2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേന്ദ്രം കർഷകർക്ക് ഉറപ്പുകൾ എഴുതി നൽകി

ന്യൂഡൽഹി
താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യത്തിൽ കേന്ദ്രം കർഷകർക്ക് ഉറപ്പുകൾ എഴുതി നൽകി. ഇതോടെ 15 മാസത്തോളം നീണ്ട കർഷകരുടെ ഐതിഹാസിക സമരത്തിന് അവസാനമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രം മുന്നോട്ടുവച്ച അനുരഞ്ജന നീക്കം പ്രകാരം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി ഉറപ്പാക്കുന്ന വിഷയം പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും.

കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച പ്രതിനിധികൾക്കൊപ്പം, കേന്ദ്ര സർക്കാർ, കാർഷിക വിദഗ്ധർ തുടങ്ങിയവരുടെ പ്രതിനിധികൾ ഉൾപ്പെട്ടതാവും കമ്മിറ്റി.
സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരേ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കും. ഇതിൽ ഹരിയാനയിലും യു.പിയിലും രജിസ്റ്റർ ചെയ്തവയും ഉൾപ്പെടും.പ്രശ്‌നപരിഹാരത്തിനായി കേന്ദ്രം മുന്നോട്ടുവച്ച നിർദേശങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കർഷക സംഘടനകൾ യോഗം ചേരും. ഇതിൽ ഉരുത്തിരിയുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാവും സമരം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. അതേസമയം, തങ്ങൾ ഉന്നയിച്ച ആറു കാര്യങ്ങളിൽ കേന്ദ്രം എന്തു തീരുമാനമെടുക്കുമെന്ന് ആശങ്കയുള്ളതായി കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി. സമരം പിൻവലിച്ചാലെ കേസുകൾ പിൻവലിക്കൂവെന്നതിനോട് യോജിപ്പില്ലെന്നാണ് കർഷകരുടെ നിലപാട്.

ഇന്നലെ ചേർന്ന കർഷക സംഘടനകളുടെ യോഗം കേന്ദ്രവുമായി ധാരണയിലെത്താൻ ചില കാര്യങ്ങളിൽകൂടി തീരുമാനം വരേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ഇലക്ട്രിസിറ്റി ഭേദഗതി ബിൽ പിൻവലിക്കുക, എയർ പൊലൂഷൻ ബില്ലിൽനിന്നു പിഴ നൽകണമെന്ന ഭാഗം എടുത്തുകളയുക, കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുക, മരിച്ചവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷക സംഘടനകൾ ഉന്നയിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.