തൊടുപുഴ: ഓണച്ചെലവിന്റെ പേരില്‍ ഏലത്തോട്ടങ്ങളില്‍ അനധികൃത പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കുമളി റേഞ്ച് പുളിയന്മല സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ചെറിയാന്‍ വി. ചെറിയാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എ. രാജു എന്നിവരെയാണ് വനം മന്ത്രിയുടെ നിര്‍ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫിന്റെ പ്രാഥമികാന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, നെടുങ്കണ്ടം, കുമളി, പുളിയന്മല, വണ്ടന്മേട്, കമ്പംമെട്ട് പരിധിയില്‍പ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പണപ്പിരിവ് നടത്തിയത്. പണം നല്‍കിയില്ലെങ്കില്‍ കുത്തകപ്പാട്ടം റദ്ദാക്കുമെന്നായിരുന്നു ഭീഷണി. ഇതു സംബന്ധിച്ച് വണ്ടന്മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഷൈന്‍ വര്‍ഗീസ് മുഖ്യ വനപാലകന് 14ന് പരാതി നല്‍കിയിരുന്നു.
ഇന്നലെ ദൃശ്യമാധ്യമങ്ങളിലൂടെ വനപാലകര്‍ പണം വാങ്ങുന്നതിന്റെ സി.സി.ടി.വി വിഡിയോ അടക്കം പുറത്തുവന്നിരുന്നു. കട്ടപ്പനയ്ക്കടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ടമുടമയുടെ വീട്ടിലെത്തി പണം വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തിരിച്ചറിയാതിരിക്കാന്‍ മഫ്തിയില്‍ ടാക്‌സി വാഹനങ്ങളിലെത്തിയായിരുന്നു പണപ്പിരിവ്. തോട്ടത്തിന്റെ വലിപ്പത്തിനുസരിച്ച് 1,000 മുതല്‍ 10,000 രൂപ വരെയാണ് വാങ്ങിയത്. വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പണപ്പിരിവെന്നും ആക്ഷേപം ശക്തമാണ്.
സംഭവം സംബന്ധിച്ച് പൊലിസ് സ്‌പെഷ്യല്‍ ബ്രാഞ്ചും വനം വകുപ്പ് വിജിലന്‍സും അന്വേഷണമാരംഭിച്ചു. ഇടുക്കി ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫി.ഒ ഷാന്റി കെ. ടോമിനാണ് അന്വേഷണച്ചുമതല. പുളിയന്മല സെക്ഷന്‍ ഓഫിസിലും കാര്‍ഡമം ഗ്രാവേഴ്‌സിന്റെ വണ്ടന്മേട് ഓഫിസിലുമെത്തി ഡി.എഫ്.ഒ തെളിവ് ശേഖരിച്ചു.
Comments are closed for this post.