടെ കൈയിൽ കൊടുവാൾ കൊടുത്തയച്ചവരിലേക്കും പെരിയ കേസിൽ അന്വേഷണം എത്തുകയാണെങ്കിൽ അന്നുതീരും സംസ്ഥാനത്ത് ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.